Saturday, January 29, 2011

അച്ഛമ്മയുടെ ആരോഗ്യ ശാസ്ത്രം...


ച്ഛന്റെ അമ്മയെ ഞങ്ങള്‍ മറ്റേമ്മ എന്നാണ് വിളിച്ചിരുന്നത്‌....കുടുംബത്തിലെ മുതിര്‍ന്ന കുട്ടിയായ ഞാനുള്‍പ്പെടെ പതിനേഴോളം   കുട്ടികള്‍ക്ക് അച്ഛമ്മ മറ്റേമ്മയായിരുന്നു...(പെറ്റമ്മ കൂടാതെ മറ്റൊരമ്മ എന്ന അര്‍ത്ഥത്തിലാവം അങ്ങനെ വിളിച്ചു ശീലിച്ചത്)... അച്ഛമ്മയ്ക് ആറു മക്കള്‍ - മൂന്ന് ആണും മൂന്ന് പെണ്ണും...അതില്‍ മൂത്ത മകന്റെ മൂത്ത പുത്രനായ എന്നോട് അതിരറ്റ വാത്സല്യം മരണം വരെ അച്ചമ്മയ്കുണ്ടായിരുന്നു....പതിനാല്  വര്‍ഷങ്ങള്‍ക് മുന്‍പ്   രാവും പകലും തോരാത്ത മഴ പെയ്ത ഒരു കര്‍ക്കിടകത്തിലെ ഞാറ്റുവേല ദിവസം അച്ഛമ്മ മരിക്കുമ്പോള്‍ തൊണ്ണൂറ്റി മൂന്ന് വയസ്സായിരുന്നു....

വെള്ള പുതച്ചു കോലായില്‍ കിടത്തിയ അച്ചമ്മയ്കരികില്‍ കുമാരന്‍ സഖാവിന്റെ രാമായണം വായനക്ക് കാതോര്‍ത്തു പുലരും വരെ ഞാന്‍ ഉറക്കമിളച്ചിരുന്നു....അര്‍ദ്ധ രാത്രിയില്‍ വീശിയടിച്ച ചുഴലി കാറ്റില്‍ വീടിന്റെ ഉമ്മറത്ത്‌ നിന്നിരുന്ന കൂറ്റന്‍ ചെമ്പക മരവും ഉയരം കൂടിയ നാട്ടുമാവും ഒടിഞ്ഞു വീഴുന്നത് കണ്ടു ഞാന്‍ വല്ലാതെ ഭയപ്പെട്ടു... ഒപ്പം നടുങ്ങിപ്പോകുന്ന ഇടിയും മിന്നലും .....ഭാവഭേദമൊന്നുമില്ലാതെ  അപ്പോഴും കുമാരന്‍ സഖാവ്  രാമായണം വായന തുടര്‍ന്ന് കൊണ്ടിരുന്നു...(നാട്ടിലെ ആദ്യകാല കമ്മുനിസ്ടുകാരായ ആറു പേരില്‍ ഒരാളായിരുന്നു കുമാരന്‍ സഖാവ് -- ഇപ്പോള്‍ കറ തീര്‍ന്ന ഈശ്വര വിശ്വാസി - കാവി മുണ്ടും ജുബ്ബയും സ്ഥിരം വേഷം...)

തൊണ്ണൂറ്റി മൂന്ന് വയസില്‍ മരിക്കുന്നതിനുതൊട്ടു മുന്‍പ്  ഒരു മാസം കട്ടിലില്‍ കിടന്നതൊഴിച്ചാല്‍ അസുഖമായി അച്ഛമ്മ കിടക്കയില്‍ വീണത്‌  ഞങ്ങളാരും കണ്ടിട്ടില്ല...പൂര്‍ണ ആരോഗ്യവതിയായി നവതിയും പൂര്‍ത്തീകരിച്ച അച്ഛമ്മയുടെ ജീവിത ചര്യകള്‍ അപ്പോള്‍ എന്റെ മനസ്സിലൂടെ കടന്നു പോയി......

വെളുപ്പിന് കൃത്യം നാല് മണിക്കെഴുനെല്‍ക്കുന്നു....ചെറു ചൂട് വെള്ളത്തില്‍ കുളിച്ചു  നാല്  കിലോ മീറ്റര്‍ ചുറ്റളവിലുള്ള നാലോളം അമ്പലങ്ങളില്‍ ദര്‍ശനം...തിരിച്ചെത്തി രാവിലെ ഏഴു മണിക്ക്  ചൂട് കഞ്ഞിയും ചമ്മന്തിയും...പത്തുമണിക്ക് പഞ്ചസാര തൂവിയ  ചെറിയ രണ്ടു കഷ്ണം ചൂട് പുട്ടും ചായയും...ചായയില്‍ പഞ്ചസാര കാര്യമായി കലക്കിയില്ലെങ്കില്‍ ആള്‍ പിണങ്ങും....പഞ്ചസാര കുറുക്കി  കൊടുത്താല്‍ ബഹു സന്തോഷം...

ദിവസവും രണ്ടു നേരം കുളിച്ചു വസ്ത്രം മാറണം....കുളിക്കാന്‍ മണമുള്ള സോപ്പും ഇഞ്ചയും നിര്‍ബന്ധം...ഉച്ചയ്ക്ക് ഊണിനു കറി വേണമെന്ന വാശിയില്ല...ചോറിനുള്ളില്‍ കുറെ ഏറെ  വെളിച്ചെണ്ണ ഉപ്പു ചേര്‍ത്ത് തിരുമ്മിയും കഴിക്കാനിഷ്ടമാണ്......കുളിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും പച്ച വെളിച്ചെണ്ണ ധാരാളമായി ഉപയോഗിച്ചിരുന്നു    ..
തണുത്ത ഭക്ഷണം അച്ഛമ്മ  പാടേ ഒഴിവാക്കി-അമിതാഹാരവും.  
ശരീരത്തില്‍ സുഗന്ധ ദ്രവ്യവും  ചന്ദനവും പൂശി വെളുത്ത സെറ്റ് നേര്യതും ധരിച്ചു കുട്ടികളോട് കളി തമാശുകള്‍ പറഞ്ഞു നടന്ന അച്ഛമ്മ എന്നും ആഹ്ലാദം നല്‍കുന്ന അനുഭവമായിരുന്നു...

നേരം പുലര്‍ന്നു അരൂരിലെ പൊതു ശ്മശാനത്തില്‍ അന്ത്യ കര്‍മങ്ങള്‍ ചെയ്യുമ്പോള്‍ അച്ഛമ്മയുടെ വായില്‍ ഞാന്‍ നേദിച്ച വായ്കരി വല്ലാതെ തണുത്തുറഞ്ഞിരുന്നു !!  ജീവനുണ്ടായിരുന്നെങ്കില്‍ അച്ഛമ്മ അത് പുറത്തേക്കു തുപ്പിക്കളയുമായിരുന്നു !!.
ഞാന്‍ ഗദ്ഗദത്തോടെ നിശ്ശബ്ദമായി അച്ഛമ്മയോട്‌  മാപ്പ് ചോദിച്ചു...

Friday, January 21, 2011

ഗൌരിയമ്മ ഒരോര്മ്മചിത്രം...

ഗൌരിയമ്മ ഒരോര്മ്മചിത്രം...
'വിപ്ലവത്തിന്‍ വീരപുത്രി  കെ ആര്‍  ഗൌരി സിന്ദാബാദ്‌...." രാഷ്ട്രീയം തിരിച്ചറിഞ്ഞു തുടങ്ങുമ്പോള്‍ ഞങ്ങള്‍ മനസ്സില്‍ കോറിയിട്ട അന്നത്തെ ഒരു ജനകീയ മുദ്രാവാക്യമാണ് മുകളില്‍ എഴുതിയത്... എന്പതുകളുടെ തുടക്കത്തില്‍ ഒരിക്കല്‍ ഞങ്ങളുടെ കൊച്ചു പാര്‍ട്ടി ഓഫീസിന്റെ മൂട്ടകള്‍ സ്ഥിര താമസമാക്കിയ ചൂരല്‍ കസേരയില്‍ ഇരുന്നു ദേശാഭിമാനി പത്രം വായിക്കുമ്പോള്‍ പെട്ടെന്ന് അകത്തേക്ക് വന്ന ആളെ കണ്ടു അത്ഭുത ആദരങ്ങളോടെ എഴുന്നേറ്റു....കറുത്ത കട്ടി ഫ്രൈമുള്ള കണ്ണടയും   ഇസ്തിരിയിട്ട്  സുന്ദരമാക്കിയ വെള്ള കോട്ടന്‍ സാരിയും ചുവന്ന ബ്ലൌസും ധരിച്ചു സാക്ഷാല്‍ ഗൌരിയമ്മ...കൂടെ അന്നത്തെ കൊടിമൂത്ത കമ്മുണിസ്റ്റുകാരായ രാഹേല്‍ കൊച്ചമ്മയും ടി എ കൃഷ്ണനും...കമ്മ്യുനിസ്റ്റു എന്നാല്‍  പോലീസുകാരുടെ തല്ലുകൊള്ളാന്‍ വേണ്ടിയുള്ളവര്‍ എന്ന പൊതു ചിന്താഗതി നിലനില്‍ക്കുന്ന കാലം...കൈതപ്പുഴ കായലിനോട് ചേര്‍ന്ന് ഓടിട്ട ഒറ്റ മുറികള്‍ ചേര്‍ന്ന ഒരു പഴയ കെട്ടിടം..അതില്‍ ഒരു കുടുസ്സു മുറിയായിരുന്നു സി ഐ ടി യുവിന്റെയും സിപിഎമ്മിന്റെയും അരൂരിലെ ഒരേയൊരു ആപ്പീസ്...എന്നെയും കൂടെയുണ്ടായിരുന്ന രണ്ടു കൂട്ടുകാരെയും കണ്ടു രാഹേല്‍ കൊച്ചമ്മയോടു എല്ലാവര്ക്കും ചായ വാങ്ങി കൊടുക്കാന്‍ സഖാവിന്റെ ഓര്‍ഡര്‍....തൊട്ടടുത്ത ഹരിദാസന്റെ  ചായക്കടയില്‍ നിന്നും കൊണ്ടുവന്ന ചായയും പരിപ്പുവടയും ഞങ്ങള്‍ക്കൊപ്പമിരുന്നു ഗൌരിയമ്മയും കഴിച്ചു..."ഇവരെ കെഎസ് വൈ എഫിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെടുത്തണം" കൂടെയുണ്ടായിരുന്ന ടി എ കൃഷ്ണന് നിര്‍ദേശം കൊടുത്തുകൊണ്ട് ഞങ്ങളെ നോക്കി ഗൌരിയമ്മ പറഞ്ഞു...."നിങ്ങളെ പോലുള്ള ചെറുപ്പക്കാരിലാണ്   ഇനി ഈ പ്രസ്ഥാനത്തിന്റെ പ്രതീക്ഷ....." 
കാലം അശ്വവേഗത്തില്‍ പാഞ്ഞുകൊണ്ടിരുന്നു...കൈതപ്പുഴ കായലിലൂടെ ജലം പ്രളയം പോലെ പാഞ്ഞൊഴുകി അത്യഗാധമായ അറബിക്കടലില്‍ അലിഞ്ഞു ചേര്‍ന്നു....ഗൌരിയമ്മ വിപ്ലവമുപേക്ഷിച്ചു കോണ്‍ഗ്രസിന്റെ മുന്നണിയില്‍ ചേര്‍ന്നു...ടി എ കൃഷ്ണനും രാഹേല്‍ കൊച്ചമ്മയും ഓര്‍മ്മയായി...ഗൌരിയമ്മയോടുള്ള  ആരാധന മൂത്ത് സ്വന്തം മകന്  ഗൌരീശനെന്നു പേരിട്ടു ടി എ കൃഷ്ണന്‍....ഗൌരീശന്‍ ഇപ്പോള്‍  കോണ്‍ഗ്രസ്‌ മുന്നണിയില്‍ ചേര്‍ന്നു അരൂര്‍ പഞ്ചായത്ത്  അംഗമായി.....


Saturday, January 8, 2011

എന്റെ വേരുകള്‍

എവിടെയാണ് തുടങ്ങേണ്ടത്....
ആദ്യം അച്ഛന്റെ വീടിനെകുറിച്ച് തന്നെയാവാം.. അച്ഛന്റെ അച്ഛന്‍ - കണ്ണന്‍ എന്നായിരുന്നു പേര്...
കുമ്പളങ്ങി എന്ന ഗ്രാമത്തില്‍ മുപ്പതുകളില്‍  കലാ പ്രവര്‍ത്തനങ്ങള്‍ക്  മുന്‍കൈ എടുക്കുകയും നിരവധി കലാകാരന്മാരെ വീട്ടില്‍ കൊണ്ടുവന്നു താമസിപ്പിച്ചു റിഹേര്‍സല്‍ കൊടുത്തു  അന്നത്തെ ജനപ്രിയ കലാ രൂപമായ ബാലെ വിവിധ പ്രദേശങ്ങളില്‍ അവതരിപ്പിച്ചു കലയെ സാധാരണ ജനങ്ങളിലെതിക്കുന്നതിനു വലിയ സംഭാവന നല്‍കിയ മഹാനായിരുന്നു മുത്തച്ഛന്‍... അന്ന് കലാകാരന്മാര്ക് പ്രതിഫലം മൂന്ന് നേരം ആഹാരം മാത്രമായിരുന്നു  ..
.(ആഹാരം പോലും അക്കാലത്തു കിട്ടാക്കനി ആയിരുന്നു!!!.) നാട്ടിലെ പ്രശസ്തനായ ഒരു തയ്യല്‍ക്കാരന്‍ കൂടിയായിരുന്നു അദ്ദേഹം ....കിട്ടുന്ന തുച്ഛമായ  വരുമാനം ഇങ്ങനെ കലാകാരന്മാര്ക് പങ്കു വയ്കുന്നതില്‍ ഒട്ടും മന പ്രയാസവും അദ്ദേഹത്തിനില്ലായിരുന്നു....ഭാര്യയും ആറു മക്കളുമടങ്ങുന്ന വലിയ കുടുംബം ആഹ്ലാദത്തോടെ അദ്ദേഹത്തിന് പിന്തുണ നല്‍കി...എസ് പി പിള്ള,സീ ഓ ആന്റോ, പീ ജെ ആന്റണി എന്നിവരൊക്കെ ആദ്യകാലത്ത് മുത്തച്ഛന്റെ കലാ ഗ്രൂപ്പില്‍ അംഗങ്ങളായിരുന്നു...(എസ് പീ പിള്ള പിന്നീട് പ്രശസ്തനായ സിനിമാ താരം  ആയി മാറി....)  ഈ പാരമ്പര്യത്തിന്റെ തുടര്‍ച്ചയെന്നോണം അമ്പതുകളില്‍ അച്ഛന്‍ കമ്മുണിസ്റ്റു പാര്‍ടിയുടെ കലാ വിഭാഗത്തിന്റെ നേതൃ ഗ്രൂപ്പില്‍ വരികയും നാടക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടുകയും ചെയ്തു...