വീട്....ഒരു സ്വപ്ന സാക്ഷാത്കാരം...
ഒരു വീടുണ്ടാകണം എന്ന ആഗ്രഹം കലശലായത് പെട്ടെന്നാണ്....അഥവാ പെട്ടെന്ന് രൂപപ്പെട്ട
സാഹചര്യ സമ്മര്‍ദ്ദമാകാം അങ്ങനെ ഒരു തോന്നല്‍ ഉളവാക്കിയത്...അതു വരെ ജനിച്ചു വളര്‍ന്ന മണ്ണില്‍ നിന്നും, തണലും കുളിരും തഴുകി ഉറക്കിയ വീട്ടില്‍ നിന്നും പടിയിറങ്ങേണ്ടി വരും എന്ന് ചിന്തിച്ചില്ല എന്നതായിരിക്കും സത്യം...പക്ഷെ അങ്ങനെ വേണ്ടി വന്നു.....സ്വന്തം ഓഹരി വിറ്റു കിട്ടിയ ചെറിയ തുകയുമായി സ്ഥലത്തിന് വേണ്ടിയുള്ള അന്വേഷണം...ഒടുവില്‍ സ്വന്തം നാട്ടില്‍ നിന്നും ഏറെ ദൂരെ, കാലം ചെല്ലാ മൂലയില്‍ (അമ്മയുടെ നാടന്‍ ഭാഷ) ചൊരി മണലില്‍ ഒരു പറമ്പ് ഏകദേശം മുപ്പത്തിയഞ്ചു സെന്റു സ്ഥലം സ്വന്തമാക്കി (ഈ പ്രദേശത്താണ് ജില്ലയില്‍ തന്നെ സ്ഥലത്തിന് ഏറ്റവും വിലക്കുറവ്...) വിശാലമായ ഒരു മണല്‍ പരപ്പ്...
ഏപ്രില്‍ മാസത്തെ കടുത്ത വേനലില്‍ തണല്‍ ഒട്ടുമില്ലാത്ത പറമ്പില്‍ ചൂടേറ്റു മണ്ണ് ഉരുകി ആവി ഉയരുന്ന പ്രതീതി. തണല്‍ നല്കാന് ആകെയുള്ളത് പറമ്പിന്റെ മൂലയില്‍ ഒരു പറങ്കി മാവ് മാത്രം...പിന്നെ അവിടവിടെയായി കായ ഫലം കുറഞ്ഞു കൂമ്പ് നേര്‍ത്ത കുറച്ചു കൊന്ന തെങ്ങുകളും...വളര്‍ന്ന ജീവിത പരിസരത്തിന്റെ കുളുര്മയില് ലയിച്ചു ചേര്‍ന്ന മനസ് പുതിയ പരിസരത്തോടു ഒട്ടും ഇണങ്ങിയില്ല ...പിന്നെ അങ്ങിനെ പോരല്ലോ എന്ന് തോന്നി... .ആദ്യം അതിരുകളില്‍ നൂറു കണക്കിന് കവുങ്ങിന് തൈകള്‍ വാങ്ങി നട്ടു...ഒട്ടു മിക്കതും ചൊരി മണലിന്റെ കടുത്ത ചൂട് പ്രതിരോധിക്കാനാവാതെ, വൈകാതെ കരിഞ്ഞുണങ്ങി....അതിജീവിച്ചതിനു അടുത്ത പറമ്പില്‍ നിന്നും ശേഖരിച്ച കരിയിലകളുടെ പുതയും, വെള്ളവും വാത്സല്യവും നല്കി....ആഹ്ലാദത്താല്‍ പുതു നാമ്പുകള്‍ നീട്ടി അവര്‍ നന്ദി പറഞ്ഞു....... അതോരാവേശമായി...വര്‍ഷങ്ങളോളം അനാഥമായി കിടന്നു മണ്ണിടിഞ്ഞു മൂടാറായ പറമ്പിലെ രണ്ടു കുളങ്ങളും ശുദ്ധീകരിച്ചു പുതിയ ഇനം കുള പായല്‍ ചെടികള്‍ നിക്ഷേപിച്ചു...അവ പെട്ടെന്ന് പടര്‍ന്നു കുളത്തില്‍ പച്ച പരവതാനി തീര്‍ത്തു...പിന്നീടു ഒരു കറുവയും, ആര്യവേപ്പും നട്ടു (രണ്ടും പ്രിയ മിത്രം ഷാജീവന്റെ സമ്മാനം) പറമ്പിന്റെ കിഴക്കും പടിഞ്ഞാറും അതിരുകളില്‍ അവര്‍ പിണങ്ങാതെ കടും ഹരിത വര്‍ണത്തില്‍ ഇലകള്‍ വീശി ചിരിച്ചു നിന്നു...മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നും മറ്റൊരു ചങ്ങാതി വാങ്ങി നല്കിയ സപ്പോട്ടയും പേരയും ജാംബയും പിറകേയെത്തി... പിന്നെ പല തരം നാടന്‍ മാവിന് തൈകള്‍, പ്ലാവിന് തൈകള്‍, പനിനീര് ജാംബ,സര്‍വ്വസുഗന്ധി, സോപ്പുമരം, കണി കൊന്ന,നാരക ചെടികള്‍, ചെന്തെങ്ങിന് തൈകള്‍ അങ്ങനെ അങ്ങനെ വൃക്ഷ തൈകളുടെ ഒരു ഘോഷയാത്ര....ഇടയ്കൊരുനാള്‍ പ്രിയ കഥാകാരി മാധവികുട്ടിയുടെ ഓര്‍മ്മക്കായി നട്ടത് ഒരു നീര്‍മാതള ചെടിയും...പറമ്പിന്റെ പല മൂലകളിലായി അവരെല്ലാം ഉത്സാഹത്തോടെ വളരാന്‍ തുടങ്ങി...ഇതിനിടെ രണ്ടു മുറിയും അടുക്കളയും ചെറിയ വരാന്തയും ഉള്ള ഒരു കുഞ്ഞു വീടിന്റെ പണി തുടങ്ങിയിരുന്നു...പലപ്പോഴായി സ്വരുക്കൂട്ടുന്ന ചെറിയ സമ്പാദ്യങ്ങള്‍ കൊണ്ട് പഞ്ച വത്സര പദ്ധതി എന്ന പോലെ വീട് പണി ഇഴഞ്ഞു നീങ്ങി...അപ്പോഴാണ് ജ്യോതിലക്ഷ്മി (സുഹുര്‍ത്ത് ) ഒരു ആശയം തന്നത് - ഒരു കുഞ്ഞു പൂന്തോട്ടം - നിറയെ പല പല വര്‍ണത്തിലുള്ള പൂക്കള്‍ നിറഞ്ഞു നില്ക്കുന്ന ഒരു സ്വാഭാവിക പൂന്തോട്ടം --- താമസിയാതെ പൂന്തോട്ടത്തിന്റെ പണി ആരംഭിച്ചു...
ചെമ്പരത്തിയും ചെത്തിയും, പാരിജാതവും, മുല്ലയും പിച്ചിയും പല വീടുകളില്‍ നിന്നായി സംഘടിപ്പിച്ചു ..പുരയിടത്തിന്റെ ഒഴിഞ്ഞ മൂലയില്‍ വൃത്താകൃതിയില്‍ ഒരു കുഞ്ഞു പൂന്തോട്ടം പതുക്കെ മുള പൊട്ടി....

വര്‍ഷങ്ങള്‍ എത്ര വേഗമാണ് ഓടി അകലുന്നത്...കൃത്യം നാല് വര്‍ഷത്തിനു ശേഷം ഒരു ഏപ്രില്‍ മാസം വീടിന്റെ പാലുകാച്ചല്‍...അടുത്ത ബന്ധുക്കളും സുഹുര്തുക്കളും അനുഗ്രഹവും ആശംസകളും നല്കി... പുതിയ വീട്ടില്‍ താമസവും തുടങ്ങി...രണ്ടു മാസം കടുത്ത വേനലിന്റെ ചൂടും, കൂടു മാറ്റത്തിന്റെ കനത്ത ഗൃഹാതുരത്വവും...
മൂന്നാം മാസം പുതിയ വീട്ടിലെ ആദ്യത്തെ മഴക്കാലം....ഇടവപ്പാതിയിലെ തോരാത്ത അമൃത വര്‍ഷം...രണ്ടു കുളങ്ങളും ഒറ്റ രാത്രിയില്‍ നിറഞ്ഞൊഴുകി...രാവിലെ കണി കണ്ടത് കുളക്കോഴികളെയും പിച്ച വച്ച് തുടങ്ങിയ മൂന്ന് കുഞ്ഞുങ്ങളെയും...മുറ്റത്തെ നീരൊഴുക്കില്‍ നിന്നും തള്ളകോഴി പരല്‍ മീനുകളെ കൊത്തിയെടുത്തു കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുന്നു... ആറു വയസ്സുകാരന് മകന് ആഹ്ലാദത്തോടെ ആ കാഴ്ച കണ്ടു നിന്നു...തവളകളുടെയും ചീവീടുകളുടെയും സംഗീതത്താല്‍
രാത്രികള്‍ ശബ്ദ മുഖരിതമായി...ഋതുക്കള്‍ മാറി...മരങ്ങള്‍ പഴുത്ത ഇലകള്‍ ഉരിഞ്ഞെറിഞ്ഞു പച്ച ഇലകള്‍ വാരിയണിഞ്ഞു...ചെത്തിയും ചെമ്പരത്തിയും പിച്ചിയും,മുല്ലയും പൂ വിരിച്ചു ചിരിച്ചു നിന്നു...
ഒരു നാള് ഉണര്‍ന്നത് കുഞ്ഞു കുരുവികളുടെ കിലുകിലുക്കം കേട്ടാണ് ...അവര്‍ കുറേപ്പേര് ഉണ്ടായിരുന്നു..ചുവന്ന ചെമ്പരത്തി പൂക്കളില്‍ അവര്‍ ആനന്ദ നൃത്തത്തില്‍ ആയിരുന്നു...കുഞ്ഞു കുരുവികളുടെ കൂട്ടത്തില്‍ രണ്ടു മൂന്നു നീണ്ടു വളഞ്ഞ ചുണ്ടുകളുള്ള മയില്‍ വര്‍ണ്ണ കുരുവികള്‍...
വീണ്ടും വന്നണഞ്ഞ വേനലില്‍, കണിക്കൊന്ന പൊന്നു വാരിയണിഞ്ഞു... സപ്പോട്ടയും, ജാംബയും, പ്ലാവും മാവും നിറയെ കായ്ച്ചു കണിയൊരുക്കി..പുതിയ വിരുന്നുകാര്- ഓലവാലന്‍, മഞ്ഞമൈന, അണ്ണാരക്കണ്ണന്, കരിങ്കുയില്, കുഞ്ഞിക്കുരുവികള്, ചിത്രശലഭങ്ങള്‍......
പുതിയ വീട്ടില്‍ കുടിയേറിയിട്ടു ഇപ്പോള്‍ പന്ത്രണ്ടു വര്‍ഷങ്ങള്‍..പുരയിടം വലിയ മരങ്ങളുടെ ചെറുവനമായി...ചോരിമണലില്‍ ആര്‍ത്തു വളരുന്നത് വിവിധയിനം പ്ലാവുകള്‍ - അവയില്‍ തേന്‍ വരിക്കയും, ചുവന്ന വരിക്കയും, കൂഴയും, ഇടിയന് ചക്കയും എല്ലാം പെടും...
ഇപ്പോള്‍ ഞങ്ങള്‍ അനുഭവിക്കുകയാണ് - ഞാനും ഭാര്യയും മകനും ഞങ്ങളുടെ കുഞ്ഞു വീടും, ഞങ്ങളുടെ അരുമകളായ മരങ്ങളും, ചെടികളും, ഞങ്ങളുടെ കിളികളും, ചെറു ജീവികളും....പ്രകൃതിയുടെ സമ്മോഹനമായ ശ്രുതിലയം...
വേനല്‍-മഴ-മഞ്ഞ് ....
