Saturday, February 12, 2011

ഭക്തിയോ? ഭ്രാന്തോ?


ഭക്തിയോ? ഭ്രാന്തോ?
ഇളയച്ഛന്റെ വീട് ചോറ്റാനിക്കര ക്ഷേത്രത്തിന്റെ തൊട്ടടുത്തായിരുന്നു....തീരദേശ ജില്ലയില്‍പെട്ട അരൂര് നിന്നും മലനാട്ടിലേക്കുള്ള യാത്ര ആനന്ദകരമായിരുന്നു...വേനല്‍കാലത്ത്‌ സ്കൂള്‍ അവധി  ആരംഭിക്കുമ്പോള്‍  മനസ്സ് കൊതിക്കുന്നത് അങ്ങോട്ടേക്കുള്ള യാത്രക്ക് വേണ്ടി മാത്രമാണ്...എന്നേക്കാള്‍ ആറു മാസം പ്രായ കുറവുള്ള ഇളയച്ഛന്റെ മകനും ഞാനും കൂടിയാല്‍ പിന്നെ ഉത്സവം പോലെയാണ്...ഒന്ന് രണ്ടാഴ്ച തിമിര്‍ത്തു ആഘോഷിച്ചു മടങ്ങുമ്പോള്‍ സങ്കടം തോന്നാറുണ്ട്...ബാല്യത്തിന്റെ ഗൃഹാതുരമായ  ഓര്‍മകളില്‍ ഇന്നും ആ ചോറ്റാനിക്കര ക്ഷേത്രവും അതിന്റെ ഗ്രാമാന്തരീക്ഷവും പച്ചയായി മനസ്സിലലിഞ്ഞു ചേര്‍ന്നിരിക്കുന്നു...

അത്തരം ഒരു വേനലവധിക്കാലം...ക്ഷേത്രത്തിലെ കീഴ്ക്കാവില്‍ വെള്ളിയാഴ്ച അര്‍ദ്ധ രാത്രിയാണ് കുരുതി പൂജയെന്ന ചടങ്ങ്...വിവിധങ്ങളായ മാനസിക രോഗങ്ങള്‍ക് അടിപ്പെട്ടു വിഭ്രാന്തികള്‍ക്ക് വിധേയരായി ക്ഷേത്രത്തില്‍ ഭജനയിരിക്കുന്ന ഭക്തര്‍ക്ക്‌  രോഗമോക്ഷത്തിനു നടത്തുന്ന പ്രത്യേക പൂജയാണ് കുരുതി പൂജ...കൂടുതലും യുവതികളായിരിക്കും ഈ ചടങ്ങില്‍ പങ്കെടുക്കുന്നത്. വെള്ളിയാഴ്ച അര്‍ദ്ധ രാത്രി കീഴ്ക്കാവ് ക്ഷേത്ര നട തുറക്കുമ്പോള്‍ ക്ഷേത്രകുളത്തില്‍ കുളിച്ചു ഈറന്‍ വസ്ത്രവുമായി യുവതികള്‍ നടയ്ക് മുമ്പിലെ വലിയ ആല്‍മരത്തില്‍ തറച്ച നീളം കൂടിയ ഇരുംപാണികളില്‍ ഭ്രാന്തമായ ആവേശത്തോടെ തല കൊണ്ട് ആഞ്ഞിടിക്കുന്നത് കണ്ടു വിറച്ചു നിന്ന് പോയി....ആ സമയത്തെ ആസുരമായ വാദ്യ ഘോഷങ്ങളും മണി കിലുക്കവും ഒക്കെ ചേര്‍ന്നു തണുത്തുറഞ്ഞ അന്തരീക്ഷത്തിലും ഭയം കൊണ്ട്  വിയര്‍പ്പു പൊടിഞ്ഞു...കൂറ്റന്‍ ആല്‍മരത്തില്‍ ചുറ്റിലും അഞ്ചടി പൊക്കത്തില്‍ പരിച പോലെ നിറയെ നാലിഞ്ചു നീളമുള്ള ആണികള്‍...ചിലര്‍ രണ്ടു കൈകള്‍ കൊണ്ട് മരത്തില്‍ പൊത്തിപിടിച്ച്‌  നെറ്റി കൊണ്ട് ഊക്കോടെ ആണിയില്‍ ആഞ്ഞിടിക്കുമ്പോള്‍ രക്തം ചീറ്റുന്നു...തളര്‍ന്നു വീഴുന്ന ചില യുവതികളുടെ ചോരയൊലിക്കുന്ന മുഖത്തേക്ക്  രക്ഷകര്താക്കള്‍ മഞ്ഞള്‍പ്പൊടി വാരിപ്പൊത്തുന്നു.....ക്ഷേത്രത്തിലെ പ്രസാദമായ കുരുതി തീര്‍ത്ഥം(ഇതിനും രക്ത നിറമാണ്) ബലമായി വീണ്‌കിടക്കുന്നവരുടെ വായില്‍ ഒഴിച്ച് കൊടുക്കുന്നു..   ഭയം കൊണ്ട്  തല ചുറ്റുന്നു.... എന്താണിത്....ഈശ്വരാ...ഭക്തിയോ -  ഭ്രാന്തോ? ഇളയച്ഛന്റെ മകന്റെ കൈ പിടിച്ചു വലിച്ചു പുറത്തേക്കു വേഗം നടന്നു...ഇന്നും അന്ധമായ അനാചാരങ്ങളെ ചോദ്യം ചെയ്യാന്‍ ആന്മബലം നല്‍കുന്നത്  ബാല്യത്തില്‍ മനസ്സിനെ വേട്ടയാടിയ ഈ കാഴ്ചയാണ്  -  അന്ന് മനസ്സിനേറ്റ ആഘാതവും..  

3 comments:

  1. അന്ധവിശ്വാസവും,അനാചാരവും സമൂഹത്തിൽ നാൾക്കുനാൾ കൂടിവരുന്നു.എല്ലാ മതങ്ങളിലുമുണ്ട് സമാനമായ അനാചാരങ്ങൾ.ഇതിനെതിരെ പ്രതികരിക്കുന്നവർ ഒറ്റപ്പെട്ടുപോകുന്ന അവസ്ഥയാണിന്ന്.

    ReplyDelete
  2. പതിവ് പോലെ ചെറു കുറിപ്പ് അസ്സലായി..
    അളിയാ ..ഒരു പോസ്റ്റിട്ടു പിന്നെ മുങ്ങുന്ന പരിപാടി നിര്‍ത്തണം..

    ReplyDelete
  3. നന്നായിട്ടൂണ്ട് കേട്ടോ ഈ ചെറൂകുറിപ്പും...

    ReplyDelete

നിങ്ങളുടെ പ്രതികരണങ്ങളാണ് എന്റെ ശക്തിയും പ്രോത്സാഹനവും ..
എന്തും തുറന്നു പറയാം