ജനതതികളുടെ ജനന മരണങ്ങള് കണ്ടു ഞാന്‍ ... അതിജീവനങ്ങളില്‍ കനിവിന്റെ ഉറവയായ് ... ജീവന്റെ അമൃതമായ് ജീവിതത്തിന്റെ ഉപ്പായ് ഒഴുകുന്നു ഞാന്‍ കൈതപ്പുഴ; കാലപ്രവാഹിനി !
Thursday, March 15, 2012
Saturday, March 10, 2012
Monday, January 23, 2012
പുസ്തക പരിചയം - ഇഷ്ട വാക്ക്
ഇഷ്ട വാക്ക്
"അമ്മയുടെ പിടി വിട്ട് ഓടിയകലുന്ന കുട്ടിയെപ്പോലെയാണ് എഴുത്തുകാര്‍ക്ക് വാക്കുകള്‍...അദ്ഭുതപ്പെടുത്തുന്ന അര്‍ത്ഥങ്ങളുമായി പ്രതീക്ഷിക്കാത്ത കോണുകളില്‍ നിന്ന് അവന്‍ തിരിച്ചുവരും"
എഴുത്തുകാര്‍ അറിയാതെ അവരുടെ പ്രിയ വാക്കുകളായി മാറുന്ന പദങ്ങള്‍ കല്‍ക്കണ്ടം പോലെ പെറുക്കിയെടുക്കുകയാണ് "ശ്രീജിത്ത് പെരുന്തച്ചന്‍". തൊടിയിലെ പൂവുകളില്‍ നിന്നും പറന്നു പൊങ്ങുന്ന വര്‍ണ്ണ ശലഭങ്ങള്‍ക്കും, മിന്നാമിനുങ്ങുകള്‍ക്കും പിന്നാലെ പായുന്ന കൌതുകക്കാരനായ കുസൃതി കുരുന്നിനെ പോലെ ഒത്തിരി ഓടി തളര്‍ന്നിട്ടാവണം, ശ്രീജിത്തിനു ഈ വാക്കുകള്‍ ഉള്ളം കയ്യില്‍ കോരിയെടുക്കാനായത്...തൃശൂര്‍ എച് ആന്‍ഡ് സി പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ ശ്രീജിത്ത് പെരുന്തച്ചന്റെ "ഇഷ്ട വാക്ക്" വായനക്കാരന്റെയും പ്രിയ പുസ്തകമാകുന്നത് അങ്ങിനെയാണ് ....ഓ എന്‍ വി, മുകുന്ദന്‍, പുനത്തില്‍, അശോകന്‍ ചരുവില്‍, സേതു, എ അയ്യപ്പന്‍, മാടമ്പ് , അഷിത, പെരുമ്പടവം, ചന്ദ്രമതി, കുരീപ്പുഴ, റോസ് മേരി, സാറ ജോസഫ് , കാക്കനാടന്‍,സുഗതകുമാരി തുടങ്ങി മുപ്പതോളം എഴുത്തുകാരുടെ
ഇഷ്ട വാക്ക് തേടിയെടുത്ത്, വശ്യമായ ശൈലിയില്‍ വായനക്കാരുടെ കയ്യിലെത്തിച്ചിരിക്കുന്നു ശ്രീജിത്ത്... പ്രിയ കവിയായ ഓ എന്‍ വിയുടെ ഇഷ്ട വാക്കായി ശ്രീജിത്ത് കണ്ടെത്തുന്ന "വെറുതെ" എന്ന കുറിപ്പില്‍ നിന്നും കുറച്ചു മാത്രം എടുത്തു ചേര്‍ക്കുന്നു...- "എഴുതിയതൊന്നും വെറുതെയായില്ല"
"എഴുതിയതില്‍ ഒരു വരിപോലും വെറുതെയാവാഞ്ഞത് കൊണ്ടാണോ എന്തോ ഓ എന്‍ വിക്ക് വെറുത എന്ന വാക്കിനോട് ഇത്രയ്ക്കിഷ്ടം. എന്താണ് ആ വാക്കിനോട് ഇത്ര പ്രിയമെന്ന് ചോദിച്ചാല്‍ കവി പറയും എന്താണെന്നറിയില്ല പണ്ട് തൊട്ടേ വെറുതെയോരിഷ്ടമെന്നു..
വെറുതെ എന്ന വാക്ക് എഴുത്തിനിടയില്‍ വെറുതെ കടന്നു വരുന്നതാണെന്ന് കവി. എന്ന് വച്ചാല്‍ അബോധപൂര്‍വം...
എന്നാല്‍ ആ വാക്കില്‍ ഒരു ജന്മത്തിന്റെ സത്ത അത്രയുമുണ്ട്..ജീവിതത്തിന്റെ വ്യര്‍ത്തഥയുണ്ട്..ഓ എന്‍ വി അത് പറയുമ്പോള്‍ ഒരു കാവ്യ ജീവിതത്തിന്റെ സഫലതയാണതില്‍ ...
ഒരു വട്ടം കൂടിയാപുഴയുടെ തീരത്ത്/വെറുതെയിരിക്കുവാന്‍ മോഹം/വെറുതെയിരുന്നാ കുയിലിന്റെ പാട്ടുകേട്ടെ/തിര്പാട്ടു പാടുവാന്‍ മോഹം/വെറുതെയീ മോഹങ്ങള്‍ എന്നറിയുമ്പോഴും/വെറുതെ മോഹിക്കുവാന്‍ മോഹം/...ഒരു കവിതയില്‍ തന്നെ എത്ര വെറുതെയാണെന്ന് നോക്കൂ...വെറുതെ എന്ന വാക്ക് കവിയോടൊപ്പം ഒരു പേരക്കുട്ടിയെപ്പോലെ വിരലില്‍ തൂങ്ങി നടക്കുന്നു......
അറുപതു രൂപ വിലയുള്ള ഈ പുസ്തകം വി പി പി യായി കിട്ടുന്നതിനു... mail@handcbooks.com എന്ന വിലാസത്തില്‍
ബന്ധപ്പെടുക...വെറുതെയാവില്ല തീര്‍ച്ചയായും ഈ പുസ്തകം...
Monday, January 2, 2012
വീട് അഥവാ കൂട് --- കടും പച്ച വര്‍ണ്ണത്തില്‍...
ഒരു വീടുണ്ടാകണം എന്ന ആഗ്രഹം കലശലായത് പെട്ടെന്നാണ്....അഥവാ പെട്ടെന്ന് രൂപപ്പെട്ട
സാഹചര്യ സമ്മര്‍ദ്ദമാകാം അങ്ങനെ ഒരു തോന്നല്‍ ഉളവാക്കിയത്...അതു വരെ ജനിച്ചു വളര്‍ന്ന മണ്ണില്‍ നിന്നും, തണലും കുളിരും തഴുകി ഉറക്കിയ വീട്ടില്‍ നിന്നും പടിയിറങ്ങേണ്ടി വരും എന്ന് ചിന്തിച്ചില്ല എന്നതായിരിക്കും സത്യം...പക്ഷെ അങ്ങനെ വേണ്ടി വന്നു.....സ്വന്തം ഓഹരി വിറ്റു കിട്ടിയ ചെറിയ തുകയുമായി സ്ഥലത്തിന് വേണ്ടിയുള്ള അന്വേഷണം...ഒടുവില്‍ സ്വന്തം നാട്ടില്‍ നിന്നും ഏറെ ദൂരെ, കാലം ചെല്ലാ മൂലയില്‍ (അമ്മയുടെ നാടന്‍ ഭാഷ) ചൊരി മണലില്‍ ഒരു പറമ്പ് ഏകദേശം മുപ്പത്തിയഞ്ചു സെന്റു സ്ഥലം സ്വന്തമാക്കി (ഈ പ്രദേശത്താണ് ജില്ലയില്‍ തന്നെ സ്ഥലത്തിന് ഏറ്റവും വിലക്കുറവ്...) വിശാലമായ ഒരു മണല്‍ പരപ്പ്...
ഏപ്രില്‍ മാസത്തെ കടുത്ത വേനലില്‍ തണല്‍ ഒട്ടുമില്ലാത്ത പറമ്പില്‍ ചൂടേറ്റു മണ്ണ് ഉരുകി ആവി ഉയരുന്ന പ്രതീതി. തണല്‍ നല്‍കാന്‍ ആകെയുള്ളത് പറമ്പിന്റെ മൂലയില്‍ ഒരു പറങ്കി മാവ് മാത്രം...പിന്നെ അവിടവിടെയായി കായ ഫലം കുറഞ്ഞു കൂമ്പ് നേര്‍ത്ത കുറച്ചു കൊന്ന തെങ്ങുകളും...വളര്‍ന്ന ജീവിത പരിസരത്തിന്റെ കുളുര്‍മയില്‍ ലയിച്ചു ചേര്‍ന്ന മനസ് പുതിയ പരിസരത്തോടു ഒട്ടും ഇണങ്ങിയില്ല ...പിന്നെ അങ്ങിനെ പോരല്ലോ എന്ന് തോന്നി... .ആദ്യം അതിരുകളില്‍ നൂറു കണക്കിന് കവുങ്ങിന്‍ തൈകള്‍ വാങ്ങി നട്ടു...ഒട്ടു മിക്കതും ചൊരി മണലിന്റെ കടുത്ത ചൂട് പ്രതിരോധിക്കാനാവാതെ, വൈകാതെ കരിഞ്ഞുണങ്ങി....അതിജീവിച്ചതിനു അടുത്ത പറമ്പില്‍ നിന്നും ശേഖരിച്ച കരിയിലകളുടെ പുതയും, വെള്ളവും വാത്സല്യവും നല്‍കി....ആഹ്ലാദത്താല്‍ പുതു നാമ്പുകള്‍ നീട്ടി അവര്‍ നന്ദി പറഞ്ഞു....... അതോരാവേശമായി...വര്‍ഷങ്ങളോളം അനാഥമായി കിടന്നു മണ്ണിടിഞ്ഞു മൂടാറായ പറമ്പിലെ രണ്ടു കുളങ്ങളും ശുദ്ധീകരിച്ചു പുതിയ ഇനം കുള പായല്‍ ചെടികള്‍ നിക്ഷേപിച്ചു...അവ പെട്ടെന്ന് പടര്‍ന്നു കുളത്തില്‍ പച്ച പരവതാനി തീര്‍ത്തു...പിന്നീടു ഒരു കറുവയും, ആര്യവേപ്പും നട്ടു (രണ്ടും പ്രിയ മിത്രം ഷാജീവന്റെ സമ്മാനം) പറമ്പിന്റെ കിഴക്കും പടിഞ്ഞാറും അതിരുകളില്‍ അവര്‍ പിണങ്ങാതെ കടും ഹരിത വര്‍ണത്തില്‍ ഇലകള്‍ വീശി ചിരിച്ചു നിന്നു...മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നും മറ്റൊരു ചങ്ങാതി വാങ്ങി നല്‍കിയ സപ്പോട്ടയും പേരയും ജാംബയും പിറകേയെത്തി... പിന്നെ പല തരം നാടന്‍ മാവിന്‍ തൈകള്‍, പ്ലാവിന്‍ തൈകള്‍, പനിനീര്‍ ജാംബ,സര്‍വ്വസുഗന്ധി, സോപ്പുമരം, കണി കൊന്ന,നാരക ചെടികള്‍, ചെന്തെങ്ങിന്‍ തൈകള്‍ അങ്ങനെ അങ്ങനെ വൃക്ഷ തൈകളുടെ ഒരു ഘോഷയാത്ര....ഇടയ്കൊരുനാള്‍ പ്രിയ കഥാകാരി മാധവികുട്ടിയുടെ ഓര്‍മ്മക്കായി നട്ടത് ഒരു നീര്‍മാതള ചെടിയും...പറമ്പിന്റെ പല മൂലകളിലായി അവരെല്ലാം ഉത്സാഹത്തോടെ വളരാന്‍ തുടങ്ങി...ഇതിനിടെ രണ്ടു മുറിയും അടുക്കളയും ചെറിയ വരാന്തയും ഉള്ള ഒരു കുഞ്ഞു വീടിന്റെ പണി തുടങ്ങിയിരുന്നു...പലപ്പോഴായി സ്വരുക്കൂട്ടുന്ന ചെറിയ സമ്പാദ്യങ്ങള്‍ കൊണ്ട് പഞ്ച വത്സര പദ്ധതി എന്ന പോലെ വീട് പണി ഇഴഞ്ഞു നീങ്ങി...അപ്പോഴാണ് ജ്യോതിലക്ഷ്മി (സുഹുര്‍ത്ത് ) ഒരു ആശയം തന്നത് - ഒരു കുഞ്ഞു പൂന്തോട്ടം - നിറയെ പല പല വര്‍ണത്തിലുള്ള പൂക്കള്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു സ്വാഭാവിക പൂന്തോട്ടം --- താമസിയാതെ പൂന്തോട്ടത്തിന്റെ പണി ആരംഭിച്ചു...
ചെമ്പരത്തിയും ചെത്തിയും, പാരിജാതവും, മുല്ലയും പിച്ചിയും പല വീടുകളില്‍ നിന്നായി സംഘടിപ്പിച്ചു ..പുരയിടത്തിന്റെ ഒഴിഞ്ഞ മൂലയില്‍ വൃത്താകൃതിയില്‍ ഒരു കുഞ്ഞു പൂന്തോട്ടം പതുക്കെ മുള പൊട്ടി....
വര്‍ഷങ്ങള്‍ എത്ര വേഗമാണ് ഓടി അകലുന്നത്...കൃത്യം നാല് വര്‍ഷത്തിനു ശേഷം ഒരു ഏപ്രില്‍ മാസം വീടിന്റെ പാലുകാച്ചല്‍...അടുത്ത ബന്ധുക്കളും സുഹുര്തുക്കളും അനുഗ്രഹവും ആശംസകളും നല്‍കി... പുതിയ വീട്ടില്‍ താമസവും തുടങ്ങി...രണ്ടു മാസം കടുത്ത വേനലിന്റെ ചൂടും, കൂടു മാറ്റത്തിന്റെ കനത്ത ഗൃഹാതുരത്വവും...മൂന്നാം മാസം പുതിയ വീട്ടിലെ ആദ്യത്തെ മഴക്കാലം....ഇടവപ്പാതിയിലെ തോരാത്ത അമൃത വര്ഷം...രണ്ടു കുളങ്ങളും ഒറ്റ രാത്രിയില്‍ നിറഞ്ഞൊഴുകി...രാവിലെ കണി കണ്ടത് കുളക്കോഴികളെയും പിച്ച വച്ച് തുടങ്ങിയ മൂന്ന് കുഞ്ഞുങ്ങളെയും...മുറ്റത്തെ നീരൊഴുക്കില്‍ നിന്നും തള്ളകോഴി പരല്‍ മീനുകളെ കൊത്തിയെടുത്തു കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുന്നു... ആറു വയസ്സുകാരന്‍ മകന്‍ ആഹ്ലാദത്തോടെ ആ കാഴ്ച കണ്ടു നിന്നു...തവളകളുടെയും ചീവീടുകളുടെയും സംഗീതത്താല്‍
രാത്രികള്‍ ശബ്ദ മുഖരിതമായി...ഋതുക്കള്‍ മാറി...മരങ്ങള്‍ പഴുത്ത ഇലകള്‍ ഉരിഞ്ഞെറിഞ്ഞു പച്ച ഇലകള്‍ വാരിയണിഞ്ഞു...ചെത്തിയും ചെമ്പരത്തിയും പിച്ചിയും,മുല്ലയും പൂ വിരിച്ചു ചിരിച്ചു നിന്നു...
ഒരു നാള്‍ ഉണര്‍ന്നത് കുഞ്ഞു കുരുവികളുടെ കിലുകിലുക്കം കേട്ടാണ് ...അവര്‍ കുറേപ്പേര്‍ ഉണ്ടായിരുന്നു..ചുവന്ന ചെമ്പരത്തി പൂക്കളില്‍ അവര്‍ ആനന്ദ നൃത്തത്തില്‍ ആയിരുന്നു...കുഞ്ഞു കുരുവികളുടെ കൂട്ടത്തില്‍ രണ്ടു മൂന്നു നീണ്ടു വളഞ്ഞ ചുണ്ടുകളുള്ള മയില്‍ വര്‍ണ്ണ കുരുവികള്‍...
വീണ്ടും വന്നണഞ്ഞ വേനലില്‍, കണിക്കൊന്ന പൊന്നു വാരിയണിഞ്ഞു... സപ്പോട്ടയും, ജാംബയും, പ്ലാവും മാവും നിറയെ കായ്ച്ചു കണിയൊരുക്കി..പുതിയ വിരുന്നുകാര്‍- ഓലവാലന്‍, മഞ്ഞമൈന, അണ്ണാരക്കണ്ണന്‍, കരിങ്കുയില്‍, കുഞ്ഞിക്കുരുവികള്‍, ചിത്രശലഭങ്ങള്‍......
പുതിയ വീട്ടില്‍ കുടിയേറിയിട്ടു ഇപ്പോള്‍ പന്ത്രണ്ടു വര്‍ഷങ്ങള്‍..പുരയിടം വലിയ മരങ്ങളുടെ ചെറുവനമായി...ചോരിമണലില്‍ ആര്‍ത്തു വളരുന്നത് വിവിധയിനം പ്ലാവുകള്‍ - അവയില്‍ തേന്‍ വരിക്കയും, ചുവന്ന വരിക്കയും, കൂഴയും, ഇടിയന്‍ ചക്കയും എല്ലാം പെടും...
ഇപ്പോള്‍ ഞങ്ങള്‍ അനുഭവിക്കുകയാണ് - ഞാനും ഭാര്യയും മകനും ഞങ്ങളുടെ കുഞ്ഞു വീടും, ഞങ്ങളുടെ അരുമകളായ മരങ്ങളും, ചെടികളും, ഞങ്ങളുടെ കിളികളും, ചെറു ജീവികളും....പ്രകൃതിയുടെ സമ്മോഹനമായ ശ്രുതിലയം...വേനല്‍-മഴ-മഞ്ഞ് ....


Friday, July 15, 2011
പഴയ പ്രിയപ്പെട്ട പാട്ടുകാര്‍
ഇക്കണ്ട നാട്ടിലൊക്കെ പാട്ടുകളും പാട്ടുകാരും നിറയുമ്പോള്‍ വല്ലാത്തൊരു ഗൃഹാതുരതയോടെ ഞാന്‍ ഏകദേശം നാല്പതു വര്‍ഷങ്ങള്‍ക് മുമ്പുള്ള
ആ അപ്പര്‍ പ്രൈമറി സ്കൂള്‍ ജീവിത കാലത്തെകുറിച്ചാണ് ഓര്‍ക്കുന്നത്...ആയിരത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന നാട്ടിന്‍പുറത്തെ ആ കലാലയത്തില്‍ ഒരു വിധം
നന്നായി പാടുന്നവര്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ്... അതില്‍ മികച്ച രണ്ടു മൂന്ന് പെണ്‍കുട്ടികള്‍ അസ്സംബ്ലി കൂടുമ്പോള്‍ പ്രാര്‍ത്ഥനാ ഗാനം
പാടുന്ന കോറസ്സ് ടീമില്‍ ഇടം നേടും...എന്നും അസ്സംബ്ലി കൂടുമ്പോള്‍ അവര്‍ ഒരുമിച്ചു ആലപിക്കുന്ന ഈശ്വരപ്രാര്‍ത്ഥന കേട്ട് ഞങ്ങളില്‍ ചിലര്‍ അത്ഭുതത്തോടെ നില്കും...
ആഹാരം പോലും കൃത്യമായി ലഭിക്കാത്ത ആ കുട്ടികള്‍ക്ക് അന്ന് പാട്ട് പഠിക്കാന്‍ പോകുന്നതിനെ കുറിച്ച് ആലോചിക്കാന്‍ പോലും ആവില്ലായിരുന്നു...
ജന്മസിദ്ധമായ വാസന കൊണ്ട് മാത്രം ഗായകരായ ആ കുട്ടികളുടെ അന്നത്തെ പാട്ടുകള്‍ ഇന്ന് സ്റാര്‍ സിങ്ങറില്‍ പാടുന്നവരെക്കാള്‍ എത്രയോ മികച്ചതായിരുന്നു...
നാട്ടിന്‍പുറത്തെ ഓല മേഞ്ഞ നാലാം ക്ലാസ് തീയേറ്ററില്‍ വല്ലപ്പോഴും കാണാന്‍ കഴിയുന്ന സിനിമകളാണ് അന്ന് പാട്ട് കേള്‍ക്കാനുള്ള ഏക മാര്‍ഗം.
ഇന്ന് സുലഭമായി കാണുന്ന radio അന്ന് പഞ്ചായത്തില്‍ തന്നെ വിരലില്‍ എണ്ണാവുന്നതു മാത്രവും... പാട്ടുകള്‍ കേട്ട് പഠിക്കാനുള്ള അവസരം പോലും
അപൂര്‍വമായിരുന്ന അക്കാലത്ത് ഞങ്ങളുടെ സ്കൂളിലെ കമലൂസും മാത്തപ്പനും ബാബുവും റാണിയുമെല്ലാം മനോഹരമായി സ്റ്റേജില്‍ നിന്ന് ഗാനങ്ങള്‍ ആലപിക്കുമായിരുന്നു..
(ഇതില്‍ കമലൂസിന്റെ ഫീമെയില്‍ പാട്ടുകള്‍ ടീച്ചര്‍മാര്‍ ഉള്‍പ്പെടെ ഞങ്ങള്‍ കയ്യടിച്ചു പ്രോല്സാഹിപ്പിക്കുമായിരുന്നു...... ജാനകിയമ്മയുടെയും സുശീലാമ്മയുടെയും ഗാനങ്ങള്‍
അത്രയും മനോഹരമായി തന്നെ കമലൂസ് പാടിയിരുന്നു...) പാട്ടുകള്‍ ഇഷ്ടപ്പെടുകയും പാട്ടുകാരെ സ്നേഹിക്കുകയും എന്നാല്‍ പാട്ട് പാടുന്നതില്‍ വലിയ പ്രാവീണ്യം ഇല്ലായിരുന്ന ഞങ്ങളില്‍ ചിലര്‍ ഈ പാട്ടുകാരുടെ സില്‍ബന്ധികളായി അവരുടെ കൂടെ കൂടും. സ്റ്റേജില്‍ പാടുക എന്നത് അന്നത്തെ വലിയ ആശയായിരുന്നു...ഒടുവില്‍ ആ ആഗ്രഹം സഫലമായത് മാത്തപ്പന്‍ഒരു സമൂഹ ഗാന മത്സരത്തില്‍ ഞങ്ങളെ രണ്ടു മൂന്ന് പേരെ ഉള്‍പ്പെടുത്തിയപ്പോഴാണ്... സ്റ്റേജില്‍ പിന്നില്‍ നിന്ന് പാടുമ്പോഴും എന്റെ മുട്ടുകാല്‍ കൂട്ടിയിടിക്കുന്നുണ്ടായിരുന്നു...ആ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയതിനു കിട്ടിയ ചില്ല് ഗ്ലാസ് കുറെ നാള്‍ സൂക്ഷിച്ചു വച്ചിരുന്നു.(പിന്നീടെപ്പോഴോ അത് നിലത്തു വീണു ടഞ്ഞുപോയി)
Tuesday, March 8, 2011
അരുണ ഷാന്ബാഗ്
പ്രിയ സുഹുര്തുക്കളെ
ഇന്ന് മാര്‍ച് എട്ട് -- അന്താരാഷ്‌ട്ര വനിതാ ദിനം....
ഏറെ പ്രതീക്ഷകള്‍ മാനവ സമൂഹത്തിനു സമ്മാനിച്ചുകൊണ്ടാണ് ഇന്നത്തെ പ്രഭാതം മിഴി തുറന്നത് ...
ഇനിയും അസ്തമിച്ചിട്ടില്ലാത്ത മനുഷ്യ സ്നേഹത്തിന്റെയും ആര്‍ദ്രതയുടെയും പൊന്‍ കിരണങ്ങള്‍ മുഴുവന്‍ മനുഷ്യരാശിക്കുമേല്‍ ചൊരിഞ്ഞുകൊണ്ട്....
ഏകദേശം നാല് പതിറ്റാണ്ടായി ജീവച്ഛവമായി മുംബയിലെ കിംഗ് Edward മെമ്മോറിയല്‍ ആശുപത്രിയില്‍ കഴിയുന്ന അരുണ ഷാന്ബാഗ് എന്ന ഷിമോഗ സ്വദേശിനിയെ ദയാ വധത്തിനു വിധേയമാക്കണമെന്ന സുഹുര്‍ത്തും എഴുത്തുകാരിയുമായ പിങ്കി വിരാനിയുടെ അപേക്ഷ തള്ളികൊണ്ട് സുപ്രീം കോടതി വിധി പ്രസ്താവിച്ചിരിക്കുന്നു...
വിധിയുടെ സാങ്കേതികത്വതെ വിശകലനം ചെയ്യുകയല്ല ഇവിടെ...എന്നാല്‍ കഴിഞ്ഞ മുപ്പത്തിയേഴ് വര്‍ഷക്കാലം സ്വന്തം സഹോദരിയെ പരിചരിക്കുന്നതു പോലെ അരുണയെ ശുശ്രൂഷിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന കെ ഇ എം ഹോസ്പിടലിലെ നൂറുകണക്കിന് നഴ്സുമാര്‍ വിധിയില്‍ ആഹ്ലാദം പ്രകടിപ്പിച്ചു മധുരം വിതരണം ചെയ്തുകൊണ്ട് പറഞ്ഞു: അരുണയെ ഞങ്ങള്‍ മരണത്തിനു വിട്ടുകൊടുക്കില്ല...സ്വാഭാവിക മരണം സംഭവിക്കുന്നത് വരെ ഞങ്ങള്‍ അവരെ പോന്നു പോലെ സംരക്ഷിക്കും...
മുംബയില്‍ നഴ്സായിരിക്കെ അറിയപ്പെടുന്ന ഒരു ക്രിമിനലിന്റെ ബലാത്സംഗ ശ്രമത്തിനിടെ നായചങ്ങല കൊണ്ട് കഴുത്ത് മുറുകി തലച്ചോറിലേക്കുള്ള രക്തസ്രാവം നിലച്ചാണ് അരുണ കോമ സ്റ്റേജില്‍ എത്തിയത്...ഇപ്പോള്‍ അറുപതു വയസ്സായി...കാഴ്ചയും കേള്‍വിശക്തിയും നഷ്ടമായി...ദ്രവ രൂപത്തിലുള്ള ആഹാരം മാത്രം....മീന്‍ കറി അല്ലെങ്കില്‍ താറാവ്ഇറച്ചി കുഴച്ച ചോറ് നാവില്‍ വച്ചാല്‍ സന്തോഷത്തോടെ ചെറിയ പ്രതികരണം...സ്പര്‍ശനത്തോടും ചെറുതായി പ്രതികരിക്കും... ആദ്യകാലത്ത് അരുണയുടെ കാമുകന്‍ നിത്യേന ഹോസ്പിറ്റലില്‍ സന്ദര്‍ശനം നടത്തിയിരുന്നു...പിന്നീട് അയാള്‍ വരാതെയായി...ഇപ്പോള്‍ കെ ഇ എം ഹോസ്പിറ്റലിലെ ജീവനക്കാരുടെ കാരുണ്യം നുകര്‍ന്ന് ആശുപത്രി കിടക്കയില്‍...പുതിയ ഡീന്‍ ചാര്‍ജ് എടുത്തപ്പോള്‍ അനുഗ്രഹം വാങ്ങാന്‍ ആദ്യം എത്തിയത് അരുണയുടെ അടുത്താണ്...ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ നൂറുകണക്കിന് ജീവനക്കാര്‍ അരുണയെ മരണത്തിനു വിട്ടുകൊടുക്കില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചു അവരെ നെഞ്ചേറ്റി ലാളിക്കിന്നു....
മനുഷ്യത്വം നീണാള്‍ വാഴട്ടെ....
Saturday, February 12, 2011
ഭക്തിയോ? ഭ്രാന്തോ?
ഭക്തിയോ? ഭ്രാന്തോ?
ഇളയച്ഛന്റെ വീട് ചോറ്റാനിക്കര ക്ഷേത്രത്തിന്റെ തൊട്ടടുത്തായിരുന്നു....തീരദേശ ജില്ലയില്‍പെട്ട അരൂര് നിന്നും മലനാട്ടിലേക്കുള്ള യാത്ര ആനന്ദകരമായിരുന്നു...വേനല്‍കാലത്ത് സ്കൂള്‍ അവധി ആരംഭിക്കുമ്പോള്‍ മനസ്സ് കൊതിക്കുന്നത് അങ്ങോട്ടേക്കുള്ള യാത്രക്ക് വേണ്ടി മാത്രമാണ്...എന്നേക്കാള്‍ ആറു മാസം പ്രായ കുറവുള്ള ഇളയച്ഛന്റെ മകനും ഞാനും കൂടിയാല്‍ പിന്നെ ഉത്സവം പോലെയാണ്...ഒന്ന് രണ്ടാഴ്ച തിമിര്‍ത്തു ആഘോഷിച്ചു മടങ്ങുമ്പോള്‍ സങ്കടം തോന്നാറുണ്ട്...ബാല്യത്തിന്റെ ഗൃഹാതുരമായ ഓര്‍മകളില്‍ ഇന്നും ആ ചോറ്റാനിക്കര ക്ഷേത്രവും അതിന്റെ ഗ്രാമാന്തരീക്ഷവും പച്ചയായി മനസ്സിലലിഞ്ഞു ചേര്‍ന്നിരിക്കുന്നു...
അത്തരം ഒരു വേനലവധിക്കാലം...ക്ഷേത്രത്തിലെ കീഴ്ക്കാവില്‍ വെള്ളിയാഴ്ച അര്‍ദ്ധ രാത്രിയാണ് കുരുതി പൂജയെന്ന ചടങ്ങ്...വിവിധങ്ങളായ മാനസിക രോഗങ്ങള്‍ക് അടിപ്പെട്ടു വിഭ്രാന്തികള്‍ക്ക് വിധേയരായി ക്ഷേത്രത്തില്‍ ഭജനയിരിക്കുന്ന ഭക്തര്‍ക്ക് രോഗമോക്ഷത്തിനു നടത്തുന്ന പ്രത്യേക പൂജയാണ് കുരുതി പൂജ...കൂടുതലും യുവതികളായിരിക്കും ഈ ചടങ്ങില്‍ പങ്കെടുക്കുന്നത്. വെള്ളിയാഴ്ച അര്‍ദ്ധ രാത്രി കീഴ്ക്കാവ് ക്ഷേത്ര നട തുറക്കുമ്പോള്‍ ക്ഷേത്രകുളത്തില്‍ കുളിച്ചു ഈറന്‍ വസ്ത്രവുമായി യുവതികള്‍ നടയ്ക് മുമ്പിലെ വലിയ ആല്‍മരത്തില്‍ തറച്ച നീളം കൂടിയ ഇരുംപാണികളില്‍ ഭ്രാന്തമായ ആവേശത്തോടെ തല കൊണ്ട് ആഞ്ഞിടിക്കുന്നത് കണ്ടു വിറച്ചു നിന്ന് പോയി....ആ സമയത്തെ ആസുരമായ വാദ്യ ഘോഷങ്ങളും മണി കിലുക്കവും ഒക്കെ ചേര്‍ന്നു തണുത്തുറഞ്ഞ അന്തരീക്ഷത്തിലും ഭയം കൊണ്ട് വിയര്‍പ്പു പൊടിഞ്ഞു...കൂറ്റന്‍ ആല്‍മരത്തില്‍ ചുറ്റിലും അഞ്ചടി പൊക്കത്തില്‍ പരിച പോലെ നിറയെ നാലിഞ്ചു നീളമുള്ള ആണികള്‍...ചിലര്‍ രണ്ടു കൈകള്‍ കൊണ്ട് മരത്തില്‍ പൊത്തിപിടിച്ച് നെറ്റി കൊണ്ട് ഊക്കോടെ ആണിയില്‍ ആഞ്ഞിടിക്കുമ്പോള്‍ രക്തം ചീറ്റുന്നു...തളര്‍ന്നു വീഴുന്ന ചില യുവതികളുടെ ചോരയൊലിക്കുന്ന മുഖത്തേക്ക് രക്ഷകര്താക്കള്‍ മഞ്ഞള്‍പ്പൊടി വാരിപ്പൊത്തുന്നു.....ക്ഷേത്രത്തിലെ പ്രസാദമായ കുരുതി തീര്‍ത്ഥം(ഇതിനും രക്ത നിറമാണ്) ബലമായി വീണ്‌കിടക്കുന്നവരുടെ വായില്‍ ഒഴിച്ച് കൊടുക്കുന്നു.. ഭയം കൊണ്ട് തല ചുറ്റുന്നു.... എന്താണിത്....ഈശ്വരാ...ഭക്തിയോ - ഭ്രാന്തോ? ഇളയച്ഛന്റെ മകന്റെ കൈ പിടിച്ചു വലിച്ചു പുറത്തേക്കു വേഗം നടന്നു...ഇന്നും അന്ധമായ അനാചാരങ്ങളെ ചോദ്യം ചെയ്യാന്‍ ആന്മബലം നല്‍കുന്നത് ബാല്യത്തില്‍ മനസ്സിനെ വേട്ടയാടിയ ഈ കാഴ്ചയാണ് - അന്ന് മനസ്സിനേറ്റ ആഘാതവും..
Subscribe to:
Posts (Atom)








