Saturday, January 29, 2011

അച്ഛമ്മയുടെ ആരോഗ്യ ശാസ്ത്രം...


ച്ഛന്റെ അമ്മയെ ഞങ്ങള്‍ മറ്റേമ്മ എന്നാണ് വിളിച്ചിരുന്നത്‌....കുടുംബത്തിലെ മുതിര്‍ന്ന കുട്ടിയായ ഞാനുള്‍പ്പെടെ പതിനേഴോളം   കുട്ടികള്‍ക്ക് അച്ഛമ്മ മറ്റേമ്മയായിരുന്നു...(പെറ്റമ്മ കൂടാതെ മറ്റൊരമ്മ എന്ന അര്‍ത്ഥത്തിലാവം അങ്ങനെ വിളിച്ചു ശീലിച്ചത്)... അച്ഛമ്മയ്ക് ആറു മക്കള്‍ - മൂന്ന് ആണും മൂന്ന് പെണ്ണും...അതില്‍ മൂത്ത മകന്റെ മൂത്ത പുത്രനായ എന്നോട് അതിരറ്റ വാത്സല്യം മരണം വരെ അച്ചമ്മയ്കുണ്ടായിരുന്നു....പതിനാല്  വര്‍ഷങ്ങള്‍ക് മുന്‍പ്   രാവും പകലും തോരാത്ത മഴ പെയ്ത ഒരു കര്‍ക്കിടകത്തിലെ ഞാറ്റുവേല ദിവസം അച്ഛമ്മ മരിക്കുമ്പോള്‍ തൊണ്ണൂറ്റി മൂന്ന് വയസ്സായിരുന്നു....

വെള്ള പുതച്ചു കോലായില്‍ കിടത്തിയ അച്ചമ്മയ്കരികില്‍ കുമാരന്‍ സഖാവിന്റെ രാമായണം വായനക്ക് കാതോര്‍ത്തു പുലരും വരെ ഞാന്‍ ഉറക്കമിളച്ചിരുന്നു....അര്‍ദ്ധ രാത്രിയില്‍ വീശിയടിച്ച ചുഴലി കാറ്റില്‍ വീടിന്റെ ഉമ്മറത്ത്‌ നിന്നിരുന്ന കൂറ്റന്‍ ചെമ്പക മരവും ഉയരം കൂടിയ നാട്ടുമാവും ഒടിഞ്ഞു വീഴുന്നത് കണ്ടു ഞാന്‍ വല്ലാതെ ഭയപ്പെട്ടു... ഒപ്പം നടുങ്ങിപ്പോകുന്ന ഇടിയും മിന്നലും .....ഭാവഭേദമൊന്നുമില്ലാതെ  അപ്പോഴും കുമാരന്‍ സഖാവ്  രാമായണം വായന തുടര്‍ന്ന് കൊണ്ടിരുന്നു...(നാട്ടിലെ ആദ്യകാല കമ്മുനിസ്ടുകാരായ ആറു പേരില്‍ ഒരാളായിരുന്നു കുമാരന്‍ സഖാവ് -- ഇപ്പോള്‍ കറ തീര്‍ന്ന ഈശ്വര വിശ്വാസി - കാവി മുണ്ടും ജുബ്ബയും സ്ഥിരം വേഷം...)

തൊണ്ണൂറ്റി മൂന്ന് വയസില്‍ മരിക്കുന്നതിനുതൊട്ടു മുന്‍പ്  ഒരു മാസം കട്ടിലില്‍ കിടന്നതൊഴിച്ചാല്‍ അസുഖമായി അച്ഛമ്മ കിടക്കയില്‍ വീണത്‌  ഞങ്ങളാരും കണ്ടിട്ടില്ല...പൂര്‍ണ ആരോഗ്യവതിയായി നവതിയും പൂര്‍ത്തീകരിച്ച അച്ഛമ്മയുടെ ജീവിത ചര്യകള്‍ അപ്പോള്‍ എന്റെ മനസ്സിലൂടെ കടന്നു പോയി......

വെളുപ്പിന് കൃത്യം നാല് മണിക്കെഴുനെല്‍ക്കുന്നു....ചെറു ചൂട് വെള്ളത്തില്‍ കുളിച്ചു  നാല്  കിലോ മീറ്റര്‍ ചുറ്റളവിലുള്ള നാലോളം അമ്പലങ്ങളില്‍ ദര്‍ശനം...തിരിച്ചെത്തി രാവിലെ ഏഴു മണിക്ക്  ചൂട് കഞ്ഞിയും ചമ്മന്തിയും...പത്തുമണിക്ക് പഞ്ചസാര തൂവിയ  ചെറിയ രണ്ടു കഷ്ണം ചൂട് പുട്ടും ചായയും...ചായയില്‍ പഞ്ചസാര കാര്യമായി കലക്കിയില്ലെങ്കില്‍ ആള്‍ പിണങ്ങും....പഞ്ചസാര കുറുക്കി  കൊടുത്താല്‍ ബഹു സന്തോഷം...

ദിവസവും രണ്ടു നേരം കുളിച്ചു വസ്ത്രം മാറണം....കുളിക്കാന്‍ മണമുള്ള സോപ്പും ഇഞ്ചയും നിര്‍ബന്ധം...ഉച്ചയ്ക്ക് ഊണിനു കറി വേണമെന്ന വാശിയില്ല...ചോറിനുള്ളില്‍ കുറെ ഏറെ  വെളിച്ചെണ്ണ ഉപ്പു ചേര്‍ത്ത് തിരുമ്മിയും കഴിക്കാനിഷ്ടമാണ്......കുളിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും പച്ച വെളിച്ചെണ്ണ ധാരാളമായി ഉപയോഗിച്ചിരുന്നു    ..
തണുത്ത ഭക്ഷണം അച്ഛമ്മ  പാടേ ഒഴിവാക്കി-അമിതാഹാരവും.  
ശരീരത്തില്‍ സുഗന്ധ ദ്രവ്യവും  ചന്ദനവും പൂശി വെളുത്ത സെറ്റ് നേര്യതും ധരിച്ചു കുട്ടികളോട് കളി തമാശുകള്‍ പറഞ്ഞു നടന്ന അച്ഛമ്മ എന്നും ആഹ്ലാദം നല്‍കുന്ന അനുഭവമായിരുന്നു...

നേരം പുലര്‍ന്നു അരൂരിലെ പൊതു ശ്മശാനത്തില്‍ അന്ത്യ കര്‍മങ്ങള്‍ ചെയ്യുമ്പോള്‍ അച്ഛമ്മയുടെ വായില്‍ ഞാന്‍ നേദിച്ച വായ്കരി വല്ലാതെ തണുത്തുറഞ്ഞിരുന്നു !!  ജീവനുണ്ടായിരുന്നെങ്കില്‍ അച്ഛമ്മ അത് പുറത്തേക്കു തുപ്പിക്കളയുമായിരുന്നു !!.
ഞാന്‍ ഗദ്ഗദത്തോടെ നിശ്ശബ്ദമായി അച്ഛമ്മയോട്‌  മാപ്പ് ചോദിച്ചു...

21 comments:

 1. അച്ഛമ്മയെക്കുറിച്ചുള്ള ഈ ഓര്‍മ്മക്കുറിപ്പ്‌ മനസ്സില്‍ തട്ടുന്നതായി അളിയാ ..ഒരു സിനിമയില്‍ എന്നത് പോലെ എനിക്കതെല്ലാം കാണാന്‍ കഴിഞ്ഞു ...കൊള്ളാം ..

  ReplyDelete
 2. അരൂർ സാർ പരിചയപ്പെടുത്തി. മെയിൽ ഉണ്ടായിരുന്നു. പോസ്റ്റ് കൊള്ളാം. മുത്തശ്ശന്മാരെയും മുത്തശിമാരെയും കുറിച്ച് എല്ലാവർക്കും ഒത്തിരി പറയാനുണ്ടാകും.പഥേർ പാഞ്ചാലി സിനിമയിൽ ഒരു മുത്തശിയുണ്ട്. എന്നും മകളോട് പിണങ്ങി പോകുകയും മടങ്ങിവരികയും ചെയ്യുന്ന മുത്തശി. ഒടുവിൽ അവർ മരിക്കുന്നു. പ്രായാധിക്യം കൊണ്ടാണ് അവർ മരിക്കുന്നതെങ്കിലും അവരുടെ ശവം പേറിയുള്ള നമ്മുടെ കണ്ണുകളെ ഈരനണിയിക്കും. ആ പ്രായത്തിലും അവരുടെ മരണം നമ്മൾ ഇഷ്ടപ്പെടുകയില്ല!

  ReplyDelete
 3. രമേശേട്ടൻ വഴി വന്നു,വീണ്ടും വരാം

  ReplyDelete
 4. അച്ചമ്മക്ക്‌ 93 വരെ ജീവിക്കാന്‍ കഴിഞ്ഞു ഭാഗ്യം!
  ഇന്ന് നാം 39 ആകുമ്പോഴേ വൃദ്ധരായി ദീനമായി എഴുന്നേല്‍ക്കാന്‍ വയാണ്ടായി.
  അന്ന് അധ്വാനം, വിഷമില്ലാത്ത ഭക്ഷണം
  ഇന്ന് അധ്വാനമില്ല രാസപദാര്‍ഥങ്ങള്‍ ഭക്ഷിക്കുന്നു.
  പഴയ ആളുകളില്‍ നിന്ന് പലതും പഠിക്കാനുണ്ട് നമുക്ക് ..

  ReplyDelete
 5. രമേഷേട്ടാ.... കൊള്ളാം.വന്നത് വെറുതെ ആയില്ല.

  ReplyDelete
 6. ഞാന്‍ വഴികാട്ടിയായി എന്നെ ഉള്ളൂ ..ബ്ലോഗു എഴുതുന്നത്‌ പ്രദീപാണ് ..:) അനുമോദനങ്ങള്‍ അദ്ദേഹത്തിനു അവകാശപ്പെട്ടതാണ് ..:)

  ReplyDelete
 7. ഇതുപോലുള്ള നല്ല പോസ്റ്റുകൾക്കൊപ്പം..., താങ്കളൂടെ വിലയേറിയ സാനിദ്ധ്യം മറ്റുള്ളവരുടെ പോസ്റ്റ്കളിളും പോയി അറിയിച്ചാൽ മാത്രമേ കൂടുതൽ വായനക്കാരെ ആകർഷിക്കുവാൻ പറ്റുകയുള്ളൂ കേട്ടൊ ഭായ്

  ReplyDelete
 8. വളരെ ലളിതമായ അവതരണം അച്ഛമ്മയെ വളരെ നാളായി അറിയുന്ന പ്രതീതി ഉണ്ടാക്കി.അച്ഛമ്മയെ അടുത്തറിഞ്ഞു...താങ്കളുടെ നൊമ്പരവും.
  ഓര്‍മ്മ കുറിപ്പ് നന്നായിരിയ്ക്കുന്നൂ.

  ReplyDelete
 9. നല്ല എഴുത്ത്‌. അഭിനന്ദങ്ങള്‍!

  ReplyDelete
 10. നല്ല പോസ്റ്റ്.നല്ല ഒഴുക്കോടെ നന്നായി എഴുതിയിട്ടുണ്ട്.ഭാവുകങ്ങൾ

  ReplyDelete
 11. രമേഷ് ചേട്ടന്‍റെ മെയില്‍ വഴിയാണ് ഈ ബ്ലോഗ്‌ നെ കുറിച്ചു അറിഞ്ഞത്. നല്ല വായനാ സുഖം ഉണ്ട്. ഇനിയും വരാം....

  ReplyDelete
 12. ജീവനുണ്ടായിരുന്നെങ്കില്‍ അച്ഛമ്മ അത് പുറത്തേക്കു തുപ്പിക്കളയുമായിരുന്നു !!.

  ഈ വരിയില്‍ നിന്ന് ഒരു പാട് വസ്തുതകള്‍ പുറത്തേക്ക്‌ തള്ളുന്നു.
  എഴുത്ത്‌ ഇഷ്ടായി.

  ReplyDelete
 13. നന്നായി എഴുതി , വീണ്ടും കാണാം ആശംസകള്‍ . ..രമേഷിനും നന്ദി.

  ReplyDelete
 14. അനുഭവിപ്പിക്കുന്ന ഈ എഴുത്ത് ഇഷ്ടമായി

  ReplyDelete
 15. മരണം മനുഷ്യനെ സ്വാധീനിക്കുന്നത് ഒരിക്കലും
  മരിക്കുന്നവരുടെ പ്രായം കുറിക്കുന്ന അളവുകോല്‍
  വഴി അല്ല മറിച്ച് അവരുമായുള്ള നമ്മുടെ
  ആല്‍മ ബന്ധം എത്ര മാത്രം ഉണ്ടായിരുന്നു എന്നത്
  ആണ്..
  ഗൌരി അമ്മയും വേറെ ഒന്ന് രണ്ടു പോസ്റ്റും ഓടിച്ചു ഒന്ന് വായിച്ചു..വീണ്ടും എഴുതുക..ആശംസകള്‍..

  ReplyDelete
 16. അവതരണം അസ്സലായി!
  അഭിനന്ദനങ്ങള്‍!

  ReplyDelete
 17. മറ്റു പോസ്റ്റുകളില്‍ കൂടിയും ഒന്ന് കറങ്ങി തിരിഞ്ഞു വന്നു. രമേഷേട്ടന്റെ പരിചയപ്പെടുത്തല്‍ നന്നായി.

  ReplyDelete
 18. ചെറുതെങ്കിലും ആത്മാവിനെ തൊട്ടുണർത്തി.

  ReplyDelete
 19. ഈ എഴുത്തില്‍ മരണം ജീവിക്കുന്നുണ്ട്. എന്തൊക്കെയോ ഓര്മപ്പെടുത്തിയും വേദനിപ്പിച്ചും
  ആശംസകള്‍

  suhailbabu.blogspot.com

  ReplyDelete
 20. എഴുത്ത് വായനാ സുഖം നല്‍കുന്നുണ്ട്, കൂടുതല്‍ എഴുതുക.

  ReplyDelete
 21. രമേശ്അരൂര്‍ വഴിയാണ് ഇവിടെയെത്തിയത്. വന്നതെന്തായാലും വെറുതെയായില്ല. നല്ല ഭാഷ. നല്ല ശൈലി. ബൂലോകത്ത് സജീവമാകൂ.. ബ്ലോഗേഴ്‌സ് മീറ്റിന് വരുമല്ലോ!?

  ReplyDelete

നിങ്ങളുടെ പ്രതികരണങ്ങളാണ് എന്റെ ശക്തിയും പ്രോത്സാഹനവും ..
എന്തും തുറന്നു പറയാം