Thursday, September 27, 2012

മറക്കാത്ത ഒരു ബുക് മാര്‍ക്‌

മറക്കാത്ത ഒരു ബുക് മാര്‍ക്‌
ഡോ.കെസി.കൃഷ്ണകുമാര്‍
നാട്ടുവായനശാല ഒരു കൂട്ടായ്മയാണ്. ഏതു നാടിന്റെയും നാഡിമിടിപ്പ് അറിയുന്ന ഇടം. ലോകവൃത്താന്തങ്ങള്‍ അറിയാന്‍ പത്രങ്ങളും റേഡിയോയും മാത്രമേ ഉണ്ടായിരുന്നുള്ളു എന്റെ കുട്ടിക്കാലത്ത്. അതുകൊണ്ട് വായനശാലകളിലെ പ്രഭാതങ്ങളും വൈകുന്നേരങ്ങളും വളരെ സജീവമായിരുന്നു. ഞങ്ങളുടെ നാട്ടിലെ വായനശാല, അങ്ങനെ വെറുമൊരു നാട്ടുവായനശാലയായിരുന്നില്ല. ഇമ്മിണി വല്യ പാരമ്പര്യമുണ്ട് അതിന്. അമ്പലപ്പുഴക്ഷേത്രത്തിനു പടിഞ്ഞാറുഭാഗത്തായി പഴയമട്ടിലുള്ള ഒരു കെട്ടിടം. രണ്ടുനിലയുണ്ട്. തടിയില്‍ പണിത തട്ടിന്‍പുറത്താണ് മുകള്‍നില. ആ കെട്ടിടത്തിന്റെ 'വലിപ്പവും തലപ്പൊക്കവും' കുട്ടിക്കാലത്തുതന്നെ മനസ്സില്‍ ഇടംപിടിച്ചിരുന്നു.

അമ്മയുടെ സ്‌കൂളില്‍ ചെല്ലുമ്പോഴും ബന്ധുവീടുകളില്‍ ചെല്ലുമ്പോഴും എവിടെയെങ്കിലും യാത്രപോകുമ്പോഴും വായനശാലയെക്കുറിച്ച് പലരും ചോദിക്കും. സ്വന്തക്കാരെ ആരെയോ അന്വേഷിക്കുന്നതുപോലയാണ് അപ്പോള്‍ തോന്നുക. അന്നേ ഉറപ്പിച്ചു, അതൊരു വലിയ സംഭവമാണെന്ന്. പി.കെ.മെമ്മോറിയല്‍ എന്നറിയപ്പെടുന്ന ആ ഗ്രന്ഥശാല കേരളത്തിലെ രജിസ്റ്റര്‍ ചെയ്ത ആദ്യഗ്രന്ഥാലയമാണെന്ന ചരിത്രം മനസ്സിലാക്കുമ്പോള്‍ ഞാന്‍ അക്ഷരം കൂട്ടിവായിക്കാന്‍ തന്നെ പഠിച്ചിരുന്നില്ല. എങ്കിലും ആ ഗ്രന്ഥശാലയെക്കുറിച്ച് ആരെങ്കിലും ചോദിക്കുമ്പോള്‍ ഗമയോടെ തലകുലുക്കും. സാഹിത്യ പഞ്ചാനനന്‍ പി.കെ.നാരായണപിള്ളയെ അറിയുമെന്ന മട്ടില്‍. അക്ഷരം അറിയില്ലെങ്കിലും അപ്പച്ചിയുടെയും മറ്റും കൂടെ പലപ്പോഴും ആ ഗ്രന്ഥശാലയില്‍ പോകുമായിരുന്നു.

താഴത്തെനിലയില്‍, റോഡില്‍നിന്ന് കയറിച്ചെല്ലുന്ന മുറിയിലാണ് പത്രം വായിക്കാനുള്ള സ്ഥലം. അവിടെ ആളുകള്‍ പലതരത്തിലുരുന്ന് പത്രം വായിക്കും. കാഴ്ചക്കുറവുള്ളവര്‍ പടിയിലിറങ്ങിനിന്ന് വെളിച്ചത്തിനുനേരേ പത്രം ചെരിച്ചുപിടിക്കും. ഡസ്‌കില്‍ തലതാഴ്ത്തിവച്ചാണ് ചിലരുടെ വായന. ഓരോരുത്തരും പത്രം വായിക്കുന്നതിന്റെ രീതികള്‍ നോക്കി ഞാന്‍ വെറുതേ അങ്ങനെ നില്‍ക്കും. മലയാളത്തിലും ഇംഗ്ലീഷിലുമായി കുറേയധികം പത്രങ്ങള്‍. പത്രത്തന്റെ ഓരോ പേജും ഓരോരുത്തരുടെ കൈയിലായിരിക്കും. പത്രം പല കഷണങ്ങളാക്കി വേര്‍തിരിച്ചു വച്ചിരിക്കുന്നത് കാണുമ്പോള്‍ അന്നേ എനിക്ക് സങ്കടമായിരുന്നു. ഇപ്പോഴും ഏതു പത്രവും മുഴുവനായി കിട്ടിയാലേ എനിക്ക് മനസ്സമാധാനത്തോടെ വായിക്കാനാവൂ. അല്ലെങ്കില്‍ എന്തോ ഒരു കുറവുള്ളതുപോലെ തോന്നും. ഒരു പേജല്ലേ വായിക്കുന്നുള്ളു എന്ന ന്യാത്തിനൊന്നും അവിടെ സ്ഥാനമില്ല.

അക്കാലത്തൊക്കെ പത്രങ്ങളില്‍ വാര്‍ത്തയുടെ പ്രധാന ഭാഗങ്ങള്‍ ആദ്യപേജുകളില്‍ കൊടുക്കും. ശേഷം ഇത്രാം പേജില്‍ എന്നൊരു കുറിപ്പും ചേര്‍ക്കും. അതുകൊണ്ട് വാര്‍ത്തയുടെ ഒരു ഭാഗം വായിച്ചുകഴിഞ്ഞവര്‍ മറ്റേഭാഗമുള്ള പേജിനായി കാത്തിരിക്കും. ആര്‍ക്കും ഒന്നും പറയാനില്ല, നിശ്ശബ്ദത പാലിക്കുക എന്ന് ഭിത്തിയില്‍ എഴുതിവച്ചിട്ടുണ്ട്. അത് പാലിച്ചേ പറ്റൂ. അല്ലെങ്കില്‍ ലൈബ്രറേറിയന്‍ കണ്ണുരുട്ടി പേടിപ്പിക്കും. പക്ഷേ, ഇന്ദിരാഗാന്ധി മരിച്ചപ്പോഴും മറ്റും വായനശാലയുടെ ഹാളില്‍ വലിയ സംസാരങ്ങള്‍ ഞാന്‍ കേട്ടിട്ടുണ്ട്. അപ്പോള്‍ എല്ലാവരും വായിക്കുന്ന വാര്‍ത്തകള്‍ ഒന്നാണ്. അതുകൊണ്ട് അതേ വിഷയത്തിലുള്ള സംസാരം ആര്‍ക്കും ശല്യമാവില്ലല്ലോ. രാവിലെയും വൈകിട്ടും റേഡിയോ ഓണ്‍ചെയ്യും. മുളിലെ നിലയില്‍നിന്നാണ് ഒച്ച വരുന്നത്. വാര്‍ത്ത കേള്‍ക്കുന്നത്രയും സമയം പലരും പത്രവും കൈയില്‍പിടിച്ച് ചെവികൂര്‍പ്പിച്ചിരിക്കും. പ്രധാനപ്പെട്ട വാര്‍ത്തകളുണ്ടെങ്കില്‍ വായനശാലയുടെ പുറത്ത് ചെറിയൊരു ആള്‍ക്കൂട്ടം ഉണ്ടാവും. ഇലക്ഷന്റയും മറ്റും ഫലം വരുമ്പോള്‍ വലിയൊരു കൂട്ടവും.

താഴത്തെ നിലയിലാണ് പുസ്തകശേഖരം. അലമാരകള്‍ തിങ്ങിനിറഞ്ഞതിനാല്‍ വെളിച്ചം നന്നേ കുറവ്്. പഴയ പുസ്തകത്തിന്റെ മണവും പൊടിയുും ഒക്കെ കലര്‍ന്ന ഒരു അന്തരീക്ഷം. അക്ഷരം അറിയാത്തഞാന്‍ എല്ലാ പുസ്തകങ്ങളും അലമാരയില്‍ നിന്ന് എടുത്ത് കൗതുകത്തോടെ തുറന്നുനോക്കും. ഒരു വ്യത്യാസവുമില്ല, എല്ലാം ഒരുപോലെ തന്നെ. ഇടയ്ക്കിടെ കര്‍ക്കശക്കാരനായ ലൈബ്രറേറിയനെയും നോക്കും. അദ്ദേഹം കണ്ണടയുടെ ചില്ലിനു മുകളിലൂടെ എന്നെയും നോക്കും. മെലിഞ്ഞു നീണ്ട ആ മനുഷ്യനെ എനിക്കു വലിയ പേടിയായിരുന്നു. പുസ്തകത്തില്‍ വര വീണതിനും മറ്റും പലരോടും തട്ടിക്കയറുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അപ്പോഴെനിക്ക് കഥകളിയിലെ ദുര്‍വാസാവ് മഹര്‍ഷിയെ ഓര്‍മ്മവരും. വലിയ പ്രതാപമുള്ള പച്ചവേഷങ്ങളൊക്കെ മെലിഞ്ഞുണങ്ങിയ താടിക്കാരന്റെ മുന്‍പില്‍ പേടിച്ചുനില്‍ക്കുന്ന രംഗം. അതുപോലെ അധ്യാപകരും ബാങ്ക് മാനേജരും അങ്ങനെ പലരും ലൈബ്രറേറിയന്റെ മുന്‍പില്‍ വളരെ ബഹുമാനത്തോടെയാണ് നില്‍ക്കുക.


എന്നെ ഒരിക്കല്‍പ്പോലും ലൈബ്രറേറിയന്‍ വഴക്കുപറഞ്ഞിരുന്നില്ല. അതിന്റെ കാരണം ഞാന്‍ പിന്നീടാണ് മനസ്സിലാക്കിയത്. പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ വായിച്ചു നിര്‍ത്തിയ ഭാഗം ഓര്‍മ്മിക്കാനായി പേജിന്റെ ഒരു മൂല മടക്കിവയ്ക്കുന്ന ശീലം ചിലര്‍ക്കുണ്ട്. വെറുതേ പുസ്തകങ്ങള്‍ തുറന്നു നോക്കുമ്പോള്‍ അത്തരം മടക്കുകള്‍ ഞാന്‍ നിവര്‍ത്തിവയ്ക്കുമായിരുന്നു. ഇത് ആ ലൈബ്രറേറിയന്‍ കാണുകയും തിരിച്ചറിയുകയും ചെയ്യുന്നുണ്ടെന്ന് ഞാനറിഞ്ഞിരുന്നില്ല. എങ്കില്‍ എന്റപേടി എത്ര കുറഞ്ഞേനെ! വളര്‍ന്നപ്പോള്‍ ആ മനുഷ്യനെ എനിക്ക് പതുക്കെ പതുക്കെ മനസ്സിലായി. പുസ്തകങ്ങളെ മക്കളെപ്പോലെ കരുതിയ ഒരാള്‍. പേടിമാറിയപ്പോള്‍ ഒരു നല്ല പുസ്തകത്തെ എന്നപോലെ അദ്ദേഹത്തെ ഞാന്‍ സ്‌നേഹിച്ചു, ബഹുമാനിച്ചു. ആ ഗ്രന്ഥശാലയിലെ ഓരോ പുസ്തകത്തിലെയും ഓരോ വരിയിലും എന്താണ് അച്ചടിച്ചിരിക്കുന്നതെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. പക്ഷേ, ഞാന്‍ ഗൗരവമുള്ള വായനയുടെ ലോകത്തേക്ക് കടന്നപ്പോഴേക്കും അദ്ദേഹം ഈ ലോകത്തുനിന്ന് പൊയ്ക്കളഞ്ഞു, വിടപറയാതെ തന്നെ! ആ ലൈബ്രറേറിയന്റെ ഓര്‍മ്മകള്‍ പഞ്ചതന്ത്രം കഥകളുടെയും ഐതിഹ്യമാലയുടെയും പഴഞ്ചന്‍ താളുകള്‍ക്കിടയില്‍ ചിതറിക്കിടക്കുകയാണ് ഇപ്പോഴും. ശരിയായി വായിച്ചെടുക്കാനാവാത്ത ഒരു കഥ പോലെ.

വായനശാലയില്‍ നിന്ന് അപ്പച്ചി പുസ്തകങ്ങള്‍ എടുക്കുമ്പോള്‍ എനിക്കും ഒരു പുസ്തകം എടുത്തുതരും. ഒറ്റ അക്ഷരം പോലും വായിക്കാനറിയില്ലായിരുന്നു, എങ്കിലും വെറുതേ പടം നോക്കിയിരിക്കും. കുട്ടികള്‍ക്കായി പടമുള്ള പുസ്തകങ്ങളൊക്കെ അക്കാലത്ത് കുറവായിരുന്നു. അക്ഷരം പഠിച്ചതോടെ വായനശാലയോടുള്ള അടുപ്പത്തിനും അര്‍ത്ഥമുണ്ടായി. വൈകുന്നേരങ്ങളില്‍ അച്ഛനോടോപ്പം അമ്പലത്തിലേക്ക് പുറപ്പെടാറുണ്ട്. ചിലപ്പോള്‍ ഞാന്‍, ചിലപ്പോള്‍ ഏട്ടന്‍, അല്ലെങ്കില്‍ രണ്ടുപേരും. അമ്പലത്തിലെ ചൂടുള്ള കരിങ്കല്‍ തറയിലൂടെ നടക്കാന്‍ നല്ലരസമാണ്. ഉച്ചവെയിലിന്റെ ചൂട് രാത്രിയിലും കല്ലില്‍ പറ്റിനില്‍ക്കും. ദീപാരാധന കഴിഞ്ഞാല്‍ ജീനാ ഹോട്ടലില്‍ നിന്ന് ദോശയും ഉഴുന്നുവടയും. അതാണ് പതിവ്. 'സാറിന്റെ മോനൊരു നെയ്‌റോസ്റ്റ്' എന്നുവിളിച്ചു പറയുന്നത് ഇപ്പോഴും ചെവിയിലുണ്ട്. നാട്ടിന്‍ പുറത്തെ ഹോട്ടലുകളില്‍ അങ്ങനെയാണ്. പണിക്കരുചേട്ടനൊരു ചായ, മത്തായിച്ചന് കട്ടന്‍... അങ്ങനെ എല്ലാത്തിനും മേല്‍വിലാസമുണ്ട്.

ഹോട്ടലില്‍ നിന്ന് നേരേ വായനശാലയിലേക്കാണ് എന്റെ പോക്ക്. അച്ഛന്‍ അമ്പലത്തിലേക്കും. മുകളിലത്തെ നിലയിലാണ് പ്രസിദ്ധീകരണങ്ങള്‍ വായിക്കാനുള്ള സ്ഥലം. ഏതാണ്ട്് എല്ലാ പ്രസിദ്ധീകരണങ്ങളും അവിടെയുണ്ട്. അക്കാലത്ത് രണ്ട് ആഴ്ച കൂടുമ്പോഴേ ബാലപ്രസിദ്ധീകരണങ്ങള്‍ വരൂ. മിക്കതും കാവിയും കറുപ്പും നിറത്തില്‍ അച്ചടിച്ചവ. പൂമ്പാറ്റ, ബാലരമ, തുടങ്ങിയവയിലാണ് എന്റെ കണ്ണ്. അമ്പിളിയമ്മാവനും ഇഷ്ടമായിരുന്നു. അതില്‍ നിറമുള്ള ചിത്രങ്ങള്‍ കാണും. വേതാളത്തെ തോളിലിട്ടു പോകുന്ന വിക്രമാദിത്യന്റെ ചിത്രം അന്ന് കണ്ടത് ഇപ്പോഴും കാണാം. അഞ്ചുമുതല്‍ എട്ടുവരെയാണ് വായനാസമയം. നമുക്കുവേണ്ട പുസ്തകം മറ്റാരെങ്കിലും വായിക്കുകയാണെങ്കില്‍, കഴിയും വരെ കാത്തിരിക്കണം. വായനാമുറിയില്‍ മിണ്ടാന്‍ പാടില്ല. മറ്റെന്തെങ്കിലുമൊക്കെ വായിച്ച് സമയം കളയും. അല്ലെങ്കില്‍ മുകളിലത്തെ നിലയിലെ ജനലിലൂടെ താഴേക്ക് നോക്കി വെറുതേയിരിക്കും. മുകളിലിരുന്ന് നോക്കുമ്പോള്‍ മനുഷ്യരേയും മൃഗങ്ങളേയും ഒക്കെ മറ്റൊരു രീതിയിലാണ് കാണുക. അതുകൊണ്ട് എത്രനേരം നോക്കിയിരുന്നാലും മുഷിപ്പുതോന്നില്ല. കാത്തിരിപ്പിനിടയിലും രണ്ടുമൂന്നു ദിവസം കൊണ്ടുതന്നെ കുട്ടിപ്രസിദ്ധീകരണങ്ങളെല്ലാം വായിച്ചു തീരും.



മുകളിലത്തെ നിലയിലെ വായനാമുറിയിലേക്കുള്ള പടികള്‍ തടികൊണ്ട് ഉണ്ടാക്കിയതാണ്. ഓരോരുത്തരും പടികയറിവരുമ്പോള്‍ വലിയ ശബ്ദം കേള്‍ക്കും. വായനാമുറിയിലെ നിശ്ശബ്ദതയിലേക്ക് ആ ശബ്ദം തുളച്ചുകയറും. വായിക്കുന്ന കഥകളോടൊപ്പം ആ ശബ്ദവും മന്നസ്സില്‍ പതിയും. പിന്നീട് ഞാന്‍ പൂമ്പാറ്റ വീട്ടില്‍ വരുത്താന്‍ തുടങ്ങി. വീട്ടിലിരുന്ന് പൂമ്പാറ്റ വായിക്കുമ്പോഴും വായനശാലയില്‍ കേട്ട പടികയറുന്ന ശബ്ദം കേള്‍ക്കുന്നതുപോലെ തോന്നുമായിരുന്നു കുറേക്കാലം. രണ്ടാം നിലയിലിരുന്ന് വായിച്ചു തുടങ്ങിയതുകൊണ്ടാവണം, പകല്‍സമയത്തൊക്കെ മരത്തിനു മുകളില്‍ കയറിയിരുന്നായിരുന്നു എന്റെ വായന. മിക്കപ്പോഴും കിഴക്കുവശത്ത കൂനന്‍പ്ലാവില്‍. അണ്ണാറക്കണ്ണനും കളികളും യഥാര്‍ത്ഥ പൂമ്പാറ്റയുമൊക്കെയുണ്ടാവും കൂട്ടിന്.

കുട്ടിപ്പുസ്തകങ്ങളില്‍നിന്ന് വലിയ പുസ്തകങ്ങളിലേക്ക് നടന്നതുപോലെ നാട്ടില്‍ നിന്ന് അന്യനാടുകളിലേക്കായിരുന്നു പിന്നെയുള്ള യാത്ര. ആദ്യം പഠിക്കാനായി തിരുവനന്തപുരത്തേക്ക്. അവിടുത്തെ വമ്പന്‍ ലൈബ്രറികള്‍ കണ്ട് ഞാന്‍ അന്തംവിട്ടുപോകാതിരുന്നത് പി.കെ.മെമ്മോറിയല്‍ ഗ്രന്ഥശാലയുമായുള്ള ചങ്ങാത്തം കൊണ്ടുമാത്രമാണ്. പിന്നെ ജോലിക്കായി കൊച്ചിയിലെയും കോഴിക്കോട്ടെയും നഗരത്തിരക്കുകളില്‍. ജോലി, കുടുംബം അങ്ങനെ പുതിയ പുസ്തകത്തിന്റ പേജുകള്‍ ഒന്നൊന്നായി വായിച്ചു തുടങ്ങി. എങ്കിലും വായനശാലയുടെ ആ പഴയ കെട്ടിടം മനസ്സിലുണ്ട്. അക്ഷരങ്ങള്‍ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന ആ മഹാമൗനം.

പി.കെ.മെമ്മോറിയല്‍ ഗ്രന്ഥശാലയില്‍ പുതിയ കെട്ടിടങ്ങളും പുതിയ ആളുകളുമൊക്കെ വന്നു. പക്ഷേ, പഴയ രണ്ടുനിലക്കെട്ടിടം തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്, ഒട്ടും പരിചയക്കുറവില്ലാതെ. ഞാന്‍ വായിക്കുന്ന ഏതു പുസ്തകത്തിലും ഇപ്പോഴും ബുക് മാര്‍ക്കായി വയ്ക്കുന്നത് പി.കെ മെമ്മോറിയല്‍ ഗ്രന്ഥശാലയുടെ ഓര്‍മ്മയാണ്.

9 comments:

  1. ഡോക്ടര്‍ കൃഷ്ണകുമാറിന്റെ ഈ കുറിപ്പ് വല്ലാത്ത ഗൃഹാതുരത്വത്തിലേക്ക് എന്നെയും കൊണ്ടുപോയി....ഏതു നാട്ടില്‍ ചെന്നാലും ആദ്യം കയറുന്നത് അവിടത്തെ വായനശാലയില്‍ ആയിരിക്കും...ബാല്യം മുതല്‍ തുടങ്ങിയ വായനശാല സമ്പര്‍ക്കം ഇന്നും ഒരു ജീവിത വൃതമായി തുടരുന്നു...നന്ദി... കടപ്പാട്: Dr.K.C.Krishna Kumar, Mathrubhumi Online

    ReplyDelete
  2. പങ്കുവെച്ചതില്‍ സന്തോഷം..

    ReplyDelete
  3. പണ്ട് ഏതാണ്ട് എല്ലായിടത്തും ഇത്തരം ലൈബ്രറികള്‍ കാണാമായിരുന്നു, ഇത്രയും വലുതല്ലെങ്കിലും. ഞാനും ചെറുപ്പം മുതലേ ഒരു ചെറിയ ലൈബ്രറിയുമായി ബന്ധപ്പെട്ടാണ് വളര്‍ന്നത്. 'താഷ്കന്റ് തിയ്യറ്റേഴ്സ് & ലൈബ്രറി' വാടക കെട്ടിടങ്ങള്‍ മാറി മാറി അതും വളര്‍ന്നു. ഇന്നിപ്പോള്‍ ഞങ്ങളുടെ ഗ്രാമത്തില്‍ രണ്ടു നിലയുള്ള ഒരു കെട്ടിടമായി ഗവന്മേറ്റ്‌ ഗ്രാന്റോടെ തലയുയര്‍ത്തി നില്‍ക്കുന്നു. വായന അന്നത്തെതില്‍ നിന്നും പടിപടിയായി വളര്‍ന്നു വന്നു. ഇടക്ക്‌ ഒരു മാന്ദ്യം വന്നെങ്കിലും ഞാന്‍ കഴിഞ്ഞ ലീവിന് പോയപ്പോള്‍ വലിയ തോതിലുള്ള വായന നടക്കുന്നത് ഞാന്‍ കണ്ടിരുന്നു. എന്റെ ഗ്രാമവും പുറത്ത്‌ അറിയപ്പെട്ടിരുന്നത് ഈ ലൈബ്രരിയെ ചുറ്റിപ്പറ്റിയാണ്.
    പിന്നെ ഞാന്‍ രണ്ടാം നിലയിലിരുന്നു വായിച്ചില്ല എന്നതിനാല്‍ മരത്തിന്റെ കൊമ്പിലിരുന്നു വായിച്ചിട്ടില്ല ട്ടോ.
    ഒരുപാട് ഓര്‍മ്മിച്ച പോസ്റ്റ്‌.

    ReplyDelete
  4. ഒരു കാര്യം പറയാന്‍ മറന്നു.
    ചിത്രങ്ങളും വിവരണവും കൂടി ഉഷാറായി.

    ReplyDelete
  5. പുതിയ തലമുറ വായനയില്‍ നിന്നും അകന്നു പോകുന്ന ഇക്കാലത്ത്
    വായനയെ സ്നേഹിക്കുന്നവര്‍ക്കായി ഈ കുറിപ്പ് പങ്കു വച്ചു എന്ന് മാത്രം...
    മുബി, രാംജി അഭിപ്രായങ്ങള്‍ക്ക് നന്ദി...ഡോക്ടര്‍ കെ സി കൃഷ്ണകുമാര്‍
    മാതൃഭൂമി ഓണ്‍ലൈനില്‍ എഴുതിയ ഒരു ഓര്മ കുറിപ്പാണിത്...

    ReplyDelete
  6. ആഗോള വലയും വിഡ്ഢിപ്പെട്ടിയും വ്യാപകമായതോടെ ഗൌരവ വായന കുറഞ്ഞു വരുന്നു എന്നത് സത്യമാണ്.
    നെറ്റ് വഴി വായന വ്യാപിക്കുന്നു എന്നത് ശരിയെങ്കിലും അത് ഒരിക്കലും നേരിട്ടുള്ള വായനപോലെ സുഖകരമല്ല. കണ്ണിനു ആയാസവും മടുപ്പും അത് ഉണ്ടാക്കുന്നു.
    പണ്ടത്തെ സ്കൂള്‍ ലൈബ്രറിയിലെ അനുഭവങ്ങളും കൊച്ചു കൊച്ചു പിണക്കങ്ങലുമെല്ലാം സമ്പന്നമായ ഓര്‍മകളാണ്.
    വിവരണം കെങ്കേമം

    ReplyDelete
  7. വായന ധാരാളമുണ്ടായിരുന്നെങ്കിലും ലൈബ്രറി എനിക്ക് അലോസരമുണ്ടാക്കുന്ന ഒരു ഓര്‍മയാണ്. എഴുത്തും ചിത്രങ്ങളും നന്നായി

    ReplyDelete
  8. ചിത്രങ്ങളും വിവരണവും നന്നായി, ആശംസകൾ

    ReplyDelete
  9. വായന മരിക്കില്ലായിരിക്കാം. എന്നാലും വായന തളര്‍ന്നു എന്നത് സത്യം. ഈ കുറിപ്പ് അവസരോചിതമായി

    ReplyDelete

നിങ്ങളുടെ പ്രതികരണങ്ങളാണ് എന്റെ ശക്തിയും പ്രോത്സാഹനവും ..
എന്തും തുറന്നു പറയാം