Friday, January 21, 2011

ഗൌരിയമ്മ ഒരോര്മ്മചിത്രം...

ഗൌരിയമ്മ ഒരോര്മ്മചിത്രം...
'വിപ്ലവത്തിന്‍ വീരപുത്രി  കെ ആര്‍  ഗൌരി സിന്ദാബാദ്‌...." രാഷ്ട്രീയം തിരിച്ചറിഞ്ഞു തുടങ്ങുമ്പോള്‍ ഞങ്ങള്‍ മനസ്സില്‍ കോറിയിട്ട അന്നത്തെ ഒരു ജനകീയ മുദ്രാവാക്യമാണ് മുകളില്‍ എഴുതിയത്... എന്പതുകളുടെ തുടക്കത്തില്‍ ഒരിക്കല്‍ ഞങ്ങളുടെ കൊച്ചു പാര്‍ട്ടി ഓഫീസിന്റെ മൂട്ടകള്‍ സ്ഥിര താമസമാക്കിയ ചൂരല്‍ കസേരയില്‍ ഇരുന്നു ദേശാഭിമാനി പത്രം വായിക്കുമ്പോള്‍ പെട്ടെന്ന് അകത്തേക്ക് വന്ന ആളെ കണ്ടു അത്ഭുത ആദരങ്ങളോടെ എഴുന്നേറ്റു....കറുത്ത കട്ടി ഫ്രൈമുള്ള കണ്ണടയും   ഇസ്തിരിയിട്ട്  സുന്ദരമാക്കിയ വെള്ള കോട്ടന്‍ സാരിയും ചുവന്ന ബ്ലൌസും ധരിച്ചു സാക്ഷാല്‍ ഗൌരിയമ്മ...കൂടെ അന്നത്തെ കൊടിമൂത്ത കമ്മുണിസ്റ്റുകാരായ രാഹേല്‍ കൊച്ചമ്മയും ടി എ കൃഷ്ണനും...കമ്മ്യുനിസ്റ്റു എന്നാല്‍  പോലീസുകാരുടെ തല്ലുകൊള്ളാന്‍ വേണ്ടിയുള്ളവര്‍ എന്ന പൊതു ചിന്താഗതി നിലനില്‍ക്കുന്ന കാലം...കൈതപ്പുഴ കായലിനോട് ചേര്‍ന്ന് ഓടിട്ട ഒറ്റ മുറികള്‍ ചേര്‍ന്ന ഒരു പഴയ കെട്ടിടം..അതില്‍ ഒരു കുടുസ്സു മുറിയായിരുന്നു സി ഐ ടി യുവിന്റെയും സിപിഎമ്മിന്റെയും അരൂരിലെ ഒരേയൊരു ആപ്പീസ്...എന്നെയും കൂടെയുണ്ടായിരുന്ന രണ്ടു കൂട്ടുകാരെയും കണ്ടു രാഹേല്‍ കൊച്ചമ്മയോടു എല്ലാവര്ക്കും ചായ വാങ്ങി കൊടുക്കാന്‍ സഖാവിന്റെ ഓര്‍ഡര്‍....തൊട്ടടുത്ത ഹരിദാസന്റെ  ചായക്കടയില്‍ നിന്നും കൊണ്ടുവന്ന ചായയും പരിപ്പുവടയും ഞങ്ങള്‍ക്കൊപ്പമിരുന്നു ഗൌരിയമ്മയും കഴിച്ചു..."ഇവരെ കെഎസ് വൈ എഫിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെടുത്തണം" കൂടെയുണ്ടായിരുന്ന ടി എ കൃഷ്ണന് നിര്‍ദേശം കൊടുത്തുകൊണ്ട് ഞങ്ങളെ നോക്കി ഗൌരിയമ്മ പറഞ്ഞു...."നിങ്ങളെ പോലുള്ള ചെറുപ്പക്കാരിലാണ്   ഇനി ഈ പ്രസ്ഥാനത്തിന്റെ പ്രതീക്ഷ....." 
കാലം അശ്വവേഗത്തില്‍ പാഞ്ഞുകൊണ്ടിരുന്നു...കൈതപ്പുഴ കായലിലൂടെ ജലം പ്രളയം പോലെ പാഞ്ഞൊഴുകി അത്യഗാധമായ അറബിക്കടലില്‍ അലിഞ്ഞു ചേര്‍ന്നു....ഗൌരിയമ്മ വിപ്ലവമുപേക്ഷിച്ചു കോണ്‍ഗ്രസിന്റെ മുന്നണിയില്‍ ചേര്‍ന്നു...ടി എ കൃഷ്ണനും രാഹേല്‍ കൊച്ചമ്മയും ഓര്‍മ്മയായി...ഗൌരിയമ്മയോടുള്ള  ആരാധന മൂത്ത് സ്വന്തം മകന്  ഗൌരീശനെന്നു പേരിട്ടു ടി എ കൃഷ്ണന്‍....ഗൌരീശന്‍ ഇപ്പോള്‍  കോണ്‍ഗ്രസ്‌ മുന്നണിയില്‍ ചേര്‍ന്നു അരൂര്‍ പഞ്ചായത്ത്  അംഗമായി.....


6 comments:

  1. അളിയാ ..ഓര്‍മ്മകള്‍ ചുവപ്പിക്കുന്ന പോസ്റ്റ് ...കാലം പിന്നെയും കൈതപ്പുഴയിലെ ഓളങ്ങള്‍ക്കൊപ്പം ഒഴുകി ....ടി എ കൃഷ്ണനും രഹേല്‍ കൊച്ചമ്മയും ഓര്‍മ്മകള്‍ ആയി ..ഗൌരി അമ്മയും ഗൌരീശനും കോണ്ഗ്രസ് മുന്നണിയിലെ പോരാളികളായി ..
    ഗൌരി അമ്മയുടെ ഒരു പടം കൂടി കൊടുക്കാമായിരുന്നു ..

    ReplyDelete
  2. പഴയ ഒരു ഓര്‍മ്മപെടുത്തലിനു നന്ദി പാര്‍ട്ടിയോടുള്ള സ്നേഹം മൂത്ത് അപ്പുപ്പന്‍ വീട് മറന്ന കാലംഇളയ പെങ്ങളെ കെട്ടിക്കാന്‍ അച്ഛന്‍ ഓടിനടന്നു ദേശിയ പാതയോരത്തെ അര ഏക്കര്‍ വെറും 5000 രൂപക്ക് ഗൌരിയമ്മ വാങ്ങി അച്ഛനെ രക്ഷിച്ചു പാര്‍ട്ടി വലുതായി പത്രമായി ചാനലായി പാര്‍ക്കുകള്‍ ആയി അന്ധനായ അപ്പുപ്പന് പാര്‍ട്ടി ലേഖനങ്ങള്‍ വായിച്ചു കൊടുത്ത ആദ്യത്തെ അറിവായിരുന്നു നമ്മുടെ പാര്‍ട്ടിയെ പറ്റി

    ReplyDelete
  3. നന്നായി ഈ ഓർമ്മകൾ പങ്കുവെച്ചത്, ചില ഓർമ്മകൾ നമുക്ക് ഉണ്ടായിരിക്കണമെല്ലോ, തീർച്ചയായും!

    ReplyDelete
  4. ഓർമ്മപ്പിശക് ഒട്ടും ഇല്ലാത്ത ഓർമ്മക്കുറിപ്പുകളും അതോടൊപ്പമുള്ള ഓർമ്മപ്പെടുത്തലുകളും...
    ഉഗ്രനായിട്ടുണ്ട് ഭായ്

    ReplyDelete
  5. ഇതാണല്ലെ വൈരുദ്ധ്യാത്മക..
    (കിട്ടുന്നില്ല, ഡയലെക്റ്റിക്കല്‍ മെറ്റീരിയലിസം ആണുദ്ദേശിച്ചത്)

    ReplyDelete

നിങ്ങളുടെ പ്രതികരണങ്ങളാണ് എന്റെ ശക്തിയും പ്രോത്സാഹനവും ..
എന്തും തുറന്നു പറയാം