Tuesday, March 8, 2011

അരുണ ഷാന്ബാഗ്

പ്രിയ സുഹുര്തുക്കളെ 
ഇന്ന് മാര്‍ച് എട്ട്‌ -- അന്താരാഷ്‌ട്ര വനിതാ ദിനം....
ഏറെ പ്രതീക്ഷകള്‍ മാനവ സമൂഹത്തിനു സമ്മാനിച്ചുകൊണ്ടാണ്‌ ഇന്നത്തെ പ്രഭാതം മിഴി തുറന്നത് ...
ഇനിയും അസ്തമിച്ചിട്ടില്ലാത്ത മനുഷ്യ സ്നേഹത്തിന്റെയും ആര്‍ദ്രതയുടെയും പൊന്‍ കിരണങ്ങള്‍ മുഴുവന്‍ മനുഷ്യരാശിക്കുമേല്‍ ചൊരിഞ്ഞുകൊണ്ട്‌.... 
ഏകദേശം നാല് പതിറ്റാണ്ടായി ജീവച്ഛവമായി മുംബയിലെ കിംഗ്‌  Edward മെമ്മോറിയല്‍ ആശുപത്രിയില്‍ കഴിയുന്ന അരുണ ഷാന്ബാഗ്  എന്ന ഷിമോഗ സ്വദേശിനിയെ ദയാ വധത്തിനു വിധേയമാക്കണമെന്ന സുഹുര്‍ത്തും എഴുത്തുകാരിയുമായ പിങ്കി വിരാനിയുടെ അപേക്ഷ തള്ളികൊണ്ട്  സുപ്രീം കോടതി വിധി പ്രസ്താവിച്ചിരിക്കുന്നു...
വിധിയുടെ സാങ്കേതികത്വതെ വിശകലനം ചെയ്യുകയല്ല ഇവിടെ...എന്നാല്‍ കഴിഞ്ഞ മുപ്പത്തിയേഴ് വര്‍ഷക്കാലം സ്വന്തം സഹോദരിയെ പരിചരിക്കുന്നതു പോലെ അരുണയെ ശുശ്രൂഷിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന കെ ഇ എം ഹോസ്പിടലിലെ നൂറുകണക്കിന്  നഴ്സുമാര്‍ വിധിയില്‍ ആഹ്ലാദം പ്രകടിപ്പിച്ചു  മധുരം വിതരണം ചെയ്തുകൊണ്ട് പറഞ്ഞു:  അരുണയെ ഞങ്ങള്‍ മരണത്തിനു വിട്ടുകൊടുക്കില്ല...സ്വാഭാവിക മരണം സംഭവിക്കുന്നത്‌ വരെ ഞങ്ങള്‍ അവരെ പോന്നു പോലെ സംരക്ഷിക്കും...
മുംബയില്‍ നഴ്സായിരിക്കെ അറിയപ്പെടുന്ന ഒരു ക്രിമിനലിന്റെ   ബലാത്സംഗ ശ്രമത്തിനിടെ നായചങ്ങല കൊണ്ട് കഴുത്ത് മുറുകി തലച്ചോറിലേക്കുള്ള രക്തസ്രാവം നിലച്ചാണ് അരുണ കോമ സ്റ്റേജില്‍ എത്തിയത്...ഇപ്പോള്‍ അറുപതു വയസ്സായി...കാഴ്ചയും കേള്‍വിശക്തിയും നഷ്ടമായി...ദ്രവ രൂപത്തിലുള്ള ആഹാരം മാത്രം....മീന്‍ കറി അല്ലെങ്കില്‍ താറാവ്ഇറച്ചി കുഴച്ച ചോറ് നാവില്‍ വച്ചാല്‍ സന്തോഷത്തോടെ ചെറിയ പ്രതികരണം...സ്പര്‍ശനത്തോടും  ചെറുതായി പ്രതികരിക്കും... ആദ്യകാലത്ത്  അരുണയുടെ കാമുകന്‍ നിത്യേന ഹോസ്പിറ്റലില്‍ സന്ദര്‍ശനം നടത്തിയിരുന്നു...പിന്നീട് അയാള്‍ വരാതെയായി...ഇപ്പോള്‍ കെ ഇ എം ഹോസ്പിറ്റലിലെ ജീവനക്കാരുടെ കാരുണ്യം നുകര്‍ന്ന് ആശുപത്രി കിടക്കയില്‍...പുതിയ ഡീന്‍ ചാര്‍ജ് എടുത്തപ്പോള്‍ അനുഗ്രഹം വാങ്ങാന്‍ ആദ്യം എത്തിയത് അരുണയുടെ അടുത്താണ്...ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ നൂറുകണക്കിന് ജീവനക്കാര്‍ അരുണയെ മരണത്തിനു വിട്ടുകൊടുക്കില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചു അവരെ നെഞ്ചേറ്റി ലാളിക്കിന്നു....
                                       മനുഷ്യത്വം നീണാള്‍ വാഴട്ടെ....              






Saturday, February 12, 2011

ഭക്തിയോ? ഭ്രാന്തോ?


ഭക്തിയോ? ഭ്രാന്തോ?
ഇളയച്ഛന്റെ വീട് ചോറ്റാനിക്കര ക്ഷേത്രത്തിന്റെ തൊട്ടടുത്തായിരുന്നു....തീരദേശ ജില്ലയില്‍പെട്ട അരൂര് നിന്നും മലനാട്ടിലേക്കുള്ള യാത്ര ആനന്ദകരമായിരുന്നു...വേനല്‍കാലത്ത്‌ സ്കൂള്‍ അവധി  ആരംഭിക്കുമ്പോള്‍  മനസ്സ് കൊതിക്കുന്നത് അങ്ങോട്ടേക്കുള്ള യാത്രക്ക് വേണ്ടി മാത്രമാണ്...എന്നേക്കാള്‍ ആറു മാസം പ്രായ കുറവുള്ള ഇളയച്ഛന്റെ മകനും ഞാനും കൂടിയാല്‍ പിന്നെ ഉത്സവം പോലെയാണ്...ഒന്ന് രണ്ടാഴ്ച തിമിര്‍ത്തു ആഘോഷിച്ചു മടങ്ങുമ്പോള്‍ സങ്കടം തോന്നാറുണ്ട്...ബാല്യത്തിന്റെ ഗൃഹാതുരമായ  ഓര്‍മകളില്‍ ഇന്നും ആ ചോറ്റാനിക്കര ക്ഷേത്രവും അതിന്റെ ഗ്രാമാന്തരീക്ഷവും പച്ചയായി മനസ്സിലലിഞ്ഞു ചേര്‍ന്നിരിക്കുന്നു...

അത്തരം ഒരു വേനലവധിക്കാലം...ക്ഷേത്രത്തിലെ കീഴ്ക്കാവില്‍ വെള്ളിയാഴ്ച അര്‍ദ്ധ രാത്രിയാണ് കുരുതി പൂജയെന്ന ചടങ്ങ്...വിവിധങ്ങളായ മാനസിക രോഗങ്ങള്‍ക് അടിപ്പെട്ടു വിഭ്രാന്തികള്‍ക്ക് വിധേയരായി ക്ഷേത്രത്തില്‍ ഭജനയിരിക്കുന്ന ഭക്തര്‍ക്ക്‌  രോഗമോക്ഷത്തിനു നടത്തുന്ന പ്രത്യേക പൂജയാണ് കുരുതി പൂജ...കൂടുതലും യുവതികളായിരിക്കും ഈ ചടങ്ങില്‍ പങ്കെടുക്കുന്നത്. വെള്ളിയാഴ്ച അര്‍ദ്ധ രാത്രി കീഴ്ക്കാവ് ക്ഷേത്ര നട തുറക്കുമ്പോള്‍ ക്ഷേത്രകുളത്തില്‍ കുളിച്ചു ഈറന്‍ വസ്ത്രവുമായി യുവതികള്‍ നടയ്ക് മുമ്പിലെ വലിയ ആല്‍മരത്തില്‍ തറച്ച നീളം കൂടിയ ഇരുംപാണികളില്‍ ഭ്രാന്തമായ ആവേശത്തോടെ തല കൊണ്ട് ആഞ്ഞിടിക്കുന്നത് കണ്ടു വിറച്ചു നിന്ന് പോയി....ആ സമയത്തെ ആസുരമായ വാദ്യ ഘോഷങ്ങളും മണി കിലുക്കവും ഒക്കെ ചേര്‍ന്നു തണുത്തുറഞ്ഞ അന്തരീക്ഷത്തിലും ഭയം കൊണ്ട്  വിയര്‍പ്പു പൊടിഞ്ഞു...കൂറ്റന്‍ ആല്‍മരത്തില്‍ ചുറ്റിലും അഞ്ചടി പൊക്കത്തില്‍ പരിച പോലെ നിറയെ നാലിഞ്ചു നീളമുള്ള ആണികള്‍...ചിലര്‍ രണ്ടു കൈകള്‍ കൊണ്ട് മരത്തില്‍ പൊത്തിപിടിച്ച്‌  നെറ്റി കൊണ്ട് ഊക്കോടെ ആണിയില്‍ ആഞ്ഞിടിക്കുമ്പോള്‍ രക്തം ചീറ്റുന്നു...തളര്‍ന്നു വീഴുന്ന ചില യുവതികളുടെ ചോരയൊലിക്കുന്ന മുഖത്തേക്ക്  രക്ഷകര്താക്കള്‍ മഞ്ഞള്‍പ്പൊടി വാരിപ്പൊത്തുന്നു.....ക്ഷേത്രത്തിലെ പ്രസാദമായ കുരുതി തീര്‍ത്ഥം(ഇതിനും രക്ത നിറമാണ്) ബലമായി വീണ്‌കിടക്കുന്നവരുടെ വായില്‍ ഒഴിച്ച് കൊടുക്കുന്നു..   ഭയം കൊണ്ട്  തല ചുറ്റുന്നു.... എന്താണിത്....ഈശ്വരാ...ഭക്തിയോ -  ഭ്രാന്തോ? ഇളയച്ഛന്റെ മകന്റെ കൈ പിടിച്ചു വലിച്ചു പുറത്തേക്കു വേഗം നടന്നു...ഇന്നും അന്ധമായ അനാചാരങ്ങളെ ചോദ്യം ചെയ്യാന്‍ ആന്മബലം നല്‍കുന്നത്  ബാല്യത്തില്‍ മനസ്സിനെ വേട്ടയാടിയ ഈ കാഴ്ചയാണ്  -  അന്ന് മനസ്സിനേറ്റ ആഘാതവും..  

Saturday, January 29, 2011

അച്ഛമ്മയുടെ ആരോഗ്യ ശാസ്ത്രം...


ച്ഛന്റെ അമ്മയെ ഞങ്ങള്‍ മറ്റേമ്മ എന്നാണ് വിളിച്ചിരുന്നത്‌....കുടുംബത്തിലെ മുതിര്‍ന്ന കുട്ടിയായ ഞാനുള്‍പ്പെടെ പതിനേഴോളം   കുട്ടികള്‍ക്ക് അച്ഛമ്മ മറ്റേമ്മയായിരുന്നു...(പെറ്റമ്മ കൂടാതെ മറ്റൊരമ്മ എന്ന അര്‍ത്ഥത്തിലാവം അങ്ങനെ വിളിച്ചു ശീലിച്ചത്)... അച്ഛമ്മയ്ക് ആറു മക്കള്‍ - മൂന്ന് ആണും മൂന്ന് പെണ്ണും...അതില്‍ മൂത്ത മകന്റെ മൂത്ത പുത്രനായ എന്നോട് അതിരറ്റ വാത്സല്യം മരണം വരെ അച്ചമ്മയ്കുണ്ടായിരുന്നു....പതിനാല്  വര്‍ഷങ്ങള്‍ക് മുന്‍പ്   രാവും പകലും തോരാത്ത മഴ പെയ്ത ഒരു കര്‍ക്കിടകത്തിലെ ഞാറ്റുവേല ദിവസം അച്ഛമ്മ മരിക്കുമ്പോള്‍ തൊണ്ണൂറ്റി മൂന്ന് വയസ്സായിരുന്നു....

വെള്ള പുതച്ചു കോലായില്‍ കിടത്തിയ അച്ചമ്മയ്കരികില്‍ കുമാരന്‍ സഖാവിന്റെ രാമായണം വായനക്ക് കാതോര്‍ത്തു പുലരും വരെ ഞാന്‍ ഉറക്കമിളച്ചിരുന്നു....അര്‍ദ്ധ രാത്രിയില്‍ വീശിയടിച്ച ചുഴലി കാറ്റില്‍ വീടിന്റെ ഉമ്മറത്ത്‌ നിന്നിരുന്ന കൂറ്റന്‍ ചെമ്പക മരവും ഉയരം കൂടിയ നാട്ടുമാവും ഒടിഞ്ഞു വീഴുന്നത് കണ്ടു ഞാന്‍ വല്ലാതെ ഭയപ്പെട്ടു... ഒപ്പം നടുങ്ങിപ്പോകുന്ന ഇടിയും മിന്നലും .....ഭാവഭേദമൊന്നുമില്ലാതെ  അപ്പോഴും കുമാരന്‍ സഖാവ്  രാമായണം വായന തുടര്‍ന്ന് കൊണ്ടിരുന്നു...(നാട്ടിലെ ആദ്യകാല കമ്മുനിസ്ടുകാരായ ആറു പേരില്‍ ഒരാളായിരുന്നു കുമാരന്‍ സഖാവ് -- ഇപ്പോള്‍ കറ തീര്‍ന്ന ഈശ്വര വിശ്വാസി - കാവി മുണ്ടും ജുബ്ബയും സ്ഥിരം വേഷം...)

തൊണ്ണൂറ്റി മൂന്ന് വയസില്‍ മരിക്കുന്നതിനുതൊട്ടു മുന്‍പ്  ഒരു മാസം കട്ടിലില്‍ കിടന്നതൊഴിച്ചാല്‍ അസുഖമായി അച്ഛമ്മ കിടക്കയില്‍ വീണത്‌  ഞങ്ങളാരും കണ്ടിട്ടില്ല...പൂര്‍ണ ആരോഗ്യവതിയായി നവതിയും പൂര്‍ത്തീകരിച്ച അച്ഛമ്മയുടെ ജീവിത ചര്യകള്‍ അപ്പോള്‍ എന്റെ മനസ്സിലൂടെ കടന്നു പോയി......

വെളുപ്പിന് കൃത്യം നാല് മണിക്കെഴുനെല്‍ക്കുന്നു....ചെറു ചൂട് വെള്ളത്തില്‍ കുളിച്ചു  നാല്  കിലോ മീറ്റര്‍ ചുറ്റളവിലുള്ള നാലോളം അമ്പലങ്ങളില്‍ ദര്‍ശനം...തിരിച്ചെത്തി രാവിലെ ഏഴു മണിക്ക്  ചൂട് കഞ്ഞിയും ചമ്മന്തിയും...പത്തുമണിക്ക് പഞ്ചസാര തൂവിയ  ചെറിയ രണ്ടു കഷ്ണം ചൂട് പുട്ടും ചായയും...ചായയില്‍ പഞ്ചസാര കാര്യമായി കലക്കിയില്ലെങ്കില്‍ ആള്‍ പിണങ്ങും....പഞ്ചസാര കുറുക്കി  കൊടുത്താല്‍ ബഹു സന്തോഷം...

ദിവസവും രണ്ടു നേരം കുളിച്ചു വസ്ത്രം മാറണം....കുളിക്കാന്‍ മണമുള്ള സോപ്പും ഇഞ്ചയും നിര്‍ബന്ധം...ഉച്ചയ്ക്ക് ഊണിനു കറി വേണമെന്ന വാശിയില്ല...ചോറിനുള്ളില്‍ കുറെ ഏറെ  വെളിച്ചെണ്ണ ഉപ്പു ചേര്‍ത്ത് തിരുമ്മിയും കഴിക്കാനിഷ്ടമാണ്......കുളിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും പച്ച വെളിച്ചെണ്ണ ധാരാളമായി ഉപയോഗിച്ചിരുന്നു    ..
തണുത്ത ഭക്ഷണം അച്ഛമ്മ  പാടേ ഒഴിവാക്കി-അമിതാഹാരവും.  
ശരീരത്തില്‍ സുഗന്ധ ദ്രവ്യവും  ചന്ദനവും പൂശി വെളുത്ത സെറ്റ് നേര്യതും ധരിച്ചു കുട്ടികളോട് കളി തമാശുകള്‍ പറഞ്ഞു നടന്ന അച്ഛമ്മ എന്നും ആഹ്ലാദം നല്‍കുന്ന അനുഭവമായിരുന്നു...

നേരം പുലര്‍ന്നു അരൂരിലെ പൊതു ശ്മശാനത്തില്‍ അന്ത്യ കര്‍മങ്ങള്‍ ചെയ്യുമ്പോള്‍ അച്ഛമ്മയുടെ വായില്‍ ഞാന്‍ നേദിച്ച വായ്കരി വല്ലാതെ തണുത്തുറഞ്ഞിരുന്നു !!  ജീവനുണ്ടായിരുന്നെങ്കില്‍ അച്ഛമ്മ അത് പുറത്തേക്കു തുപ്പിക്കളയുമായിരുന്നു !!.
ഞാന്‍ ഗദ്ഗദത്തോടെ നിശ്ശബ്ദമായി അച്ഛമ്മയോട്‌  മാപ്പ് ചോദിച്ചു...

Friday, January 21, 2011

ഗൌരിയമ്മ ഒരോര്മ്മചിത്രം...

ഗൌരിയമ്മ ഒരോര്മ്മചിത്രം...
'വിപ്ലവത്തിന്‍ വീരപുത്രി  കെ ആര്‍  ഗൌരി സിന്ദാബാദ്‌...." രാഷ്ട്രീയം തിരിച്ചറിഞ്ഞു തുടങ്ങുമ്പോള്‍ ഞങ്ങള്‍ മനസ്സില്‍ കോറിയിട്ട അന്നത്തെ ഒരു ജനകീയ മുദ്രാവാക്യമാണ് മുകളില്‍ എഴുതിയത്... എന്പതുകളുടെ തുടക്കത്തില്‍ ഒരിക്കല്‍ ഞങ്ങളുടെ കൊച്ചു പാര്‍ട്ടി ഓഫീസിന്റെ മൂട്ടകള്‍ സ്ഥിര താമസമാക്കിയ ചൂരല്‍ കസേരയില്‍ ഇരുന്നു ദേശാഭിമാനി പത്രം വായിക്കുമ്പോള്‍ പെട്ടെന്ന് അകത്തേക്ക് വന്ന ആളെ കണ്ടു അത്ഭുത ആദരങ്ങളോടെ എഴുന്നേറ്റു....കറുത്ത കട്ടി ഫ്രൈമുള്ള കണ്ണടയും   ഇസ്തിരിയിട്ട്  സുന്ദരമാക്കിയ വെള്ള കോട്ടന്‍ സാരിയും ചുവന്ന ബ്ലൌസും ധരിച്ചു സാക്ഷാല്‍ ഗൌരിയമ്മ...കൂടെ അന്നത്തെ കൊടിമൂത്ത കമ്മുണിസ്റ്റുകാരായ രാഹേല്‍ കൊച്ചമ്മയും ടി എ കൃഷ്ണനും...കമ്മ്യുനിസ്റ്റു എന്നാല്‍  പോലീസുകാരുടെ തല്ലുകൊള്ളാന്‍ വേണ്ടിയുള്ളവര്‍ എന്ന പൊതു ചിന്താഗതി നിലനില്‍ക്കുന്ന കാലം...കൈതപ്പുഴ കായലിനോട് ചേര്‍ന്ന് ഓടിട്ട ഒറ്റ മുറികള്‍ ചേര്‍ന്ന ഒരു പഴയ കെട്ടിടം..അതില്‍ ഒരു കുടുസ്സു മുറിയായിരുന്നു സി ഐ ടി യുവിന്റെയും സിപിഎമ്മിന്റെയും അരൂരിലെ ഒരേയൊരു ആപ്പീസ്...എന്നെയും കൂടെയുണ്ടായിരുന്ന രണ്ടു കൂട്ടുകാരെയും കണ്ടു രാഹേല്‍ കൊച്ചമ്മയോടു എല്ലാവര്ക്കും ചായ വാങ്ങി കൊടുക്കാന്‍ സഖാവിന്റെ ഓര്‍ഡര്‍....തൊട്ടടുത്ത ഹരിദാസന്റെ  ചായക്കടയില്‍ നിന്നും കൊണ്ടുവന്ന ചായയും പരിപ്പുവടയും ഞങ്ങള്‍ക്കൊപ്പമിരുന്നു ഗൌരിയമ്മയും കഴിച്ചു..."ഇവരെ കെഎസ് വൈ എഫിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെടുത്തണം" കൂടെയുണ്ടായിരുന്ന ടി എ കൃഷ്ണന് നിര്‍ദേശം കൊടുത്തുകൊണ്ട് ഞങ്ങളെ നോക്കി ഗൌരിയമ്മ പറഞ്ഞു...."നിങ്ങളെ പോലുള്ള ചെറുപ്പക്കാരിലാണ്   ഇനി ഈ പ്രസ്ഥാനത്തിന്റെ പ്രതീക്ഷ....." 
കാലം അശ്വവേഗത്തില്‍ പാഞ്ഞുകൊണ്ടിരുന്നു...കൈതപ്പുഴ കായലിലൂടെ ജലം പ്രളയം പോലെ പാഞ്ഞൊഴുകി അത്യഗാധമായ അറബിക്കടലില്‍ അലിഞ്ഞു ചേര്‍ന്നു....ഗൌരിയമ്മ വിപ്ലവമുപേക്ഷിച്ചു കോണ്‍ഗ്രസിന്റെ മുന്നണിയില്‍ ചേര്‍ന്നു...ടി എ കൃഷ്ണനും രാഹേല്‍ കൊച്ചമ്മയും ഓര്‍മ്മയായി...ഗൌരിയമ്മയോടുള്ള  ആരാധന മൂത്ത് സ്വന്തം മകന്  ഗൌരീശനെന്നു പേരിട്ടു ടി എ കൃഷ്ണന്‍....ഗൌരീശന്‍ ഇപ്പോള്‍  കോണ്‍ഗ്രസ്‌ മുന്നണിയില്‍ ചേര്‍ന്നു അരൂര്‍ പഞ്ചായത്ത്  അംഗമായി.....


Saturday, January 8, 2011

എന്റെ വേരുകള്‍

എവിടെയാണ് തുടങ്ങേണ്ടത്....
ആദ്യം അച്ഛന്റെ വീടിനെകുറിച്ച് തന്നെയാവാം.. അച്ഛന്റെ അച്ഛന്‍ - കണ്ണന്‍ എന്നായിരുന്നു പേര്...
കുമ്പളങ്ങി എന്ന ഗ്രാമത്തില്‍ മുപ്പതുകളില്‍  കലാ പ്രവര്‍ത്തനങ്ങള്‍ക്  മുന്‍കൈ എടുക്കുകയും നിരവധി കലാകാരന്മാരെ വീട്ടില്‍ കൊണ്ടുവന്നു താമസിപ്പിച്ചു റിഹേര്‍സല്‍ കൊടുത്തു  അന്നത്തെ ജനപ്രിയ കലാ രൂപമായ ബാലെ വിവിധ പ്രദേശങ്ങളില്‍ അവതരിപ്പിച്ചു കലയെ സാധാരണ ജനങ്ങളിലെതിക്കുന്നതിനു വലിയ സംഭാവന നല്‍കിയ മഹാനായിരുന്നു മുത്തച്ഛന്‍... അന്ന് കലാകാരന്മാര്ക് പ്രതിഫലം മൂന്ന് നേരം ആഹാരം മാത്രമായിരുന്നു  ..
.(ആഹാരം പോലും അക്കാലത്തു കിട്ടാക്കനി ആയിരുന്നു!!!.) നാട്ടിലെ പ്രശസ്തനായ ഒരു തയ്യല്‍ക്കാരന്‍ കൂടിയായിരുന്നു അദ്ദേഹം ....കിട്ടുന്ന തുച്ഛമായ  വരുമാനം ഇങ്ങനെ കലാകാരന്മാര്ക് പങ്കു വയ്കുന്നതില്‍ ഒട്ടും മന പ്രയാസവും അദ്ദേഹത്തിനില്ലായിരുന്നു....ഭാര്യയും ആറു മക്കളുമടങ്ങുന്ന വലിയ കുടുംബം ആഹ്ലാദത്തോടെ അദ്ദേഹത്തിന് പിന്തുണ നല്‍കി...എസ് പി പിള്ള,സീ ഓ ആന്റോ, പീ ജെ ആന്റണി എന്നിവരൊക്കെ ആദ്യകാലത്ത് മുത്തച്ഛന്റെ കലാ ഗ്രൂപ്പില്‍ അംഗങ്ങളായിരുന്നു...(എസ് പീ പിള്ള പിന്നീട് പ്രശസ്തനായ സിനിമാ താരം  ആയി മാറി....)  ഈ പാരമ്പര്യത്തിന്റെ തുടര്‍ച്ചയെന്നോണം അമ്പതുകളില്‍ അച്ഛന്‍ കമ്മുണിസ്റ്റു പാര്‍ടിയുടെ കലാ വിഭാഗത്തിന്റെ നേതൃ ഗ്രൂപ്പില്‍ വരികയും നാടക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടുകയും ചെയ്തു...

Monday, November 29, 2010

ബാലകാണ്ഡം....

ബാലകാണ്ഡം....

നാല്  ദശാബ്ദങ്ങള്‍ക് പിന്നിലേക്ക്‌ തിരിഞ്ഞു നോക്കുമ്പോള്‍ ഓര്‍മയില്‍ പളുങ്ക് മണികള്‍ പോലെ തെളിയുന്ന ഒരു ചിത്രം കടത്തു വള്ളത്തില്‍ ആഹ്ലാദത്തോടെ യാത്ര ചെയ്യുന്ന ഒരു ബാലന്റെതാണ് ...എട്ടോ ഒന്‍പതോ വയസുകാരന്‍.. വെള്ളിയാഴ്ച വൈകുന്നേരമാകാന്‍ കൊതിയോടെ കാത്തിരുന്നു വീടിലെത്തി പുത്തന്‍ ഉടുപ്പ് ധരിച്ചു ആവേശത്തോടെ അച്ഛന്‍ വീട്ടിലേക്കുള്ള  ആ യാത്ര...രണ്ടു  ദിവസത്തെ മനം കുളിര്‍പിക്കുന്ന അവധി ദിവസങ്ങള്‍...അസ്തമയ സൂര്യന്‍ വര്‍ണങ്ങള്‍ ചാലിച്ചെഴുതിയ നിശബ്ദമായ കായലിലൂടെ കടത്തു തോണി പതുക്കെ ഒഴുകി മുന്നേറുന്നു....തോനിക്കാരന്റെ തുഴയെറിയലില്‍ പരിഭ്രമിച്ചു കുഞ്ഞുമല്സ്യങ്ങള്‍ ചിലത് മേലോട്ട് ചാടുന്നു...ചിലത് വള്ളത്തില്‍  വീണു പിടയ്കുന്നു....അക്കരെയെത്താന്‍  അര മണിക്കൂറോളം....കായല്‍ കാഴ്ചകള്‍ കണ്ടു കണ്ടു...ഒരു സ്വപ്ന ജീവിയായി  മാറുകയായിരുന്നു...

Saturday, November 27, 2010

parayan marannathu/പറയാന്‍ മറന്നത്....



                                                                     പറയാന്‍ മറന്നത്....


എവിടെയാണ് എന്റെ അന്വേഷണങ്ങള്‍ തുടങ്ങിയത്...ക്ലാസ്സ്‌ മുറികളിലെ വിരസമായ പകലുകള്‍ അവസാനിക്കുമ്പോള്‍ ഒറ്റയ്ക്ക് നടന്നു പോകുന്നത് ആ കായലരികത്തെക്കാന് ........അസ്തമയ സൂര്യന്റെ ചുവന്ന രശ്മികള്‍ വീണ ഓളങ്ങള്‍ നല്‍കുന്ന വര്‍ണക്കാഴ്ചകള്‍ നോക്കി എത്ര നേരം....ആകാശത്തിന്റെ അനന്തതയില്‍ വാരിയെറിഞ്ഞ പൂമാല പോലെ പറന്നു പോകുന്ന പറവകള്‍ അതിശയിപ്പിക്കുന്ന കാഴ്ചയായി ആദ്യം കാണുന്നത് ഈ കായല്‍ തീരത്ത് നിന്നാണ് ---കൊതുമ്പു വള്ളത്തില്‍  തുഴയെറിഞ്ഞ് പാഞ്ഞു പോകുന്നയാള്‍ വിസ്മയപ്പെടുത്തിയതും ഇതേ തീരത്ത് വച്ചാണ്....കായലുകള്‍ അതിരിടുന്ന ഒരു ഗ്രാമത്തിലെ  ബാല്യം,കൌമാരം,യൌവ്വനം....ഓര്‍മകളുടെ കൊച്ചോ ളങ്ങളുടെ  നനുത്ത തിരയടികള്‍ ഇപ്പോഴും പാദങ്ങളെ ഇക്കിളിപെടുതുന്നു.........കിഴക്ക് കൈതപ്പുഴ കായല്‍....പടിഞ്ഞാറു കുമ്പളങ്ങി കായല്‍...(ഈ കായലിനു തെക്ക് വെളുത്തുള്ളിക്കായാല്‍ എന്നും വടക്ക് ഇടകൊച്ചി കായല്‍ എന്നുമാണ് വിളിപ്പേര്....)വടക്ക് ഭാഗത്തും പുഴ...ഇവിടെ മരുകരയെ ഗ്രാമവുമായി ബന്ധിപ്പിക്കുന്ന പാലം (ഗ്രാമത്തെ നഗരവുമായി വലിച്ചടുപ്പിക്കുന്ന പാലം.......പാലത്തില്‍ നിന്ന് നോക്കിയാല്‍ രണ്ടു കായലും ഒന്നായി അറബി കടലിലേക്ക്‌ ഒഴുകുന്ന മനോഹരമായ കാഴ്ച....കായലിനപ്പുറം കുമ്പളങ്ങി എന്നാ കൊച്ചു ദ്വീപും.... ഗ്രാമത്തിന്റെ സന്തോഷവും സങ്കടവും കായലുകള്‍ ഒപ്പിയെടുക്കുന്നു.....