Monday, January 2, 2012

വീട് അഥവാ കൂട് --- കടും പച്ച വര്‍ണ്ണത്തില്‍...

വീട്....ഒരു സ്വപ്ന സാക്ഷാത്കാരം...

ഒരു വീടുണ്ടാകണം എന്ന ആഗ്രഹം കലശലായത്‌ പെട്ടെന്നാണ്....അഥവാ പെട്ടെന്ന് രൂപപ്പെട്ട
സാഹചര്യ സമ്മര്‍ദ്ദമാകാം അങ്ങനെ  ഒരു തോന്നല്‍ ഉളവാക്കിയത്...അതു വരെ ജനിച്ചു വളര്‍ന്ന മണ്ണില്‍ നിന്നും, തണലും കുളിരും തഴുകി ഉറക്കിയ വീട്ടില്‍ നിന്നും പടിയിറങ്ങേണ്ടി വരും എന്ന്  ചിന്തിച്ചില്ല എന്നതായിരിക്കും സത്യം...പക്ഷെ അങ്ങനെ  വേണ്ടി വന്നു.....സ്വന്തം ഓഹരി വിറ്റു  കിട്ടിയ  ചെറിയ തുകയുമായി സ്ഥലത്തിന്  വേണ്ടിയുള്ള അന്വേഷണം...ഒടുവില്‍ സ്വന്തം നാട്ടില്‍ നിന്നും ഏറെ ദൂരെ, കാലം ചെല്ലാ മൂലയില്‍ (അമ്മയുടെ നാടന്‍ ഭാഷ) ചൊരി മണലില്‍ ഒരു  പറമ്പ്  ഏകദേശം മുപ്പത്തിയഞ്ചു സെന്റു സ്ഥലം സ്വന്തമാക്കി  (ഈ പ്രദേശത്താണ്  ജില്ലയില്‍ തന്നെ  സ്ഥലത്തിന് ഏറ്റവും വിലക്കുറവ്...) വിശാലമായ ഒരു മണല്‍ പരപ്പ്...

ഏപ്രില്‍ മാസത്തെ കടുത്ത വേനലില്‍ തണല്‍ ഒട്ടുമില്ലാത്ത പറമ്പില്‍ ചൂടേറ്റു മണ്ണ് ഉരുകി ആവി ഉയരുന്ന പ്രതീതി. തണല്‍ നല്‍കാന്‍ ആകെയുള്ളത്  പറമ്പിന്റെ മൂലയില്‍ ഒരു പറങ്കി മാവ്  മാത്രം...പിന്നെ അവിടവിടെയായി കായ ഫലം കുറഞ്ഞു കൂമ്പ് നേര്‍ത്ത കുറച്ചു കൊന്ന തെങ്ങുകളും...വളര്‍ന്ന ജീവിത പരിസരത്തിന്റെ കുളുര്‍മയില്‍ ലയിച്ചു ചേര്‍ന്ന മനസ് പുതിയ പരിസരത്തോടു ഒട്ടും ഇണങ്ങിയില്ല ‍...പിന്നെ അങ്ങിനെ പോരല്ലോ എന്ന് തോന്നി... .ആദ്യം അതിരുകളില്‍ നൂറു കണക്കിന് കവുങ്ങിന്‍ തൈകള്‍ വാങ്ങി നട്ടു...ഒട്ടു മിക്കതും ചൊരി മണലിന്റെ  കടുത്ത  ചൂട് പ്രതിരോധിക്കാനാവാതെ, വൈകാതെ കരിഞ്ഞുണങ്ങി....അതിജീവിച്ചതിനു അടുത്ത പറമ്പില്‍ നിന്നും ശേഖരിച്ച കരിയിലകളുടെ പുതയും,  വെള്ളവും വാത്സല്യവും നല്‍കി....ആഹ്ലാദത്താല്‍ പുതു നാമ്പുകള്‍ നീട്ടി അവര്‍ നന്ദി പറഞ്ഞു.......  അതോരാവേശമായി...വര്‍ഷങ്ങളോളം അനാഥമായി കിടന്നു മണ്ണിടിഞ്ഞു മൂടാറായ പറമ്പിലെ രണ്ടു കുളങ്ങളും ശുദ്ധീകരിച്ചു പുതിയ ഇനം കുള പായല്‍ ചെടികള്‍ നിക്ഷേപിച്ചു...അവ പെട്ടെന്ന് പടര്‍ന്നു കുളത്തില്‍ പച്ച പരവതാനി തീര്‍ത്തു...പിന്നീടു  ഒരു കറുവയും, ആര്യവേപ്പും  നട്ടു (രണ്ടും പ്രിയ മിത്രം ഷാജീവന്റെ സമ്മാനം) പറമ്പിന്റെ കിഴക്കും പടിഞ്ഞാറും അതിരുകളില്‍ അവര്‍ പിണങ്ങാതെ കടും ഹരിത വര്‍ണത്തില്‍ ഇലകള്‍ വീശി ചിരിച്ചു നിന്നു...മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നും മറ്റൊരു ചങ്ങാതി വാങ്ങി നല്‍കിയ സപ്പോട്ടയും പേരയും ജാംബയും പിറകേയെത്തി... പിന്നെ പല തരം നാടന്‍ മാവിന്‍ തൈകള്‍, പ്ലാവിന്‍ തൈകള്‍, പനിനീര്‍ ജാംബ,സര്‍വ്വസുഗന്ധി, സോപ്പുമരം, കണി കൊന്ന,നാരക ചെടികള്‍,  ചെന്തെങ്ങിന്‍ തൈകള്‍  അങ്ങനെ അങ്ങനെ വൃക്ഷ തൈകളുടെ ഒരു ഘോഷയാത്ര....ഇടയ്കൊരുനാള്‍ പ്രിയ കഥാകാരി മാധവികുട്ടിയുടെ ഓര്‍മ്മക്കായി നട്ടത്  ഒരു നീര്‍മാതള ചെടിയും...പറമ്പിന്റെ പല മൂലകളിലായി അവരെല്ലാം ഉത്സാഹത്തോടെ വളരാന്‍ തുടങ്ങി...ഇതിനിടെ രണ്ടു മുറിയും അടുക്കളയും ചെറിയ വരാന്തയും ഉള്ള ഒരു കുഞ്ഞു വീടിന്റെ പണി തുടങ്ങിയിരുന്നു...പലപ്പോഴായി സ്വരുക്കൂട്ടുന്ന ചെറിയ സമ്പാദ്യങ്ങള്‍ കൊണ്ട്  പഞ്ച വത്സര പദ്ധതി എന്ന പോലെ വീട് പണി ഇഴഞ്ഞു നീങ്ങി...അപ്പോഴാണ്‌  ജ്യോതിലക്ഷ്മി (സുഹുര്‍ത്ത് )  ഒരു ആശയം തന്നത്  - ഒരു കുഞ്ഞു പൂന്തോട്ടം - നിറയെ പല പല വര്‍ണത്തിലുള്ള പൂക്കള്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു സ്വാഭാവിക പൂന്തോട്ടം --- താമസിയാതെ   പൂന്തോട്ടത്തിന്റെ പണി  ആരംഭിച്ചു...
 ചെമ്പരത്തിയും ചെത്തിയും, പാരിജാതവും, മുല്ലയും പിച്ചിയും പല വീടുകളില്‍ നിന്നായി സംഘടിപ്പിച്ചു ..പുരയിടത്തിന്റെ ഒഴിഞ്ഞ മൂലയില്‍  വൃത്താകൃതിയില്‍ ഒരു കുഞ്ഞു പൂന്തോട്ടം പതുക്കെ  മുള പൊട്ടി....
വര്‍ഷങ്ങള്‍ എത്ര വേഗമാണ് ഓടി അകലുന്നത്...കൃത്യം നാല് വര്‍ഷത്തിനു ശേഷം ഒരു ഏപ്രില്‍ മാസം വീടിന്റെ പാലുകാച്ചല്‍...അടുത്ത ബന്ധുക്കളും സുഹുര്തുക്കളും അനുഗ്രഹവും ആശംസകളും നല്‍കി... പുതിയ വീട്ടില്‍ താമസവും തുടങ്ങി...രണ്ടു മാസം കടുത്ത വേനലിന്റെ ചൂടും, കൂടു മാറ്റത്തിന്റെ കനത്ത ഗൃഹാതുരത്വവും...

മൂന്നാം മാസം പുതിയ വീട്ടിലെ ആദ്യത്തെ മഴക്കാലം....ഇടവപ്പാതിയിലെ  തോരാത്ത അമൃത വര്ഷം...രണ്ടു കുളങ്ങളും ഒറ്റ രാത്രിയില്‍ നിറഞ്ഞൊഴുകി...രാവിലെ കണി കണ്ടത് കുളക്കോഴികളെയും  പിച്ച വച്ച് തുടങ്ങിയ മൂന്ന് കുഞ്ഞുങ്ങളെയും...മുറ്റത്തെ നീരൊഴുക്കില്‍ നിന്നും തള്ളകോഴി  പരല്‍ മീനുകളെ കൊത്തിയെടുത്തു കുഞ്ഞുങ്ങള്‍ക്ക്‌ കൊടുക്കുന്നു... ആറു വയസ്സുകാരന്‍ മകന്‍ ആഹ്ലാദത്തോടെ ആ കാഴ്ച കണ്ടു നിന്നു...തവളകളുടെയും ചീവീടുകളുടെയും സംഗീതത്താല്‍
രാത്രികള്‍ ശബ്ദ മുഖരിതമായി...ഋതുക്കള്‍ മാറി...മരങ്ങള്‍ പഴുത്ത ഇലകള്‍ ഉരിഞ്ഞെറിഞ്ഞു പച്ച ഇലകള്‍ വാരിയണിഞ്ഞു...ചെത്തിയും ചെമ്പരത്തിയും പിച്ചിയും,മുല്ലയും പൂ വിരിച്ചു ചിരിച്ചു നിന്നു...
ഒരു നാള്‍  ഉണര്‍ന്നത്  കുഞ്ഞു കുരുവികളുടെ കിലുകിലുക്കം കേട്ടാണ് ...അവര്‍ കുറേപ്പേര്‍ ഉണ്ടായിരുന്നു..ചുവന്ന ചെമ്പരത്തി പൂക്കളില്‍ അവര്‍ ആനന്ദ നൃത്തത്തില്‍ ആയിരുന്നു...കുഞ്ഞു കുരുവികളുടെ കൂട്ടത്തില്‍ രണ്ടു മൂന്നു നീണ്ടു വളഞ്ഞ ചുണ്ടുകളുള്ള മയില്‍ വര്‍ണ്ണ കുരുവികള്‍...

വീണ്ടും വന്നണഞ്ഞ വേനലില്‍, കണിക്കൊന്ന പൊന്നു വാരിയണിഞ്ഞു... സപ്പോട്ടയും, ജാംബയും, പ്ലാവും മാവും നിറയെ കായ്ച്ചു കണിയൊരുക്കി..പുതിയ വിരുന്നുകാര്‍- ഓലവാലന്‍, മഞ്ഞമൈന, അണ്ണാരക്കണ്ണന്‍, കരിങ്കുയില്‍, കുഞ്ഞിക്കുരുവികള്‍, ചിത്രശലഭങ്ങള്‍......

പുതിയ വീട്ടില്‍ കുടിയേറിയിട്ടു ഇപ്പോള്‍ പന്ത്രണ്ടു വര്‍ഷങ്ങള്‍..പുരയിടം വലിയ മരങ്ങളുടെ ചെറുവനമായി...ചോരിമണലില്‍ ആര്‍ത്തു വളരുന്നത്‌ വിവിധയിനം പ്ലാവുകള്‍ - അവയില്‍ തേന്‍ വരിക്കയും, ചുവന്ന വരിക്കയും, കൂഴയും, ഇടിയന്‍ ചക്കയും എല്ലാം പെടും...

ഇപ്പോള്‍ ഞങ്ങള്‍ അനുഭവിക്കുകയാണ് - ഞാനും ഭാര്യയും മകനും ഞങ്ങളുടെ കുഞ്ഞു വീടും, ഞങ്ങളുടെ അരുമകളായ മരങ്ങളും, ചെടികളും, ഞങ്ങളുടെ കിളികളും, ചെറു ജീവികളും....പ്രകൃതിയുടെ സമ്മോഹനമായ ശ്രുതിലയം...വേനല്‍-മഴ-മഞ്ഞ്‌ ....


     


26 comments:

 1. പ്രകൃതിയുടെ പച്ചപ്പും തണുപ്പും ഇളം കാറ്റിന്റെ തലോടലും പൂക്കളുടെ സുഗന്ധവും ഒരിക്കല്‍ കൂടി അനുഭവിക്കുന്നു ...

  ReplyDelete
 2. This comment has been removed by the author.

  ReplyDelete
 3. ഗ്രാമീണ ഭംഗി ആസ്വദിക്കാന്‍ അവസരങ്ങള്‍ ഉണ്ടായിട്ടും, ഗ്രാമങ്ങളെ അവഗണിച്ചു നഗരങ്ങളില്‍ താമസിക്കുന്നത് അഭിമാനമായി കണ്ടു ഫ്ലാറ്റില്‍ ഒതുങ്ങി മലയാള സ്വത്ത്വത്തെയും മണ്ണിനെയും മറക്കുന്നവര്‍ക്ക് താങ്കളുടെ വീടും താങ്കള്‍ നിര്‍മിച്ച പരിസരവും ഉത്തമ മാതൃകയാണ്...
  നിങ്ങളുടെ ജീവിതം എന്നും ഇങ്ങനെ പച്ചപിടിച്ചതാവട്ടെ എന്നാശംസിക്കുന്നു
  കൂടുതല്‍ കൂടുതല്‍ ഐശ്വര്യങ്ങള്‍ ഉണ്ടാവട്ടെ...

  ReplyDelete
 4. ആ തൊടിയിലെ തണല്‍വിരിപ്പിലൂടെ ഫലങ്ങള്‍ പറിച്ച് പൂക്കളെയാസ്വദിച്ച് കിളികള്‍ക്കും അണ്ണാറക്കണ്ണനുമൊപ്പം ഞാനും നടന്നതുപോലെ.. നന്നായെഴുതി.. ശരിക്കും അനുഭവേദ്യമായി ആ വീടും തൊടിയും പ്രകൃതിയും

  ReplyDelete
 5. ഭായ് ജീ ....വാഹ് !
  അജ്ഞാത വാസംകഴിജു തിരിച്ചുവന്നതില്‍ അതിയായ സന്തോഷം .
  ഇത്രനാള്‍ എവിടെയായിരുന്നു ?ഏകാന്ത ധ്യാനം ?
  എന്‍റെ കറുവയും ആര്യവേപ്പും ഉഷാറായി വളരുന്നു എന്നറിഞ്ഞതില്‍ ഏറെ സന്ദോഷം .
  ഈ പോസ്റ്റ്‌ ഒരു അത്ഭുതമല്ല .പ്രകൃതി ..പരിസ്ഥിതി ..എന്നെല്ലാം ആവേശം കൊള്ളുകയും നിരാശപ്പ്രടുകയും
  ചെയ്യുന്ന ഭായിയെ ഞങ്ങള്‍ക്ക് ഏറെ പരിചയമുണ്ട് .നേച്ചര്‍ ക്ലബ്ബ് ഉണ്ടാക്കി നാടുനീളെ വരിക്ഷത്യ്കള്‍ വിതരണം ചെയ്തതും ,
  റോഡരുകില്‍ ആര്യവേപ്പും കൊന്നയും നാട്ടു വെള്ളം കൊരിയതും ..ഞാന്‍ ഓര്‍ക്കുന്നു .അന്ന് നേച്ചര്‍ ക്ലബ്ബ് വഴി എനിക്ക് കിട്ടിയ
  ആ ലക്ഷദ്വീപ് മൈക്രോ തെങ്ങിന്‍ തയ് എന്‍റെ വീട്ടില്‍ കുലച്ചു നില്‍പ്പുണ്ട് .
  എങ്കിലും മരുഭൂമി പോലെ പഴുത്ത ആ മണ്ണില്‍ വേറൊരു ലോകംതീര്‍ത്ത ആ പച്ച മനസ്സിന് ആശംസകള്‍ .

  ഇനി അവിടെ ഒരു ഞാവലും കാരയും ഇലഞ്ഞിയും നടണം അവ ഒരുമിച്ചു വളര്‍ന്നുകൊള്ളും .

  പിന്നെ തങ്ങളുടെ ഇടപെടല്‍ ഒന്നുകൊണ്ടു മാത്രം ജീവന്‍ തിരിച്ചുകിട്ടിയ ആ നാഗദന്തി മരം ഇപ്പോള്‍ നമ്മുടെ പഞ്ചായത്തിനു മുന്നില്‍
  നിറയെ പൂത് കാച്ചു ..എല്ലാവര്ക്കും കവുതുകമായി ..ആഹ്ലാദത്തോടെ ഗാംഭീര്യത്തോടെ തല ഉയര്‍ത്തി നില്‍ക്കുന്നുണ്ട്
  നന്ദി .

  ReplyDelete
 6. This comment has been removed by a blog administrator.

  ReplyDelete
 7. ഇത് ഒന്നും ചുമ്മാ ഉണ്ടായതു അല്ലല്ലോ...

  കഠിന പ്രയത്നവും മനസ്സിന്റെ ശക്തിയും...

  നമിക്കുന്നു ഈ മനസ്സിനെ....മരു ഭൂമി

  എന്ന് തോന്നിയത് ആണ്‌..വെള്ളം ഉണ്ടായതു ഭാഗ്യം അല്ലെ?

  ഈ പോസ്റ്റ്‌ മനസ്സ് കുളിര്പിച്ചു..

  പുതു വത്സര ആശംസകള്‍..വീണ്ടും

  വിശേഷങ്ങള്‍ എഴുതണേ....

  ReplyDelete
 8. സംതൃപ്തമായ ജീവിതത്തിനു പ്രകൃതിയോടിണങ്ങിക്കഴിയണം.മനസ്സിലെ സ്വപനസൌധം ഭൂമിയില്‍ പണിതീര്‍ക്കാന്‍ ഭാഗ്യം ചെയ്ത താങ്കള്‍ ഭാഗ്യവാനാണ്.

  ReplyDelete
 9. രമേശ്‌, artof വേവ്, ഇലഞ്ഞിപ്പൂക്കള്‍, എന്റെ ലോകം, മുനീര്‍,അഭിപ്രായങ്ങള്‍ക് നന്ദി...
  ഇത് അലങ്കാരങ്ങളില്ലാത്ത ജീവിത കഥയാണ്‌...
  മനുഷ്യ മനസ്സില്‍ ഒരു പച്ചപ്പ്‌ ഉണ്ടായേ തീരു...
  അല്ലെങ്കില്‍ ജീവിതം മരുഭൂമിയാകും,,,വീട് നമ്മുടേത്‌ മാത്രമാകരുത്,,,അത് സകല ചാരാ ചരങ്ങളുടെതുമാകണം.

  മാനതുകണ്ണി...പ്രത്യേകം നന്ദി...പഴയതെല്ലാം ഓര്‍മയില്‍ എത്തിച്ചതിന്...

  ReplyDelete
 10. സൌഭാഗ്യം ചെയ്ത കുടുംബം..
  തീർച്ചയായും പ്രകൃതിയുടെ സമ്മോഹനമായ ഒരു ശ്രുതിലയം...!

  ReplyDelete
 11. സുരേഷ്, മുരളി...
  നന്ദി...

  ReplyDelete
 12. ഒരു അഗ്രിഗ്രേട്ടരിലും ലിസ്റ്റ് ചെയ്യാതെയും ഇത്രയും വിസിടുകളും, കമന്റുകളും, ഫോളോവേഴ്സും കിട്ടുന്നുണ്ടെങ്കില്‍ അതിനു കാരണം പ്രദീപ്‌ ചേട്ടന്റെ എഴുത്തിന്റെ ശക്തി ഒന്ന് മാത്രം ആണ്! എല്ലാ പോസ്റ്റുകളും ഗംഭീരം! :)

  ReplyDelete
 13. താങ്കളുടെ എഴുത്തും വീട്ടിലേക്കുള്ള മണല്‍പാതയും എന്നെ ഒരുനിമിഷം എന്റെ പ്രിയ നാട്ടിലേക്ക് കൊണ്ടുപോയി.

  ReplyDelete
 14. സപ്പോട്ടയും, ജാംബയും, പ്ലാവും മാവും നിറയെ കായ്ച്ചു കണിയൊരുക്കി..പുതിയ വിരുന്നുകാര്‍- ഓലവാലന്‍, മഞ്ഞമൈന, അണ്ണാരക്കണ്ണന്‍, കരിങ്കുയില്‍, കുഞ്ഞിക്കുരുവികള്‍, ചിത്രശലഭങ്ങള്‍......

  നല്ല അവതരണം...
  കൂടുതല്‍ എഴുതുക...
  ആശംസകള്‍....

  ReplyDelete
 15. valare nannayi paranju..... aashamsakal...........

  ReplyDelete
 16. സേതുലക്ഷ്മി
  ഗ്രാമങ്ങളുടെ വിശുദ്ധിയും മനുഷ്യ സംസ്കാരവും ചേര്‍ത്ത് വായിക്കപ്പെടെണ്ടാതാണ്...നമുക്ക് ഗ്രാമങ്ങള്‍ തിരിച്ചുപിടിക്കാം...
  ആശംസകള്‍ക്ക് നന്ദി...മൊഹി
  നന്ദി..ജയരാജ്

  ReplyDelete
 17. സമാ‍ന സാഹചര്യത്തിൽ നിൽക്കുന്നത് കൊണ്ട് ഏറെ ഇഷ്ടപ്പെട്ടു പോസ്റ്റ്.

  ReplyDelete
 18. കുമാരന്‍,
  നന്ദി...

  ReplyDelete
 19. ഒരു തിളക്കം മനസ്സിനു. എന്റെ കവിത ഒന്നു വായിക്കൂ.....

  ReplyDelete
 20. ആർക്കും യഥാർത്ഥ്യമാക്കാവുന്ന ഗ്രീൻഹൌസ്..ഹരിതാഭമായ പോസ്റ്റ്.

  ReplyDelete
 21. അരുണ്‍ , ബെന്ചാലി സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി..
  സ്നേഹപൂര്‍വ്വം...

  ReplyDelete
 22. ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന അന്തരീക്ഷം ...ആ ചെടികളുടെയും മരങ്ങളുടെയും ഒക്കെ ഇടയില്‍ ഞാന്‍ ഓടി നടന്നതുപോലെ ...ശെരിക്കും ഇഷ്ടായി ട്ടോ ..!!
  ..

  ReplyDelete
 23. തീര്‍ച്ചയായും പ്രചോതിപ്പിക്കുന്ന പോസ്റ്റ്‌...

  ReplyDelete
 24. ഇത് വായിച്ച് നിറഞ്ഞ ആഹ്ലാദത്തോടെ......

  ReplyDelete

നിങ്ങളുടെ പ്രതികരണങ്ങളാണ് എന്റെ ശക്തിയും പ്രോത്സാഹനവും ..
എന്തും തുറന്നു പറയാം