Monday, November 29, 2010

ബാലകാണ്ഡം....

ബാലകാണ്ഡം....

നാല്  ദശാബ്ദങ്ങള്‍ക് പിന്നിലേക്ക്‌ തിരിഞ്ഞു നോക്കുമ്പോള്‍ ഓര്‍മയില്‍ പളുങ്ക് മണികള്‍ പോലെ തെളിയുന്ന ഒരു ചിത്രം കടത്തു വള്ളത്തില്‍ ആഹ്ലാദത്തോടെ യാത്ര ചെയ്യുന്ന ഒരു ബാലന്റെതാണ് ...എട്ടോ ഒന്‍പതോ വയസുകാരന്‍.. വെള്ളിയാഴ്ച വൈകുന്നേരമാകാന്‍ കൊതിയോടെ കാത്തിരുന്നു വീടിലെത്തി പുത്തന്‍ ഉടുപ്പ് ധരിച്ചു ആവേശത്തോടെ അച്ഛന്‍ വീട്ടിലേക്കുള്ള  ആ യാത്ര...രണ്ടു  ദിവസത്തെ മനം കുളിര്‍പിക്കുന്ന അവധി ദിവസങ്ങള്‍...അസ്തമയ സൂര്യന്‍ വര്‍ണങ്ങള്‍ ചാലിച്ചെഴുതിയ നിശബ്ദമായ കായലിലൂടെ കടത്തു തോണി പതുക്കെ ഒഴുകി മുന്നേറുന്നു....തോനിക്കാരന്റെ തുഴയെറിയലില്‍ പരിഭ്രമിച്ചു കുഞ്ഞുമല്സ്യങ്ങള്‍ ചിലത് മേലോട്ട് ചാടുന്നു...ചിലത് വള്ളത്തില്‍  വീണു പിടയ്കുന്നു....അക്കരെയെത്താന്‍  അര മണിക്കൂറോളം....കായല്‍ കാഴ്ചകള്‍ കണ്ടു കണ്ടു...ഒരു സ്വപ്ന ജീവിയായി  മാറുകയായിരുന്നു...

Saturday, November 27, 2010

parayan marannathu/പറയാന്‍ മറന്നത്....                                                                     പറയാന്‍ മറന്നത്....


എവിടെയാണ് എന്റെ അന്വേഷണങ്ങള്‍ തുടങ്ങിയത്...ക്ലാസ്സ്‌ മുറികളിലെ വിരസമായ പകലുകള്‍ അവസാനിക്കുമ്പോള്‍ ഒറ്റയ്ക്ക് നടന്നു പോകുന്നത് ആ കായലരികത്തെക്കാന് ........അസ്തമയ സൂര്യന്റെ ചുവന്ന രശ്മികള്‍ വീണ ഓളങ്ങള്‍ നല്‍കുന്ന വര്‍ണക്കാഴ്ചകള്‍ നോക്കി എത്ര നേരം....ആകാശത്തിന്റെ അനന്തതയില്‍ വാരിയെറിഞ്ഞ പൂമാല പോലെ പറന്നു പോകുന്ന പറവകള്‍ അതിശയിപ്പിക്കുന്ന കാഴ്ചയായി ആദ്യം കാണുന്നത് ഈ കായല്‍ തീരത്ത് നിന്നാണ് ---കൊതുമ്പു വള്ളത്തില്‍  തുഴയെറിഞ്ഞ് പാഞ്ഞു പോകുന്നയാള്‍ വിസ്മയപ്പെടുത്തിയതും ഇതേ തീരത്ത് വച്ചാണ്....കായലുകള്‍ അതിരിടുന്ന ഒരു ഗ്രാമത്തിലെ  ബാല്യം,കൌമാരം,യൌവ്വനം....ഓര്‍മകളുടെ കൊച്ചോ ളങ്ങളുടെ  നനുത്ത തിരയടികള്‍ ഇപ്പോഴും പാദങ്ങളെ ഇക്കിളിപെടുതുന്നു.........കിഴക്ക് കൈതപ്പുഴ കായല്‍....പടിഞ്ഞാറു കുമ്പളങ്ങി കായല്‍...(ഈ കായലിനു തെക്ക് വെളുത്തുള്ളിക്കായാല്‍ എന്നും വടക്ക് ഇടകൊച്ചി കായല്‍ എന്നുമാണ് വിളിപ്പേര്....)വടക്ക് ഭാഗത്തും പുഴ...ഇവിടെ മരുകരയെ ഗ്രാമവുമായി ബന്ധിപ്പിക്കുന്ന പാലം (ഗ്രാമത്തെ നഗരവുമായി വലിച്ചടുപ്പിക്കുന്ന പാലം.......പാലത്തില്‍ നിന്ന് നോക്കിയാല്‍ രണ്ടു കായലും ഒന്നായി അറബി കടലിലേക്ക്‌ ഒഴുകുന്ന മനോഹരമായ കാഴ്ച....കായലിനപ്പുറം കുമ്പളങ്ങി എന്നാ കൊച്ചു ദ്വീപും.... ഗ്രാമത്തിന്റെ സന്തോഷവും സങ്കടവും കായലുകള്‍ ഒപ്പിയെടുക്കുന്നു.....

Friday, November 26, 2010

കൈതപ്പുഴയുടെ തീരങ്ങളില്‍

കൈതപ്പുഴയുടെ തീരങ്ങളില്‍
"ജനതതികളുടെ ജനന മരണങ്ങള്‍ കണ്ടു ഞാന്‍ ...
അതിജീവനങ്ങളില്‍ കനിവിന്റെ ഉറവയായ് ...
ജീവന്റെ അമൃതമായ്‌ ജീവിതത്തിന്റെ ഉപ്പായ്‌
ഒഴുകുന്നു ഞാന്‍ കൈതപ്പുഴ; കാലപ്രവാഹിനി ! "

പ്രിയ ബൂലോക സുഹൃത്തുക്കളെ ;
ഞാന്‍ പ്രദീപ്‌കുമാര്‍ ...
.അനേക ശതം തലമുറകളുടെ.....
അനന്യ സുന്ദരമായ ഗ്രാമ ഭൂമികളുടെ....
അമൃത ചൈതന്യമായ കൈതപ്പുഴയുടെ
തീരത്തെ അരൂര്‍ ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന
ഒരു സാധാരണക്കാരന്‍ ..പ്രകൃതി സ്നേഹി !
എന്റെ ജന്മവും  ജീവിതവും
ബാല്യ കൌമാരങ്ങളും തഴച്ചു വളര്‍ന്നത്‌
കൈതപ്പുഴയുടെ കാറ്റേറ്റാണ്  ..
മനുഷ്യരും ചരാചരങ്ങളും
ഉച്ചനീചത്വങ്ങളില്ലാതെ ഒരുമിക്കുന്ന  
അനശ്വര ജീവിത ത്തെപ്പറ്റിയുള്ള
എന്റെ മനോഹര സ്വപ്‌നങ്ങള്‍ 
വിടര്‍ന്നു വന്നത് കൈതപ്പുഴയുടെ 
ഈ മനോഹര തീരങ്ങളിലാണ് ..
 അന്തമില്ലാത്ത മനുഷ്യ ദുരകള്‍ക്ക് കീഴടങ്ങി 
ദുരന്തങ്ങളിലേക്ക്‌ കറങ്ങുന്ന  
നമ്മുടെ മനോഹര ഭൂമിയെ  പോലെ
ഈ പുഴയും  
ഇന്ന് മരണത്തിലേക്കാണ് ഒഴുകുന്നത്‌ 
കാലം
പ്രകൃതിയുടെയും എന്റെയും നിങ്ങളുടെയും
വരാനിരിക്കുന്ന തലമുറകളുടെയും
വിധിപുസ്തകം തുറന്നു വച്ചിരിക്കുകയാണ്  
എന്റെ വാക്കുകള്‍ തീക്കനലുകള്‍
വിഴുങ്ങുന്ന കാലം വിദൂരമല്ല 
നിങ്ങളുടെയും ....
 അതിനു മുന്‍പ് ...ഞാന്‍ വെറുതെ
എന്നെ അടയാളപ്പെടുത്തുന്നു ..
വെറുതെ ....