Thursday, September 27, 2012

മറക്കാത്ത ഒരു ബുക് മാര്‍ക്‌

മറക്കാത്ത ഒരു ബുക് മാര്‍ക്‌
ഡോ.കെസി.കൃഷ്ണകുമാര്‍
നാട്ടുവായനശാല ഒരു കൂട്ടായ്മയാണ്. ഏതു നാടിന്റെയും നാഡിമിടിപ്പ് അറിയുന്ന ഇടം. ലോകവൃത്താന്തങ്ങള്‍ അറിയാന്‍ പത്രങ്ങളും റേഡിയോയും മാത്രമേ ഉണ്ടായിരുന്നുള്ളു എന്റെ കുട്ടിക്കാലത്ത്. അതുകൊണ്ട് വായനശാലകളിലെ പ്രഭാതങ്ങളും വൈകുന്നേരങ്ങളും വളരെ സജീവമായിരുന്നു. ഞങ്ങളുടെ നാട്ടിലെ വായനശാല, അങ്ങനെ വെറുമൊരു നാട്ടുവായനശാലയായിരുന്നില്ല. ഇമ്മിണി വല്യ പാരമ്പര്യമുണ്ട് അതിന്. അമ്പലപ്പുഴക്ഷേത്രത്തിനു പടിഞ്ഞാറുഭാഗത്തായി പഴയമട്ടിലുള്ള ഒരു കെട്ടിടം. രണ്ടുനിലയുണ്ട്. തടിയില്‍ പണിത തട്ടിന്‍പുറത്താണ് മുകള്‍നില. ആ കെട്ടിടത്തിന്റെ 'വലിപ്പവും തലപ്പൊക്കവും' കുട്ടിക്കാലത്തുതന്നെ മനസ്സില്‍ ഇടംപിടിച്ചിരുന്നു.

അമ്മയുടെ സ്‌കൂളില്‍ ചെല്ലുമ്പോഴും ബന്ധുവീടുകളില്‍ ചെല്ലുമ്പോഴും എവിടെയെങ്കിലും യാത്രപോകുമ്പോഴും വായനശാലയെക്കുറിച്ച് പലരും ചോദിക്കും. സ്വന്തക്കാരെ ആരെയോ അന്വേഷിക്കുന്നതുപോലയാണ് അപ്പോള്‍ തോന്നുക. അന്നേ ഉറപ്പിച്ചു, അതൊരു വലിയ സംഭവമാണെന്ന്. പി.കെ.മെമ്മോറിയല്‍ എന്നറിയപ്പെടുന്ന ആ ഗ്രന്ഥശാല കേരളത്തിലെ രജിസ്റ്റര്‍ ചെയ്ത ആദ്യഗ്രന്ഥാലയമാണെന്ന ചരിത്രം മനസ്സിലാക്കുമ്പോള്‍ ഞാന്‍ അക്ഷരം കൂട്ടിവായിക്കാന്‍ തന്നെ പഠിച്ചിരുന്നില്ല. എങ്കിലും ആ ഗ്രന്ഥശാലയെക്കുറിച്ച് ആരെങ്കിലും ചോദിക്കുമ്പോള്‍ ഗമയോടെ തലകുലുക്കും. സാഹിത്യ പഞ്ചാനനന്‍ പി.കെ.നാരായണപിള്ളയെ അറിയുമെന്ന മട്ടില്‍. അക്ഷരം അറിയില്ലെങ്കിലും അപ്പച്ചിയുടെയും മറ്റും കൂടെ പലപ്പോഴും ആ ഗ്രന്ഥശാലയില്‍ പോകുമായിരുന്നു.

താഴത്തെനിലയില്‍, റോഡില്‍നിന്ന് കയറിച്ചെല്ലുന്ന മുറിയിലാണ് പത്രം വായിക്കാനുള്ള സ്ഥലം. അവിടെ ആളുകള്‍ പലതരത്തിലുരുന്ന് പത്രം വായിക്കും. കാഴ്ചക്കുറവുള്ളവര്‍ പടിയിലിറങ്ങിനിന്ന് വെളിച്ചത്തിനുനേരേ പത്രം ചെരിച്ചുപിടിക്കും. ഡസ്‌കില്‍ തലതാഴ്ത്തിവച്ചാണ് ചിലരുടെ വായന. ഓരോരുത്തരും പത്രം വായിക്കുന്നതിന്റെ രീതികള്‍ നോക്കി ഞാന്‍ വെറുതേ അങ്ങനെ നില്‍ക്കും. മലയാളത്തിലും ഇംഗ്ലീഷിലുമായി കുറേയധികം പത്രങ്ങള്‍. പത്രത്തന്റെ ഓരോ പേജും ഓരോരുത്തരുടെ കൈയിലായിരിക്കും. പത്രം പല കഷണങ്ങളാക്കി വേര്‍തിരിച്ചു വച്ചിരിക്കുന്നത് കാണുമ്പോള്‍ അന്നേ എനിക്ക് സങ്കടമായിരുന്നു. ഇപ്പോഴും ഏതു പത്രവും മുഴുവനായി കിട്ടിയാലേ എനിക്ക് മനസ്സമാധാനത്തോടെ വായിക്കാനാവൂ. അല്ലെങ്കില്‍ എന്തോ ഒരു കുറവുള്ളതുപോലെ തോന്നും. ഒരു പേജല്ലേ വായിക്കുന്നുള്ളു എന്ന ന്യാത്തിനൊന്നും അവിടെ സ്ഥാനമില്ല.

അക്കാലത്തൊക്കെ പത്രങ്ങളില്‍ വാര്‍ത്തയുടെ പ്രധാന ഭാഗങ്ങള്‍ ആദ്യപേജുകളില്‍ കൊടുക്കും. ശേഷം ഇത്രാം പേജില്‍ എന്നൊരു കുറിപ്പും ചേര്‍ക്കും. അതുകൊണ്ട് വാര്‍ത്തയുടെ ഒരു ഭാഗം വായിച്ചുകഴിഞ്ഞവര്‍ മറ്റേഭാഗമുള്ള പേജിനായി കാത്തിരിക്കും. ആര്‍ക്കും ഒന്നും പറയാനില്ല, നിശ്ശബ്ദത പാലിക്കുക എന്ന് ഭിത്തിയില്‍ എഴുതിവച്ചിട്ടുണ്ട്. അത് പാലിച്ചേ പറ്റൂ. അല്ലെങ്കില്‍ ലൈബ്രറേറിയന്‍ കണ്ണുരുട്ടി പേടിപ്പിക്കും. പക്ഷേ, ഇന്ദിരാഗാന്ധി മരിച്ചപ്പോഴും മറ്റും വായനശാലയുടെ ഹാളില്‍ വലിയ സംസാരങ്ങള്‍ ഞാന്‍ കേട്ടിട്ടുണ്ട്. അപ്പോള്‍ എല്ലാവരും വായിക്കുന്ന വാര്‍ത്തകള്‍ ഒന്നാണ്. അതുകൊണ്ട് അതേ വിഷയത്തിലുള്ള സംസാരം ആര്‍ക്കും ശല്യമാവില്ലല്ലോ. രാവിലെയും വൈകിട്ടും റേഡിയോ ഓണ്‍ചെയ്യും. മുളിലെ നിലയില്‍നിന്നാണ് ഒച്ച വരുന്നത്. വാര്‍ത്ത കേള്‍ക്കുന്നത്രയും സമയം പലരും പത്രവും കൈയില്‍പിടിച്ച് ചെവികൂര്‍പ്പിച്ചിരിക്കും. പ്രധാനപ്പെട്ട വാര്‍ത്തകളുണ്ടെങ്കില്‍ വായനശാലയുടെ പുറത്ത് ചെറിയൊരു ആള്‍ക്കൂട്ടം ഉണ്ടാവും. ഇലക്ഷന്റയും മറ്റും ഫലം വരുമ്പോള്‍ വലിയൊരു കൂട്ടവും.

താഴത്തെ നിലയിലാണ് പുസ്തകശേഖരം. അലമാരകള്‍ തിങ്ങിനിറഞ്ഞതിനാല്‍ വെളിച്ചം നന്നേ കുറവ്്. പഴയ പുസ്തകത്തിന്റെ മണവും പൊടിയുും ഒക്കെ കലര്‍ന്ന ഒരു അന്തരീക്ഷം. അക്ഷരം അറിയാത്തഞാന്‍ എല്ലാ പുസ്തകങ്ങളും അലമാരയില്‍ നിന്ന് എടുത്ത് കൗതുകത്തോടെ തുറന്നുനോക്കും. ഒരു വ്യത്യാസവുമില്ല, എല്ലാം ഒരുപോലെ തന്നെ. ഇടയ്ക്കിടെ കര്‍ക്കശക്കാരനായ ലൈബ്രറേറിയനെയും നോക്കും. അദ്ദേഹം കണ്ണടയുടെ ചില്ലിനു മുകളിലൂടെ എന്നെയും നോക്കും. മെലിഞ്ഞു നീണ്ട ആ മനുഷ്യനെ എനിക്കു വലിയ പേടിയായിരുന്നു. പുസ്തകത്തില്‍ വര വീണതിനും മറ്റും പലരോടും തട്ടിക്കയറുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അപ്പോഴെനിക്ക് കഥകളിയിലെ ദുര്‍വാസാവ് മഹര്‍ഷിയെ ഓര്‍മ്മവരും. വലിയ പ്രതാപമുള്ള പച്ചവേഷങ്ങളൊക്കെ മെലിഞ്ഞുണങ്ങിയ താടിക്കാരന്റെ മുന്‍പില്‍ പേടിച്ചുനില്‍ക്കുന്ന രംഗം. അതുപോലെ അധ്യാപകരും ബാങ്ക് മാനേജരും അങ്ങനെ പലരും ലൈബ്രറേറിയന്റെ മുന്‍പില്‍ വളരെ ബഹുമാനത്തോടെയാണ് നില്‍ക്കുക.


എന്നെ ഒരിക്കല്‍പ്പോലും ലൈബ്രറേറിയന്‍ വഴക്കുപറഞ്ഞിരുന്നില്ല. അതിന്റെ കാരണം ഞാന്‍ പിന്നീടാണ് മനസ്സിലാക്കിയത്. പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ വായിച്ചു നിര്‍ത്തിയ ഭാഗം ഓര്‍മ്മിക്കാനായി പേജിന്റെ ഒരു മൂല മടക്കിവയ്ക്കുന്ന ശീലം ചിലര്‍ക്കുണ്ട്. വെറുതേ പുസ്തകങ്ങള്‍ തുറന്നു നോക്കുമ്പോള്‍ അത്തരം മടക്കുകള്‍ ഞാന്‍ നിവര്‍ത്തിവയ്ക്കുമായിരുന്നു. ഇത് ആ ലൈബ്രറേറിയന്‍ കാണുകയും തിരിച്ചറിയുകയും ചെയ്യുന്നുണ്ടെന്ന് ഞാനറിഞ്ഞിരുന്നില്ല. എങ്കില്‍ എന്റപേടി എത്ര കുറഞ്ഞേനെ! വളര്‍ന്നപ്പോള്‍ ആ മനുഷ്യനെ എനിക്ക് പതുക്കെ പതുക്കെ മനസ്സിലായി. പുസ്തകങ്ങളെ മക്കളെപ്പോലെ കരുതിയ ഒരാള്‍. പേടിമാറിയപ്പോള്‍ ഒരു നല്ല പുസ്തകത്തെ എന്നപോലെ അദ്ദേഹത്തെ ഞാന്‍ സ്‌നേഹിച്ചു, ബഹുമാനിച്ചു. ആ ഗ്രന്ഥശാലയിലെ ഓരോ പുസ്തകത്തിലെയും ഓരോ വരിയിലും എന്താണ് അച്ചടിച്ചിരിക്കുന്നതെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. പക്ഷേ, ഞാന്‍ ഗൗരവമുള്ള വായനയുടെ ലോകത്തേക്ക് കടന്നപ്പോഴേക്കും അദ്ദേഹം ഈ ലോകത്തുനിന്ന് പൊയ്ക്കളഞ്ഞു, വിടപറയാതെ തന്നെ! ആ ലൈബ്രറേറിയന്റെ ഓര്‍മ്മകള്‍ പഞ്ചതന്ത്രം കഥകളുടെയും ഐതിഹ്യമാലയുടെയും പഴഞ്ചന്‍ താളുകള്‍ക്കിടയില്‍ ചിതറിക്കിടക്കുകയാണ് ഇപ്പോഴും. ശരിയായി വായിച്ചെടുക്കാനാവാത്ത ഒരു കഥ പോലെ.

വായനശാലയില്‍ നിന്ന് അപ്പച്ചി പുസ്തകങ്ങള്‍ എടുക്കുമ്പോള്‍ എനിക്കും ഒരു പുസ്തകം എടുത്തുതരും. ഒറ്റ അക്ഷരം പോലും വായിക്കാനറിയില്ലായിരുന്നു, എങ്കിലും വെറുതേ പടം നോക്കിയിരിക്കും. കുട്ടികള്‍ക്കായി പടമുള്ള പുസ്തകങ്ങളൊക്കെ അക്കാലത്ത് കുറവായിരുന്നു. അക്ഷരം പഠിച്ചതോടെ വായനശാലയോടുള്ള അടുപ്പത്തിനും അര്‍ത്ഥമുണ്ടായി. വൈകുന്നേരങ്ങളില്‍ അച്ഛനോടോപ്പം അമ്പലത്തിലേക്ക് പുറപ്പെടാറുണ്ട്. ചിലപ്പോള്‍ ഞാന്‍, ചിലപ്പോള്‍ ഏട്ടന്‍, അല്ലെങ്കില്‍ രണ്ടുപേരും. അമ്പലത്തിലെ ചൂടുള്ള കരിങ്കല്‍ തറയിലൂടെ നടക്കാന്‍ നല്ലരസമാണ്. ഉച്ചവെയിലിന്റെ ചൂട് രാത്രിയിലും കല്ലില്‍ പറ്റിനില്‍ക്കും. ദീപാരാധന കഴിഞ്ഞാല്‍ ജീനാ ഹോട്ടലില്‍ നിന്ന് ദോശയും ഉഴുന്നുവടയും. അതാണ് പതിവ്. 'സാറിന്റെ മോനൊരു നെയ്‌റോസ്റ്റ്' എന്നുവിളിച്ചു പറയുന്നത് ഇപ്പോഴും ചെവിയിലുണ്ട്. നാട്ടിന്‍ പുറത്തെ ഹോട്ടലുകളില്‍ അങ്ങനെയാണ്. പണിക്കരുചേട്ടനൊരു ചായ, മത്തായിച്ചന് കട്ടന്‍... അങ്ങനെ എല്ലാത്തിനും മേല്‍വിലാസമുണ്ട്.

ഹോട്ടലില്‍ നിന്ന് നേരേ വായനശാലയിലേക്കാണ് എന്റെ പോക്ക്. അച്ഛന്‍ അമ്പലത്തിലേക്കും. മുകളിലത്തെ നിലയിലാണ് പ്രസിദ്ധീകരണങ്ങള്‍ വായിക്കാനുള്ള സ്ഥലം. ഏതാണ്ട്് എല്ലാ പ്രസിദ്ധീകരണങ്ങളും അവിടെയുണ്ട്. അക്കാലത്ത് രണ്ട് ആഴ്ച കൂടുമ്പോഴേ ബാലപ്രസിദ്ധീകരണങ്ങള്‍ വരൂ. മിക്കതും കാവിയും കറുപ്പും നിറത്തില്‍ അച്ചടിച്ചവ. പൂമ്പാറ്റ, ബാലരമ, തുടങ്ങിയവയിലാണ് എന്റെ കണ്ണ്. അമ്പിളിയമ്മാവനും ഇഷ്ടമായിരുന്നു. അതില്‍ നിറമുള്ള ചിത്രങ്ങള്‍ കാണും. വേതാളത്തെ തോളിലിട്ടു പോകുന്ന വിക്രമാദിത്യന്റെ ചിത്രം അന്ന് കണ്ടത് ഇപ്പോഴും കാണാം. അഞ്ചുമുതല്‍ എട്ടുവരെയാണ് വായനാസമയം. നമുക്കുവേണ്ട പുസ്തകം മറ്റാരെങ്കിലും വായിക്കുകയാണെങ്കില്‍, കഴിയും വരെ കാത്തിരിക്കണം. വായനാമുറിയില്‍ മിണ്ടാന്‍ പാടില്ല. മറ്റെന്തെങ്കിലുമൊക്കെ വായിച്ച് സമയം കളയും. അല്ലെങ്കില്‍ മുകളിലത്തെ നിലയിലെ ജനലിലൂടെ താഴേക്ക് നോക്കി വെറുതേയിരിക്കും. മുകളിലിരുന്ന് നോക്കുമ്പോള്‍ മനുഷ്യരേയും മൃഗങ്ങളേയും ഒക്കെ മറ്റൊരു രീതിയിലാണ് കാണുക. അതുകൊണ്ട് എത്രനേരം നോക്കിയിരുന്നാലും മുഷിപ്പുതോന്നില്ല. കാത്തിരിപ്പിനിടയിലും രണ്ടുമൂന്നു ദിവസം കൊണ്ടുതന്നെ കുട്ടിപ്രസിദ്ധീകരണങ്ങളെല്ലാം വായിച്ചു തീരും.



മുകളിലത്തെ നിലയിലെ വായനാമുറിയിലേക്കുള്ള പടികള്‍ തടികൊണ്ട് ഉണ്ടാക്കിയതാണ്. ഓരോരുത്തരും പടികയറിവരുമ്പോള്‍ വലിയ ശബ്ദം കേള്‍ക്കും. വായനാമുറിയിലെ നിശ്ശബ്ദതയിലേക്ക് ആ ശബ്ദം തുളച്ചുകയറും. വായിക്കുന്ന കഥകളോടൊപ്പം ആ ശബ്ദവും മന്നസ്സില്‍ പതിയും. പിന്നീട് ഞാന്‍ പൂമ്പാറ്റ വീട്ടില്‍ വരുത്താന്‍ തുടങ്ങി. വീട്ടിലിരുന്ന് പൂമ്പാറ്റ വായിക്കുമ്പോഴും വായനശാലയില്‍ കേട്ട പടികയറുന്ന ശബ്ദം കേള്‍ക്കുന്നതുപോലെ തോന്നുമായിരുന്നു കുറേക്കാലം. രണ്ടാം നിലയിലിരുന്ന് വായിച്ചു തുടങ്ങിയതുകൊണ്ടാവണം, പകല്‍സമയത്തൊക്കെ മരത്തിനു മുകളില്‍ കയറിയിരുന്നായിരുന്നു എന്റെ വായന. മിക്കപ്പോഴും കിഴക്കുവശത്ത കൂനന്‍പ്ലാവില്‍. അണ്ണാറക്കണ്ണനും കളികളും യഥാര്‍ത്ഥ പൂമ്പാറ്റയുമൊക്കെയുണ്ടാവും കൂട്ടിന്.

കുട്ടിപ്പുസ്തകങ്ങളില്‍നിന്ന് വലിയ പുസ്തകങ്ങളിലേക്ക് നടന്നതുപോലെ നാട്ടില്‍ നിന്ന് അന്യനാടുകളിലേക്കായിരുന്നു പിന്നെയുള്ള യാത്ര. ആദ്യം പഠിക്കാനായി തിരുവനന്തപുരത്തേക്ക്. അവിടുത്തെ വമ്പന്‍ ലൈബ്രറികള്‍ കണ്ട് ഞാന്‍ അന്തംവിട്ടുപോകാതിരുന്നത് പി.കെ.മെമ്മോറിയല്‍ ഗ്രന്ഥശാലയുമായുള്ള ചങ്ങാത്തം കൊണ്ടുമാത്രമാണ്. പിന്നെ ജോലിക്കായി കൊച്ചിയിലെയും കോഴിക്കോട്ടെയും നഗരത്തിരക്കുകളില്‍. ജോലി, കുടുംബം അങ്ങനെ പുതിയ പുസ്തകത്തിന്റ പേജുകള്‍ ഒന്നൊന്നായി വായിച്ചു തുടങ്ങി. എങ്കിലും വായനശാലയുടെ ആ പഴയ കെട്ടിടം മനസ്സിലുണ്ട്. അക്ഷരങ്ങള്‍ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന ആ മഹാമൗനം.

പി.കെ.മെമ്മോറിയല്‍ ഗ്രന്ഥശാലയില്‍ പുതിയ കെട്ടിടങ്ങളും പുതിയ ആളുകളുമൊക്കെ വന്നു. പക്ഷേ, പഴയ രണ്ടുനിലക്കെട്ടിടം തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്, ഒട്ടും പരിചയക്കുറവില്ലാതെ. ഞാന്‍ വായിക്കുന്ന ഏതു പുസ്തകത്തിലും ഇപ്പോഴും ബുക് മാര്‍ക്കായി വയ്ക്കുന്നത് പി.കെ മെമ്മോറിയല്‍ ഗ്രന്ഥശാലയുടെ ഓര്‍മ്മയാണ്.

Thursday, March 15, 2012

വീണ്ടുമെന്‍ കണിക്കൊന്ന




വീണ്ടുമെന്‍ കണിക്കൊന്ന മഞ്ഞപോന്‍പട്ടു ചേല വാരിയണിഞ്ഞു... മേട കാറ്റിനേയും വിഷു പക്ഷിയേയും വരവേല്‍ക്കാന്‍.......  

Saturday, March 10, 2012

നമ്മുടെ പ്രിയ വരിക്കപ്ലാവ്

കാലം മായ്കാത്ത കനിവുമായി നമ്മുടെ പ്രിയ വരിക്കപ്ലാവ്

Monday, January 23, 2012

പുസ്തക പരിചയം - ഇഷ്ട വാക്ക്

 ഇഷ്ട വാക്ക്       
 "അമ്മയുടെ പിടി വിട്ട് ഓടിയകലുന്ന കുട്ടിയെപ്പോലെയാണ്  എഴുത്തുകാര്‍ക്ക് വാക്കുകള്‍...അദ്ഭുതപ്പെടുത്തുന്ന അര്‍ത്ഥങ്ങളുമായി പ്രതീക്ഷിക്കാത്ത കോണുകളില്‍ നിന്ന് അവന്‍ തിരിച്ചുവരും"
         എഴുത്തുകാര്‍ അറിയാതെ അവരുടെ പ്രിയ വാക്കുകളായി മാറുന്ന പദങ്ങള്‍ കല്‍ക്കണ്ടം  പോലെ   പെറുക്കിയെടുക്കുകയാണ്  "ശ്രീജിത്ത്‌ പെരുന്തച്ചന്‍". തൊടിയിലെ പൂവുകളില്‍ നിന്നും പറന്നു പൊങ്ങുന്ന വര്‍ണ്ണ ശലഭങ്ങള്‍ക്കും,  മിന്നാമിനുങ്ങുകള്‍ക്കും പിന്നാലെ പായുന്ന കൌതുകക്കാരനായ കുസൃതി കുരുന്നിനെ പോലെ ഒത്തിരി ഓടി തളര്‍ന്നിട്ടാവണം, ശ്രീജിത്തിനു ഈ വാക്കുകള്‍ ഉള്ളം കയ്യില്‍ കോരിയെടുക്കാനായത്...തൃശൂര്‍ എച്  ആന്‍ഡ്‌ സി പബ്ലിക്കേഷന്‍സ്  പുറത്തിറക്കിയ ശ്രീജിത്ത്‌ പെരുന്തച്ചന്റെ "ഇഷ്ട വാക്ക്" വായനക്കാരന്റെയും പ്രിയ പുസ്തകമാകുന്നത് അങ്ങിനെയാണ് ....ഓ എന്‍ വി, മുകുന്ദന്‍, പുനത്തില്‍, അശോകന്‍ ചരുവില്‍, സേതു, എ അയ്യപ്പന്‍, മാടമ്പ് , അഷിത, പെരുമ്പടവം, ചന്ദ്രമതി, കുരീപ്പുഴ, റോസ് മേരി, സാറ ജോസഫ്‌ , കാക്കനാടന്‍,സുഗതകുമാരി തുടങ്ങി മുപ്പതോളം എഴുത്തുകാരുടെ 
ഇഷ്ട വാക്ക്  തേടിയെടുത്ത്,  വശ്യമായ ശൈലിയില്‍ വായനക്കാരുടെ കയ്യിലെത്തിച്ചിരിക്കുന്നു ശ്രീജിത്ത്‌... പ്രിയ കവിയായ ഓ എന്‍ വിയുടെ ഇഷ്ട വാക്കായി ശ്രീജിത്ത്‌  കണ്ടെത്തുന്ന "വെറുതെ" എന്ന കുറിപ്പില്‍ നിന്നും കുറച്ചു മാത്രം എടുത്തു ചേര്‍ക്കുന്നു...- "എഴുതിയതൊന്നും വെറുതെയായില്ല" 
                   "എഴുതിയതില്‍ ഒരു വരിപോലും വെറുതെയാവാഞ്ഞത്  കൊണ്ടാണോ എന്തോ ഓ എന്‍ വിക്ക് വെറുത എന്ന വാക്കിനോട് ഇത്രയ്ക്കിഷ്ടം.  എന്താണ് ആ വാക്കിനോട് ഇത്ര പ്രിയമെന്ന് ചോദിച്ചാല്‍ കവി പറയും എന്താണെന്നറിയില്ല പണ്ട്  തൊട്ടേ വെറുതെയോരിഷ്ടമെന്നു..
വെറുതെ എന്ന വാക്ക്  എഴുത്തിനിടയില്‍ വെറുതെ കടന്നു വരുന്നതാണെന്ന് കവി.  എന്ന് വച്ചാല്‍ അബോധപൂര്‍വം...
എന്നാല്‍ ആ വാക്കില്‍ ഒരു ജന്മത്തിന്റെ സത്ത അത്രയുമുണ്ട്..ജീവിതത്തിന്റെ വ്യര്‍ത്തഥയുണ്ട്..ഓ എന്‍ വി അത് പറയുമ്പോള്‍ ഒരു കാവ്യ ജീവിതത്തിന്റെ സഫലതയാണതില്‍ ...
ഒരു വട്ടം കൂടിയാപുഴയുടെ തീരത്ത്/വെറുതെയിരിക്കുവാന്‍ മോഹം/വെറുതെയിരുന്നാ കുയിലിന്റെ പാട്ടുകേട്ടെ/തിര്പാട്ടു പാടുവാന്‍ മോഹം/വെറുതെയീ മോഹങ്ങള്‍ എന്നറിയുമ്പോഴും/വെറുതെ മോഹിക്കുവാന്‍ മോഹം/...ഒരു കവിതയില്‍ തന്നെ എത്ര വെറുതെയാണെന്ന് നോക്കൂ...വെറുതെ എന്ന വാക്ക് കവിയോടൊപ്പം ഒരു പേരക്കുട്ടിയെപ്പോലെ വിരലില്‍ തൂങ്ങി നടക്കുന്നു......
അറുപതു രൂപ വിലയുള്ള ഈ പുസ്തകം വി പി പി യായി കിട്ടുന്നതിനു... mail@handcbooks.com എന്ന വിലാസത്തില്‍ 
ബന്ധപ്പെടുക...വെറുതെയാവില്ല  തീര്‍ച്ചയായും ഈ പുസ്തകം...



Monday, January 2, 2012

വീട് അഥവാ കൂട് --- കടും പച്ച വര്‍ണ്ണത്തില്‍...





വീട്....ഒരു സ്വപ്ന സാക്ഷാത്കാരം...

ഒരു വീടുണ്ടാകണം എന്ന ആഗ്രഹം കലശലായത്‌ പെട്ടെന്നാണ്....അഥവാ പെട്ടെന്ന് രൂപപ്പെട്ട
സാഹചര്യ സമ്മര്‍ദ്ദമാകാം അങ്ങനെ  ഒരു തോന്നല്‍ ഉളവാക്കിയത്...അതു വരെ ജനിച്ചു വളര്‍ന്ന മണ്ണില്‍ നിന്നും, തണലും കുളിരും തഴുകി ഉറക്കിയ വീട്ടില്‍ നിന്നും പടിയിറങ്ങേണ്ടി വരും എന്ന്  ചിന്തിച്ചില്ല എന്നതായിരിക്കും സത്യം...പക്ഷെ അങ്ങനെ  വേണ്ടി വന്നു.....സ്വന്തം ഓഹരി വിറ്റു  കിട്ടിയ  ചെറിയ തുകയുമായി സ്ഥലത്തിന്  വേണ്ടിയുള്ള അന്വേഷണം...ഒടുവില്‍ സ്വന്തം നാട്ടില്‍ നിന്നും ഏറെ ദൂരെ, കാലം ചെല്ലാ മൂലയില്‍ (അമ്മയുടെ നാടന്‍ ഭാഷ) ചൊരി മണലില്‍ ഒരു  പറമ്പ്  ഏകദേശം മുപ്പത്തിയഞ്ചു സെന്റു സ്ഥലം സ്വന്തമാക്കി  (ഈ പ്രദേശത്താണ്  ജില്ലയില്‍ തന്നെ  സ്ഥലത്തിന് ഏറ്റവും വിലക്കുറവ്...) വിശാലമായ ഒരു മണല്‍ പരപ്പ്...

ഏപ്രില്‍ മാസത്തെ കടുത്ത വേനലില്‍ തണല്‍ ഒട്ടുമില്ലാത്ത പറമ്പില്‍ ചൂടേറ്റു മണ്ണ് ഉരുകി ആവി ഉയരുന്ന പ്രതീതി. തണല്‍ നല്‍കാന്‍ ആകെയുള്ളത്  പറമ്പിന്റെ മൂലയില്‍ ഒരു പറങ്കി മാവ്  മാത്രം...പിന്നെ അവിടവിടെയായി കായ ഫലം കുറഞ്ഞു കൂമ്പ് നേര്‍ത്ത കുറച്ചു കൊന്ന തെങ്ങുകളും...വളര്‍ന്ന ജീവിത പരിസരത്തിന്റെ കുളുര്‍മയില്‍ ലയിച്ചു ചേര്‍ന്ന മനസ് പുതിയ പരിസരത്തോടു ഒട്ടും ഇണങ്ങിയില്ല ‍...പിന്നെ അങ്ങിനെ പോരല്ലോ എന്ന് തോന്നി... .ആദ്യം അതിരുകളില്‍ നൂറു കണക്കിന് കവുങ്ങിന്‍ തൈകള്‍ വാങ്ങി നട്ടു...ഒട്ടു മിക്കതും ചൊരി മണലിന്റെ  കടുത്ത  ചൂട് പ്രതിരോധിക്കാനാവാതെ, വൈകാതെ കരിഞ്ഞുണങ്ങി....അതിജീവിച്ചതിനു അടുത്ത പറമ്പില്‍ നിന്നും ശേഖരിച്ച കരിയിലകളുടെ പുതയും,  വെള്ളവും വാത്സല്യവും നല്‍കി....ആഹ്ലാദത്താല്‍ പുതു നാമ്പുകള്‍ നീട്ടി അവര്‍ നന്ദി പറഞ്ഞു.......  അതോരാവേശമായി...വര്‍ഷങ്ങളോളം അനാഥമായി കിടന്നു മണ്ണിടിഞ്ഞു മൂടാറായ പറമ്പിലെ രണ്ടു കുളങ്ങളും ശുദ്ധീകരിച്ചു പുതിയ ഇനം കുള പായല്‍ ചെടികള്‍ നിക്ഷേപിച്ചു...അവ പെട്ടെന്ന് പടര്‍ന്നു കുളത്തില്‍ പച്ച പരവതാനി തീര്‍ത്തു...പിന്നീടു  ഒരു കറുവയും, ആര്യവേപ്പും  നട്ടു (രണ്ടും പ്രിയ മിത്രം ഷാജീവന്റെ സമ്മാനം) പറമ്പിന്റെ കിഴക്കും പടിഞ്ഞാറും അതിരുകളില്‍ അവര്‍ പിണങ്ങാതെ കടും ഹരിത വര്‍ണത്തില്‍ ഇലകള്‍ വീശി ചിരിച്ചു നിന്നു...മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നും മറ്റൊരു ചങ്ങാതി വാങ്ങി നല്‍കിയ സപ്പോട്ടയും പേരയും ജാംബയും പിറകേയെത്തി... പിന്നെ പല തരം നാടന്‍ മാവിന്‍ തൈകള്‍, പ്ലാവിന്‍ തൈകള്‍, പനിനീര്‍ ജാംബ,സര്‍വ്വസുഗന്ധി, സോപ്പുമരം, കണി കൊന്ന,നാരക ചെടികള്‍,  ചെന്തെങ്ങിന്‍ തൈകള്‍  അങ്ങനെ അങ്ങനെ വൃക്ഷ തൈകളുടെ ഒരു ഘോഷയാത്ര....ഇടയ്കൊരുനാള്‍ പ്രിയ കഥാകാരി മാധവികുട്ടിയുടെ ഓര്‍മ്മക്കായി നട്ടത്  ഒരു നീര്‍മാതള ചെടിയും...പറമ്പിന്റെ പല മൂലകളിലായി അവരെല്ലാം ഉത്സാഹത്തോടെ വളരാന്‍ തുടങ്ങി...ഇതിനിടെ രണ്ടു മുറിയും അടുക്കളയും ചെറിയ വരാന്തയും ഉള്ള ഒരു കുഞ്ഞു വീടിന്റെ പണി തുടങ്ങിയിരുന്നു...പലപ്പോഴായി സ്വരുക്കൂട്ടുന്ന ചെറിയ സമ്പാദ്യങ്ങള്‍ കൊണ്ട്  പഞ്ച വത്സര പദ്ധതി എന്ന പോലെ വീട് പണി ഇഴഞ്ഞു നീങ്ങി...അപ്പോഴാണ്‌  ജ്യോതിലക്ഷ്മി (സുഹുര്‍ത്ത് )  ഒരു ആശയം തന്നത്  - ഒരു കുഞ്ഞു പൂന്തോട്ടം - നിറയെ പല പല വര്‍ണത്തിലുള്ള പൂക്കള്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു സ്വാഭാവിക പൂന്തോട്ടം --- താമസിയാതെ   പൂന്തോട്ടത്തിന്റെ പണി  ആരംഭിച്ചു...
 ചെമ്പരത്തിയും ചെത്തിയും, പാരിജാതവും, മുല്ലയും പിച്ചിയും പല വീടുകളില്‍ നിന്നായി സംഘടിപ്പിച്ചു ..പുരയിടത്തിന്റെ ഒഴിഞ്ഞ മൂലയില്‍  വൃത്താകൃതിയില്‍ ഒരു കുഞ്ഞു പൂന്തോട്ടം പതുക്കെ  മുള പൊട്ടി....
വര്‍ഷങ്ങള്‍ എത്ര വേഗമാണ് ഓടി അകലുന്നത്...കൃത്യം നാല് വര്‍ഷത്തിനു ശേഷം ഒരു ഏപ്രില്‍ മാസം വീടിന്റെ പാലുകാച്ചല്‍...അടുത്ത ബന്ധുക്കളും സുഹുര്തുക്കളും അനുഗ്രഹവും ആശംസകളും നല്‍കി... പുതിയ വീട്ടില്‍ താമസവും തുടങ്ങി...രണ്ടു മാസം കടുത്ത വേനലിന്റെ ചൂടും, കൂടു മാറ്റത്തിന്റെ കനത്ത ഗൃഹാതുരത്വവും...

മൂന്നാം മാസം പുതിയ വീട്ടിലെ ആദ്യത്തെ മഴക്കാലം....ഇടവപ്പാതിയിലെ  തോരാത്ത അമൃത വര്ഷം...രണ്ടു കുളങ്ങളും ഒറ്റ രാത്രിയില്‍ നിറഞ്ഞൊഴുകി...രാവിലെ കണി കണ്ടത് കുളക്കോഴികളെയും  പിച്ച വച്ച് തുടങ്ങിയ മൂന്ന് കുഞ്ഞുങ്ങളെയും...മുറ്റത്തെ നീരൊഴുക്കില്‍ നിന്നും തള്ളകോഴി  പരല്‍ മീനുകളെ കൊത്തിയെടുത്തു കുഞ്ഞുങ്ങള്‍ക്ക്‌ കൊടുക്കുന്നു... ആറു വയസ്സുകാരന്‍ മകന്‍ ആഹ്ലാദത്തോടെ ആ കാഴ്ച കണ്ടു നിന്നു...തവളകളുടെയും ചീവീടുകളുടെയും സംഗീതത്താല്‍
രാത്രികള്‍ ശബ്ദ മുഖരിതമായി...ഋതുക്കള്‍ മാറി...മരങ്ങള്‍ പഴുത്ത ഇലകള്‍ ഉരിഞ്ഞെറിഞ്ഞു പച്ച ഇലകള്‍ വാരിയണിഞ്ഞു...ചെത്തിയും ചെമ്പരത്തിയും പിച്ചിയും,മുല്ലയും പൂ വിരിച്ചു ചിരിച്ചു നിന്നു...
ഒരു നാള്‍  ഉണര്‍ന്നത്  കുഞ്ഞു കുരുവികളുടെ കിലുകിലുക്കം കേട്ടാണ് ...അവര്‍ കുറേപ്പേര്‍ ഉണ്ടായിരുന്നു..ചുവന്ന ചെമ്പരത്തി പൂക്കളില്‍ അവര്‍ ആനന്ദ നൃത്തത്തില്‍ ആയിരുന്നു...കുഞ്ഞു കുരുവികളുടെ കൂട്ടത്തില്‍ രണ്ടു മൂന്നു നീണ്ടു വളഞ്ഞ ചുണ്ടുകളുള്ള മയില്‍ വര്‍ണ്ണ കുരുവികള്‍...

വീണ്ടും വന്നണഞ്ഞ വേനലില്‍, കണിക്കൊന്ന പൊന്നു വാരിയണിഞ്ഞു... സപ്പോട്ടയും, ജാംബയും, പ്ലാവും മാവും നിറയെ കായ്ച്ചു കണിയൊരുക്കി..പുതിയ വിരുന്നുകാര്‍- ഓലവാലന്‍, മഞ്ഞമൈന, അണ്ണാരക്കണ്ണന്‍, കരിങ്കുയില്‍, കുഞ്ഞിക്കുരുവികള്‍, ചിത്രശലഭങ്ങള്‍......

പുതിയ വീട്ടില്‍ കുടിയേറിയിട്ടു ഇപ്പോള്‍ പന്ത്രണ്ടു വര്‍ഷങ്ങള്‍..പുരയിടം വലിയ മരങ്ങളുടെ ചെറുവനമായി...ചോരിമണലില്‍ ആര്‍ത്തു വളരുന്നത്‌ വിവിധയിനം പ്ലാവുകള്‍ - അവയില്‍ തേന്‍ വരിക്കയും, ചുവന്ന വരിക്കയും, കൂഴയും, ഇടിയന്‍ ചക്കയും എല്ലാം പെടും...

ഇപ്പോള്‍ ഞങ്ങള്‍ അനുഭവിക്കുകയാണ് - ഞാനും ഭാര്യയും മകനും ഞങ്ങളുടെ കുഞ്ഞു വീടും, ഞങ്ങളുടെ അരുമകളായ മരങ്ങളും, ചെടികളും, ഞങ്ങളുടെ കിളികളും, ചെറു ജീവികളും....പ്രകൃതിയുടെ സമ്മോഹനമായ ശ്രുതിലയം...വേനല്‍-മഴ-മഞ്ഞ്‌ ....


   



  


Friday, July 15, 2011

പഴയ പ്രിയപ്പെട്ട പാട്ടുകാര്‍

ഇക്കണ്ട നാട്ടിലൊക്കെ പാട്ടുകളും പാട്ടുകാരും നിറയുമ്പോള്‍ വല്ലാത്തൊരു ഗൃഹാതുരതയോടെ ഞാന്‍ ഏകദേശം നാല്പതു വര്‍ഷങ്ങള്‍ക് മുമ്പുള്ള
ആ അപ്പര്‍ പ്രൈമറി സ്കൂള്‍ ജീവിത കാലത്തെകുറിച്ചാണ്  ഓര്‍ക്കുന്നത്...ആയിരത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന നാട്ടിന്‍പുറത്തെ ആ കലാലയത്തില്‍ ഒരു വിധം
നന്നായി പാടുന്നവര്‍ വിരലില്‍ എണ്ണാവുന്നവര്‍  മാത്രമാണ്...  അതില്‍ മികച്ച രണ്ടു മൂന്ന് പെണ്‍കുട്ടികള്‍ അസ്സംബ്ലി കൂടുമ്പോള്‍ പ്രാര്‍ത്ഥനാ ഗാനം
പാടുന്ന കോറസ്സ്   ടീമില്‍   ഇടം നേടും...എന്നും അസ്സംബ്ലി കൂടുമ്പോള്‍ അവര്‍ ഒരുമിച്ചു ആലപിക്കുന്ന ഈശ്വരപ്രാര്‍ത്ഥന കേട്ട്  ഞങ്ങളില്‍ ചിലര്‍ അത്ഭുതത്തോടെ നില്കും...
ആഹാരം പോലും കൃത്യമായി ലഭിക്കാത്ത ആ കുട്ടികള്‍ക്ക് അന്ന് പാട്ട് പഠിക്കാന്‍ പോകുന്നതിനെ കുറിച്ച് ആലോചിക്കാന്‍ പോലും ആവില്ലായിരുന്നു...
ജന്മസിദ്ധമായ വാസന കൊണ്ട് മാത്രം ഗായകരായ ആ കുട്ടികളുടെ അന്നത്തെ പാട്ടുകള്‍ ഇന്ന്  സ്റാര്‍ സിങ്ങറില്‍ പാടുന്നവരെക്കാള്‍ എത്രയോ മികച്ചതായിരുന്നു...
 നാട്ടിന്‍പുറത്തെ ഓല മേഞ്ഞ നാലാം ക്ലാസ് തീയേറ്ററില്‍ വല്ലപ്പോഴും കാണാന്‍ കഴിയുന്ന സിനിമകളാണ്  അന്ന്  പാട്ട് കേള്‍ക്കാനുള്ള ഏക മാര്‍ഗം.
ഇന്ന്  സുലഭമായി കാണുന്ന  radio  അന്ന് പഞ്ചായത്തില്‍ തന്നെ വിരലില്‍ എണ്ണാവുന്നതു    മാത്രവും... പാട്ടുകള്‍ കേട്ട് പഠിക്കാനുള്ള അവസരം പോലും
അപൂര്‍വമായിരുന്ന അക്കാലത്ത്  ഞങ്ങളുടെ സ്കൂളിലെ കമലൂസും മാത്തപ്പനും ബാബുവും  റാണിയുമെല്ലാം  മനോഹരമായി സ്റ്റേജില്‍ നിന്ന്  ഗാനങ്ങള്‍ ആലപിക്കുമായിരുന്നു..
(ഇതില്‍ കമലൂസിന്റെ  ഫീമെയില്‍ പാട്ടുകള്‍  ടീച്ചര്‍മാര്‍ ഉള്‍പ്പെടെ ഞങ്ങള്‍ കയ്യടിച്ചു പ്രോല്സാഹിപ്പിക്കുമായിരുന്നു...... ജാനകിയമ്മയുടെയും സുശീലാമ്മയുടെയും ഗാനങ്ങള്‍
അത്രയും മനോഹരമായി തന്നെ കമലൂസ്  പാടിയിരുന്നു...) പാട്ടുകള്‍ ഇഷ്ടപ്പെടുകയും പാട്ടുകാരെ സ്നേഹിക്കുകയും എന്നാല്‍ പാട്ട് പാടുന്നതില്‍ വലിയ പ്രാവീണ്യം ഇല്ലായിരുന്ന ഞങ്ങളില്‍ ചിലര്‍ ഈ പാട്ടുകാരുടെ സില്‍ബന്ധികളായി അവരുടെ കൂടെ കൂടും. സ്റ്റേജില്‍ പാടുക എന്നത് അന്നത്തെ വലിയ ആശയായിരുന്നു...ഒടുവില്‍ ആ ആഗ്രഹം സഫലമായത്  മാത്തപ്പന്‍ഒരു സമൂഹ ഗാന മത്സരത്തില്‍ ഞങ്ങളെ രണ്ടു മൂന്ന് പേരെ ഉള്‍പ്പെടുത്തിയപ്പോഴാണ്... സ്റ്റേജില്‍  പിന്നില്‍ നിന്ന് പാടുമ്പോഴും എന്റെ മുട്ടുകാല്‍ കൂട്ടിയിടിക്കുന്നുണ്ടായിരുന്നു...ആ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയതിനു കിട്ടിയ ചില്ല് ഗ്ലാസ്  കുറെ നാള്‍ സൂക്ഷിച്ചു വച്ചിരുന്നു.(പിന്നീടെപ്പോഴോ അത്  നിലത്തു വീണു ടഞ്ഞുപോയി)   

Tuesday, March 8, 2011

അരുണ ഷാന്ബാഗ്

പ്രിയ സുഹുര്തുക്കളെ 
ഇന്ന് മാര്‍ച് എട്ട്‌ -- അന്താരാഷ്‌ട്ര വനിതാ ദിനം....
ഏറെ പ്രതീക്ഷകള്‍ മാനവ സമൂഹത്തിനു സമ്മാനിച്ചുകൊണ്ടാണ്‌ ഇന്നത്തെ പ്രഭാതം മിഴി തുറന്നത് ...
ഇനിയും അസ്തമിച്ചിട്ടില്ലാത്ത മനുഷ്യ സ്നേഹത്തിന്റെയും ആര്‍ദ്രതയുടെയും പൊന്‍ കിരണങ്ങള്‍ മുഴുവന്‍ മനുഷ്യരാശിക്കുമേല്‍ ചൊരിഞ്ഞുകൊണ്ട്‌.... 
ഏകദേശം നാല് പതിറ്റാണ്ടായി ജീവച്ഛവമായി മുംബയിലെ കിംഗ്‌  Edward മെമ്മോറിയല്‍ ആശുപത്രിയില്‍ കഴിയുന്ന അരുണ ഷാന്ബാഗ്  എന്ന ഷിമോഗ സ്വദേശിനിയെ ദയാ വധത്തിനു വിധേയമാക്കണമെന്ന സുഹുര്‍ത്തും എഴുത്തുകാരിയുമായ പിങ്കി വിരാനിയുടെ അപേക്ഷ തള്ളികൊണ്ട്  സുപ്രീം കോടതി വിധി പ്രസ്താവിച്ചിരിക്കുന്നു...
വിധിയുടെ സാങ്കേതികത്വതെ വിശകലനം ചെയ്യുകയല്ല ഇവിടെ...എന്നാല്‍ കഴിഞ്ഞ മുപ്പത്തിയേഴ് വര്‍ഷക്കാലം സ്വന്തം സഹോദരിയെ പരിചരിക്കുന്നതു പോലെ അരുണയെ ശുശ്രൂഷിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന കെ ഇ എം ഹോസ്പിടലിലെ നൂറുകണക്കിന്  നഴ്സുമാര്‍ വിധിയില്‍ ആഹ്ലാദം പ്രകടിപ്പിച്ചു  മധുരം വിതരണം ചെയ്തുകൊണ്ട് പറഞ്ഞു:  അരുണയെ ഞങ്ങള്‍ മരണത്തിനു വിട്ടുകൊടുക്കില്ല...സ്വാഭാവിക മരണം സംഭവിക്കുന്നത്‌ വരെ ഞങ്ങള്‍ അവരെ പോന്നു പോലെ സംരക്ഷിക്കും...
മുംബയില്‍ നഴ്സായിരിക്കെ അറിയപ്പെടുന്ന ഒരു ക്രിമിനലിന്റെ   ബലാത്സംഗ ശ്രമത്തിനിടെ നായചങ്ങല കൊണ്ട് കഴുത്ത് മുറുകി തലച്ചോറിലേക്കുള്ള രക്തസ്രാവം നിലച്ചാണ് അരുണ കോമ സ്റ്റേജില്‍ എത്തിയത്...ഇപ്പോള്‍ അറുപതു വയസ്സായി...കാഴ്ചയും കേള്‍വിശക്തിയും നഷ്ടമായി...ദ്രവ രൂപത്തിലുള്ള ആഹാരം മാത്രം....മീന്‍ കറി അല്ലെങ്കില്‍ താറാവ്ഇറച്ചി കുഴച്ച ചോറ് നാവില്‍ വച്ചാല്‍ സന്തോഷത്തോടെ ചെറിയ പ്രതികരണം...സ്പര്‍ശനത്തോടും  ചെറുതായി പ്രതികരിക്കും... ആദ്യകാലത്ത്  അരുണയുടെ കാമുകന്‍ നിത്യേന ഹോസ്പിറ്റലില്‍ സന്ദര്‍ശനം നടത്തിയിരുന്നു...പിന്നീട് അയാള്‍ വരാതെയായി...ഇപ്പോള്‍ കെ ഇ എം ഹോസ്പിറ്റലിലെ ജീവനക്കാരുടെ കാരുണ്യം നുകര്‍ന്ന് ആശുപത്രി കിടക്കയില്‍...പുതിയ ഡീന്‍ ചാര്‍ജ് എടുത്തപ്പോള്‍ അനുഗ്രഹം വാങ്ങാന്‍ ആദ്യം എത്തിയത് അരുണയുടെ അടുത്താണ്...ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ നൂറുകണക്കിന് ജീവനക്കാര്‍ അരുണയെ മരണത്തിനു വിട്ടുകൊടുക്കില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചു അവരെ നെഞ്ചേറ്റി ലാളിക്കിന്നു....
                                       മനുഷ്യത്വം നീണാള്‍ വാഴട്ടെ....